കൊച്ചി- ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷണത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സി.ബി.ഐ. അതിനിടെ, പ്രതിപ്പട്ടികയിലുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടാനുള്ള നടപടികളുമായി അഭിഭാഷകരെ കണ്ടു. ദൽഹി പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല.
കേസന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ തുടർ നടപടികളിലേക്ക് സി.ബി.ഐ എളുപ്പം പ്രവേശിക്കും. ഇതിന്റെ ഭാഗമായി പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരെ സി.ബി.ഐ വിളിപ്പിച്ചേക്കും. ഓൺലൈനിലാണ് സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചത്.
അതിനിടെ, പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത് മനഃപൂർവമാണെന്നു കാണിച്ച് ആർ.ബി. ശ്രീകുമാർ അടക്കം രംഗത്തെത്തി. ഗുജറാത്ത് ഡി.ജി.പിയായിരുന്ന കാലം മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ നോട്ടപ്പുള്ളിയാണെന്നും ഇതാണ് ഇപ്പോൾ പ്രതിപട്ടികയിൽ ഉൾപ്പെടാൻ കാരണമെന്നും പറയുന്നു.
രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ.എസ്.ആർ.ഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോഗസ്ഥരുടെ ഗൂഢാലോചനാ കേസിൽ 18 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് സിബിഐ കേസെടുത്തത്. കേസ് അന്വേഷിച്ച സിബിഐ ദൽഹി യൂണിറ്റ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ വ്യാഴാഴ്ച എഫ്‌ഐആർ സമർപ്പിച്ചു. മുൻ ഡിഐജി സിബി മാത്യൂസ് സ്‌പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്‌പെക്ടർ എസ്.വിജയൻ, കേസ് അന്വേഷിച്ച വഞ്ചിയൂർ എസ്‌ഐ തമ്പി. എസ് ദുർഗാ ദത്ത്, സിറ്റി പോലീസ് കമ്മീഷണർ വി.ആർ.രാജീവൻ, ഡിവൈ.എസ്.പി കെ.കെ. ജോഷ്വ , സ്‌റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ, സ്‌റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ വി.കെ.മായിനി, സിബിസിഐഡി എസ.്‌ഐ.എസ്. ജോഗേഷ്, ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, അസിസ്റ്റന്റ് ഡയറക്ടർ സി.ആർ.ആർ.നായർ, ഐ.ബി ഉദ്യോഗസ്ഥരായ ജി.എസ്. നായർ, കെ.വി. തോമസ്, ടി. എസ്. ജയപ്രകാശ് , െ്രെകംബ്രാഞ്ച് നർക്കോട്ടിക് സെൽ എസ്.പി. ജി. ബാബുരാജ് ജോയിന്റ് ഡയറക്ടർ മാത്യുജോൺ, ജോൺ പുന്നൻ, ബേബി, ഡിന്റ മത്യാസ്, എന്നിവരെ പ്രതിചേർത്താണ് സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചത്. മുൻ സിഐ വിജയനാണ് ഒന്നാം പ്രതി. ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതിയാണ് സിബിഐയ്ക്ക് നിർദ്ദേശം നൽകിയത്.
എഫ്‌ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്.