ന്യൂദല്‍ഹി- രമേശ് ചെന്നിത്തലക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയോട് അതൃപ്തി തുറന്നുപറഞ്ഞ് ഉമ്മന്‍ ചാണ്ടിയും. നേതൃമാറ്റം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്താമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണെന്ന പൊതു അഭിപ്രായവും അദ്ദേഹം തള്ളി.
അനാവശ്യ വിവാദങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ എതിരാളികളാണെന്ന തോന്നലുണ്ടാക്കിയെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരുപതു മിനുട്ടാണ് ഉമ്മന്‍ചാണ്ടി- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നീണ്ടത്.
നേതൃമാറ്റത്തിന് ചുമതല ഏല്‍പിച്ച നേതാക്കളോട് വിയോജിപ്പില്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കങ്ങളുടെ രീതികളിലാണ് വിയോജിപ്പെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.
രമേശ് ചെന്നിത്തലയും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. എ, ഐ ഗ്രൂപ്പുകളുടെ നേതൃത്വം ഒരേ നിലപാട് സ്വീകരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമല്ലെന്നും കോവിഡ് അടക്കമുള്ള സാഹചര്യം പ്രതികൂലമായതാണെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായവും ശ്രദ്ധേയമാണ്.