Sorry, you need to enable JavaScript to visit this website.

ചുവടുതെറ്റി ഒപ്പനവേദി

തൃശൂർ- ഏതു സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെയും ഗ്ലാമർ ഇനമായ ഒപ്പനവേദിയെക്കുറിച്ച് പരാതിപ്രളയം. ഹോളി ഫാമിലി സ്‌കൂളിലെ രാജമല്ലി  വേദിയിലായിരുന്നു ഇക്കുറി ഒപ്പന മത്സരം അരങ്ങേറിയത്. മുൻകലോത്സവങ്ങളിലെല്ലാം ഒപ്പന അരങ്ങേറിയിരുന്നത് പ്രധാനവേദിയിൽ തന്നെയായിരുന്നു. ഒന്നാം വേദിയിൽ നിന്ന് പുറംതള്ളപ്പെട്ട ഒപ്പനയ്ക്ക് ഇത്തവണ കിട്ടിയ വേദിയുടെ വലിപ്പക്കുറവും ശബ്ദക്രമീകരണങ്ങളിലെ താളപ്പിഴകളും കുട്ടികളെയും കാണികളേയും ഒരേപോലെ നിരാശപ്പെടുത്തി. ചാടിയാടി വേദി നിറഞ്ഞാണ് ഒപ്പന കളിക്കുക. വേദിയിൽ കലോത്സവ ബാനർ മുന്നിലേയ്ക്ക് നീട്ടി കെട്ടിയതോടെ ഉള്ള സ്ഥലവും ഇല്ലാതായെന്ന് മത്സരാർത്ഥികൾ പരാതിപ്പെട്ടു. വേദിയുടെ നിലത്തിനെക്കുറിച്ചും ആക്ഷേപമുണ്ട്. കുണ്ടും കുഴിയും നിറഞ്ഞതായിരുന്നു വേദിയെന്നാണ് കണ്ണൂരിൽ നിന്നുള്ള മത്സരാർത്ഥികൾ പറഞ്ഞത്. നിലത്ത് കാർപ്പറ്റ് വിരിച്ചതോടെ ചാടിക്കളിക്കാനും കഴിയാതായി. മണ്ണ് നിറച്ചാണ് സംഘാടകർ കുഴിയടച്ചത്. 
ചവിട്ടുനാടക മത്സരം നടന്ന വേദിയെക്കുറിച്ചും ആക്ഷേപമുണ്ടായി. പലകയടിച്ച വേദി കിട്ടിയില്ലെന്നാണ് ആക്ഷേപം.

പതിവു തെറ്റിയില്ല മത്സരങ്ങൾ തുടങ്ങാൻ വൈകി

തൃശൂർ- അനിശ്ചിതമായി വൈകിയ മത്സരങ്ങൾ ആദ്യദിനത്തിൽ തന്നെ മത്സരാർത്ഥികളെ അസ്വസ്ഥരാക്കി. ആകെയുള്ള 24 ൽ 21 വേദികളിലാണ് ഇന്നലെ മത്സരങ്ങൾ നടന്നത്. പ്രധാനവേദിയിൽ രാവിലെ ഒമ്പതിന് നടക്കുമെന്നറിയിച്ചിരുന്ന ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത് പതിനൊന്നിന്. ഒന്നര മണിക്കൂറിലേറെ നീണ്ട ഉദ്ഘാടനച്ചടങ്ങിനൊടുവിൽ നീർമാതള വേദിയിൽ 12.30 പിന്നിട്ടപ്പോഴാണ് മത്സരങ്ങൾ തുടങ്ങിയത്. മൂന്നാമത്തെ വേദിയിൽ നീലക്കുറിഞ്ഞിയിൽ രാവിലെ പത്തിന് തുടങ്ങാനിരുന്ന ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടം തുടങ്ങിയത് പതിനൊന്നരയ്ക്ക്. മറ്റ് വേദികളിലും ഇതേ അവസ്ഥയായിരുന്നു. ഒരു മണിക്കൂറിലേറെ വൈകിയാണ് ചിത്രരചന, നാടൻപാട്ട്, കഥകളി സംഗീതം തുടങ്ങിയവ ആരംഭിച്ചത്. പ്രധാനവേദിയിൽ കാണികൾ ഉണ്ടായിരുന്നെങ്കിലും മറ്റ് വേദികൾ ശനിയാഴ്ച്ചയായിട്ടും ഒഴിഞ്ഞുകിടന്നു. 234 ഇനങ്ങളിലായി 8954 മത്സരാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. 

ആദ്യ ഫലം അറബിക് കലോത്സവത്തിൽ
തൃശൂർ- സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യഫലം പുറത്തുവന്നത് അറബിക് കലോത്സവത്തിൽ. അറബിക് കലോത്സവത്തിന്റെ മോണോ ആക്ട് ഫലപ്രഖ്യാപനമാണ് ആദ്യം പുറത്തുവന്നത്. 14 വിദ്യാർഥികൾ മത്സരിച്ചതിൽ 12 പേർ എ ഗ്രേഡ് കരസ്ഥമാക്കി.

സ്വാഗത ഗാനത്തിലും പരാതി
തൃശൂർ- സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തെ ചൊല്ലി പരാതി. കലോത്സവത്തിൽ സ്വാഗതഗാനം ആലപിക്കുകയെന്ന സംഗീതാധ്യാപകരുടെ അവകാശം സ്വാഗതസംഘം കമ്മിറ്റി കവർന്നെടുത്തുവെന്നാണ് ആക്ഷേപം. 
58-ാം കലോത്സവത്തെ പ്രതിനിധീകരിച്ച് 58 സംഗീതാധ്യാപകരായിരുന്നു സ്വാഗതഗാനം ആലപിക്കേണ്ടിയിരുന്നത്. മുൻകാലങ്ങളിലെല്ലാം ഇതായിരുന്നു രീതി. അതാത് ജില്ലയിൽ നിന്നുള്ള സംഗീത അധ്യാപകരെയാണ് ഇതിനായി നിയോഗിക്കുക. ഇന്നലെ സ്വാഗതഗാനത്തിന് മുമ്പായി നടത്തിയ അനൗൺസ്‌മെന്റിലും 58 സംഗീതാധ്യാപകരാണ് ഗാനം ആലപിക്കുകയെന്ന് പറഞ്ഞെങ്കിലും 20 സംഗീതാധ്യാപകർ മാത്രമാണ് സംഘത്തിൽ ഉൾപ്പെട്ടിരുന്നതത്രെ. കായികാധ്യാപകരും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരും മറ്റ് ചില നിക്ഷിപ്ത താത്പര്യക്കാരുമായിരുന്നു ബാക്കിയുള്ളവർ. സി.പി.ഐയ്ക്കാണ് റിസപ്ഷൻ കമ്മിറ്റിയുടെ ചുമതല. റിസപ്ഷൻ കമ്മിറ്റിയുടെ ആവശ്യമനുസരിച്ച് പത്ത് പേരെയും ഉൾപ്പെടുത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. മുരുകൻ കാട്ടാക്കട എഴുതിയ ഗാനം ഗായകൻ എം.ജി ശ്രീകുമാർ ആയിരുന്നു ചിട്ടപ്പെടുത്തിയത്. നേരത്തെ ശ്രീകുമാർ ആലപിച്ച ഗാനത്തിനൊത്തായിരുന്നു കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ ചുവടുവെച്ച് പരിശീലിച്ചതും. 

സാംസ്‌കാരിക ദാരിദ്ര്യം നീക്കം ചെയ്യേണ്ടത്  കുട്ടികളിലൂടെ -സി. രാധാകൃഷ്ണൻ

തൃശൂർ- സാംസ്‌കാരിക ദാരിദ്ര്യം നീക്കം ചെയ്യേണ്ടത് കുട്ടികളിലൂടെയാണെന്ന് സാഹിത്യകാരൻ സി. രാധാകൃഷ്ണൻ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായ സാംസ്‌കാരികോത്സവം തെക്കേ ഗോപുരനടയിലെ നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ മനുഷ്യവിഭവശേഷിയുടെ 99 ശതമാനവും വൃഥാവിലാവുന്ന അവസ്ഥയാണുള്ളത്. ഇതാണ് ലോകരാഷ്ട്രങ്ങളുടെ മുന്നിൽ എപ്പോഴും നാം പിറകിലായി പോകുന്നത്. മികച്ച സാംസ്‌കാരിക സംഭാവന ലോകത്തിന് നൽകാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള സാംസ്‌കാരിക ഉന്നമനത്തിലൂടെ ഇതിന് സാധിക്കണമെന്ന് സി. രാധാകൃഷ്ണൻ പറഞ്ഞു. 
യോഗത്തിൽ സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ അധ്യക്ഷത വഹിച്ചു. തൃശൂർ പെരുമയുടെ ഉദ്ഘാടനവും വിശിഷ്ട വ്യക്തികളെ ആദരിക്കലും മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിച്ചു. പത്മശ്രീ പെരുവനം കുട്ടൻ മാരാർ, ചിത്രൻ നമ്പൂതിരിപ്പാട്, ഡോ. എം.പി പരമേശ്വരൻ, കെ.പി.എ.സി ലളിത, സാറാ ജോസഫ്, പ്രൊഫ. കെ.പി ശങ്കരൻ, കലാമണ്ഡലം ക്ഷേമാവതി, പാർവ്വതി പവനൻ, ഡോ. എസ്.കെ വസന്തൻ, ദേവകി നിലയങ്ങോട്, സി.എൽ. ജോസ്, ഷൊർണ്ണൂർ കാർത്തികേയൻ തുടങ്ങിയവരെ ആദരിച്ചു. ഉപഹാര സമർപ്പണം പൊതുവിദ്യാഭ്യാസ വകുപ്പു ഡയറക്ടർ കെ.വി.മോഹൻകുമാറും സമ്മാനവിതരണം സാഹിത്യ അക്കാദമി പ്രസിഡണ്ട്  വൈശാഖനും നിർവഹിച്ചു. തൃശൂർ പെരുമയുടെ അവതരണം ചലച്ചിത്രതാരം ലിഷോയ് നിർവഹിച്ചു. തുടർന്ന് ഭാരതീയ നൃത്തരൂപങ്ങളായ കഥക്, ഒഡീസി, മണിപ്പൂരി എന്നിവയുടെ അവതരണവും നടന്നു.

Latest News