കൊച്ചി- ഒരു ദിവസത്തെ സന്ദര്‍ശനത്തിനു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. കൊച്ചി ഷിപ് യാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തദ്ദേശീയമായി വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന വാഹിനി യുദ്ധകപ്പലിന്റെ നിര്‍മ്മാണ പുരോഗതി മനസ്സിലാക്കുക എന്നതാണ് പ്രതിരോധ മന്ത്രിയുടെ പ്രധാന സന്ദര്‍ശന ഉദ്ദേശം. കമ്മീഷന്‍ ചെയ്തു കഴിഞ്ഞാല്‍ ഐ എന്‍ എസ് വിക്രാന്ത് എന്ന് കപ്പലിനു പേരിടും. ചീഫ് ഒഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ കരംഭീര്‍ സിംഗ് മന്ത്രിയെ അനുഗമിക്കും.
നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തിലിരിക്കുന്ന വിമാനവാഹിനി ഈ വരുന്ന മാസങ്ങളില്‍ കടലില്‍ പരീക്ഷണയോട്ടം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ നേവിയുടെ തന്നെ ഡയറക്ടറേറ്റ് ഒഫ് നേവല്‍ ഡിസൈന്‍ രൂപകല്‍്പന നടത്തിയ കപ്പല്‍ പൂര്‍ണമായും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലാണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ നീറ്റിലിറക്കിയ കപ്പലിന്റെ യന്ത്രസംവിധാനങ്ങള്‍ എല്ലാം പരീക്ഷിച്ചു കഴിഞ്ഞു.
ഷിപ്പ് യാര്‍ഡ് സന്ദര്‍ശിച്ച ശേഷം പ്രതിരോധ മന്ത്രി ദക്ഷിണ നേവല്‍ കമാന്‍ഡും സന്ദര്‍ശിക്കും. നാവികര്‍ക്ക് നിലവില്‍ നല്‍കുന്ന ചില പ്രധാന പരിശീലനങ്ങളും യുദ്ധമുറകളും മന്ത്രി നേരില്‍ കണ്ട് മനസ്സിലാക്കും. കര്‍ണാടകയിലെ കര്‍വാറിലുള്ള നാവിക ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ശേഷമാണ് മന്ത്രി കൊച്ചിയിലെത്തിയത്.