കോഴിക്കോട്- പീഡനങ്ങൾക്ക് ഇരകളാവുന്നവരെ അപമാനിക്കുകയും ധാർഷ്ട്യത്തോടെ പെരുമാറുകയും ചെയ്യുന്ന എം.സി ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാർ ആവശ്യപ്പെട്ടു. ഗാർഹിക പീഡനം നേരിടുന്നവർക്ക് തൽസമയം പരാതി നൽകാനായി സ്വകാര്യ ചാനൽ നടത്തിയ പരിപാടിയിൽ ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട യുവതിയെ അപമാനിച്ച ജോസഫൈൻ സ്ത്രീ സമൂഹത്തിനാകെ അപമാനമാണ്. മുമ്പ് ഡോ. ഹാദിയ വിഷയത്തിലും വാളയാർ പെൺകുട്ടികൾ മരിച്ച സംഭവത്തിലും പാലത്തായി പീഡനക്കേസിലും തൃപ്പുണ്ണിത്തറയിലെ ഘർവാപസി കേന്ദ്രത്തിലെ പീഡനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇവർ സ്വീകരിച്ച നിലപാടുകൾ ഏറെ വിമർശനത്തിന് കാരണമായിരുന്നു. 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേൾക്കണമെങ്കിൽ നേരിട്ട് ഹാജരാകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ കേരളത്തിനാകെ നാണക്കേടുണ്ടാക്കുന്ന ജോസഫൈനെ ഇനിയും ആ പദവിയിൽ തുടരാൻ അനുവദിക്കരുതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.