കണ്ണൂർ- കരിപ്പൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിന്റെ മാസ്റ്റർ പ്ലാൻ വിശദീകരിക്കുന്ന വാട്‌സാപ്പ് ശബ്ദസന്ദേശം പുറത്ത്. പോലീസ് തിരയുന്ന അർജുൻ ആയങ്കിയുടെ പങ്ക് സംഭാഷണങ്ങളിൽ വ്യക്തമാണ്. സ്വർണം കടത്തേണ്ട രീതിയും കൈമാറേണ്ടത് ആർക്കാണെന്ന വിവരവും ശബ്ദരേഖയിൽ വിശദീകരിക്കുന്നു.
ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങളാണ് ശബ്ദരേഖയിലുള്ളത്. കബളിപ്പിച്ചാൽ ജീവിക്കാനനുവദിക്കില്ല. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല തുടയങ്ങിയ ഭീഷണിയാണ് ഉയർത്തുന്നത്. മാഹിയിലേയും പാനൂരിലേയും പാർട്ടിക്കാർ തനിക്ക് പിറകിലുണ്ടെന്നും അവകാശവാദമുണ്ട്. രണ്ടു മണിക്കൂർ വിമാനത്താവളത്തിൽ കാത്തു നിന്നിട്ടും പറ്റിച്ചു എന്ന പരാമർശവും ശബ്ദരേഖയിലുണ്ട്. ഈമാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു. കസ്റ്റംസ് പ്രിവൻറീവ് വിഭാഗമാണ് നോട്ടിസ് നൽകിയത്.
സ്വർണം എങ്ങനെ കൊണ്ടുവരണം, എവിടെ വെച്ച് കൊണ്ടുവരണം, ആര് നിങ്ങൾക്കു തരും, മദ്യപിക്കരുത്, ശ്രദ്ധയോടെ ഇരിക്കണം, മറ്റുള്ളവരുടെ കോളുകൾ എടുക്കരുത് അങ്ങനെ നിരവധി നിർദേശങ്ങളാണ് ഫസൽ എന്നയാൾ സക്കീറിന് നൽകുന്നത്. ഫസൽ എന്നയാൾ സക്കീറിന് സ്വർണവും വിമാന ടിക്കറ്റും എത്തിച്ചു നൽകും. ദുബായ് വിമാനത്താവളത്തിന്റെ പരിസരത്ത് എത്താനാണ് നിർദേശം നൽകുന്നത്.
സക്കീർ സ്വർണവുമായി ദുബായിൽനിന്ന് വരുമ്പോൾ, ഇവിടെ കണ്ണൂരിൽ അതുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരുക്കങ്ങളാണ് രണ്ടാമത്തേത്. യഥാർഥത്തിൽ നസീർ എന്നൊരാൾക്കു വേണ്ടിയോ മഹ്മൂദ് എന്നൊരാൾക്കു വേണ്ടിയോ ആണ് ഈ സ്വർണം കൊണ്ടുവരുന്നത്. എന്നാൽ നസീറിനോ മഹ്മൂദിനോ കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കാനാണ് അർജുൻ ആയങ്കിയും സംഘവും പദ്ധതിയിടുന്നത്. ഇത്തരത്തിൽ സ്വർണം അടിച്ചുമാറ്റുന്നതിന് 'പൊട്ടിക്കൽ ' എന്നാണ് ഇവർക്കിടയിൽ പറയുന്നത്.
ദുബായിൽനിന്ന് സ്വർണം കൊണ്ടുവരുന്ന കാര്യം ഇവിടെ ചോരുന്നു. കൊണ്ടുവരുന്ന ആൾ ആരാണ്, ഏത് വിമാനത്തിൽ ഇവിടെ എത്തും, ആർക്കു വേണ്ടി കൊണ്ടുവരുന്നു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ചോർത്തുന്നു. ആർക്കു വേണ്ടിയാണോ കൊണ്ടുവരുന്നത് ആ ചെറുസംഘങ്ങളെ മറികടന്ന് സ്വർണം തട്ടിയെടുക്കുന്ന വലിയ ആസൂത്രണമാണ് ശബ്ദരേഖയിലുള്ളത്.