പാലക്കാട്- കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലനെതിരെ ഫെയ്‌സ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തൃത്താല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസിന് മുന്നിലെ ബോര്‍ഡും പുറത്ത് സ്ഥാപിച്ച മൂന്ന് എ.സികളും അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ കരി ഓയില്‍ പ്രയോഗവും നടത്തി.
വൈകീട്ട് ആറോടെയായിരുന്നു സംഭവം. 200 ഓളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് വി.പി.റജീന ഉദ്ഘാടനം ചെയ്തു. ഓഫീസിന് 50 മീറ്റര്‍ അകലെ മാര്‍ച്ച് പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പോലീസ് ലാത്തി വീശി. സംഭവത്തില്‍ തൃത്താല പോലീസ് കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ചും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറരയോടെ തൃത്താല-എടപ്പാള്‍ റോഡ് ഗവ. റസ്റ്റ് ഹൗസിന് സമീപം മുക്കാല്‍ മണിക്കൂര്‍ ഉപരോധിച്ചു.
പ്രദേശത്തെ സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും നിലവില്‍ എം.എല്‍.എയുടെ ഓഫീസിനും വീടിനും സി.പി.എമ്മിന്റെ ഓഫീസിനും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.