തിരുവനന്തപുരം- ഗാർഹിക പീഡനത്തെക്കുറിച്ചു പരാതിപ്പെട്ട സ്ത്രീയോടു മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സ്ത്രീകളോടുള്ള ഭരണകൂടത്തിന്റെ സമീപനമാണ് ജോസഫൈന്റെ പ്രതികരണത്തിലൂടെയാണ് വ്യക്തമാകുന്നത്. ജുഡീഷ്യൽ അധികാരമുള്ള കമ്മീഷന്റെ അധ്യക്ഷ പദവിയിലിരിക്കുന്ന വ്യക്തി എന്നതിനേക്കാൾ പാർട്ടി വിധേയ എന്ന നിലയിലാണ് പലപ്പോഴും ജോസഫൈൻ സംസാരിക്കുന്നത്. സമൂഹത്തിൽ വലിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ ആശ്രയമായി കാണുന്ന വനിതാ കമ്മീഷൻ എന്ന പൊതു സംവിധാനത്തെ തികഞ്ഞ നിരുത്തരവാദിത്തത്തോടെയാണ് ഇവർ കൈകാര്യം ചെയ്തത്. പരാതി ഉന്നയിച്ചവരോട് പോലീസ് സ്‌റ്റേഷനിൽ അറിയിക്കാത്തതിന് കുറ്റപ്പെടുത്തുകയും തുടർന്ന് അതിനെ ന്യായീകരിക്കുകയും ചെയ്ത സമീപനം തികച്ചും പ്രതിഷേധാർഹമാണ്. കൂടുതൽ പരാതികൾ കേൾക്കുന്നത് മാനസിക സമ്മർദം സൃഷ്ടിക്കുന്നുവെങ്കിൽ തൽസ്ഥാനത്തുനിന്ന് രാജിവെക്കാനാണ് ജോസഫൈൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.