Sorry, you need to enable JavaScript to visit this website.

പാർട്ടി ഓഫീസിൽ നിന്നും ലഭിച്ച ബ്യൂഗിളുമായെത്തി എ ഗ്രേഡ് നേടി

ബ്യൂഗിൾ പഠിപ്പിച്ചത് എം.എസ്.പി ക്യാമ്പിലെ ബാൻഡ് മാസ്റ്റർ
ഗുരു ജയവിവരമറിഞ്ഞത് ശബരിമല ഡ്യൂട്ടിക്കിടെ
ചോലക്കൽ വീട്ടിലെ മൂന്നാംതലമുറയ്ക്കും കലാകിരീടം

തൃശൂർ - മലപ്പുറത്തു നിന്നും തൃശൂരിലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വണ്ടി കയറുമ്പോൾ ചോലക്കൽ വീട്ടിൽ അഷ്‌റഫ്-ഷാഹിന ദമ്പതികളുടെ മകൾ അൻഷ ഷെറിന്റെ കയ്യിലൊരു ബ്യൂഗിളുണ്ടായിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മത്സരിച്ച് എ ഗ്രേഡു നേടുമ്പോൾ ഇവരുടെ വീട്ടിനടുത്തുള്ള സി.പി.എം പാർട്ടി ഓഫീസിലും ആഹ്ലാദം അലതല്ലുന്നു. കാരണം പാർട്ടി ഓഫീസിലുണ്ടായിരുന്ന ബ്യൂഗിളാണ് അൻഷയ്ക്ക് മത്സരിക്കാനായി കൊടുത്തുവിട്ടിരുന്നത്. 
അൻഷയെ ബ്യൂഗിൾ പഠിപ്പിച്ചതാകട്ടെ മലപ്പുറം എം.എസ്.പി ക്യാമ്പിലെ ബാൻഡ് മാസ്റ്റർ സോമനും. ഇപ്പോൾ ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സോമൻ ശബരിമലയിലാണ്. സന്നിധാനത്തു വെച്ചാണ് സോമൻ തന്റെ ശിഷ്യ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ബ്യൂഗിളിൽ എ ഗ്രേഡു നേടിയ വിവരമറിയുന്നത്.
മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറുമുറിയിൽ പാർട്ടി ഓഫീസിനടുത്താണ് ഇവരുടെ വീട്. പാർട്ടിക്ക് ബാൻഡ് സെറ്റുണ്ട്. അതിലെ ബ്യൂഗിളാണ് അൻഷയ്ക്ക് പാർട്ടി പ്രവർത്തകർ നൽകിയത്.  രണ്ടു വർഷമായി അൻഷ ബ്യൂഗിൾ പഠിക്കുന്നുണ്ട്. പോലീസിന്റെ ബാൻഡ് സെറ്റിലെ ട്യണുകളാണ് അൻഷ ബ്യൂഗിളിൽ വായിച്ചത്. സ്ലോ മാർച്ചിന്റെയും ക്വിക്ക് മാർച്ചിന്റെയും ട്യൂണുകൾ മനോഹരമായി അവതരിപ്പിച്ചാണ് അൻഷ എ ഗ്രേഡ് സ്വന്തമാക്കിയത്.
അൻഷയുടെ മൂത്ത സഹോദരി അഫീഫയും സഹോദരൻ ആഷിഫും മുൻപ് സംസ്ഥാന സ്‌കൂൾകലോത്സവത്തിൽ പങ്കെടുത്ത് ഗ്രേഡുകൾ നേടിയവരാണ്.

വൈദിക പഠനത്തിനിടയിലും ക്ലാരനെറ്റിൽ എ ഗ്രേഡ്
തൃശൂർ - പ്ലസ് ടു കംപ്യൂട്ടർ സയൻസിന്റെ പഠനത്തിരക്ക്, വൈദിക പഠനം ഇതിനെല്ലാമിടയിൽ ക്ലാരനെറ്റിൽ എ ഗ്രേഡ് നേടി മണ്ണുത്തി ഡോൺബോസ്‌കോ സ്‌കൂളിലെ വിദ്യാർത്ഥിയായ ജോസഫ് ജോർജ് തിളങ്ങി. 
ടൈറ്റാനിക് തീം സോംഗും സ്പാനിഷ് റോക്ക് ഗാനം ഡെസ്പാസിറ്റോയുമെല്ലാം ക്ലാരനെറ്റിൽ വായിച്ചാണ് ജോസഫ് ജോർജ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ക്ലാരനെറ്റ് വായനയിൽ എ ഗ്രേഡ് നേടിയത്.  ഡോൺബോസ്‌കോ സെമിനാരിയിലെ വൈദിക വിദ്യാർഥികൂടിയാണ്. ഇത്തവണത്തെ കലോത്സവത്തിൽ തൃശൂർ ജില്ലയ്ക്ക് ആദ്യപോയിന്റ് നേടിക്കൊടുത്തതിന്റെ ക്രെഡിറ്റും ജോസഫിനു സ്വന്തം. 
ക്ലാരനെറ്റ്, ബ്യൂഗിൾ എന്നീ സംഗീതോപകരണങ്ങൾക്കായി ഒറ്റമത്സരമാണ് നടത്തിയത്. മെലഡി വായിക്കാവുന്ന ക്ലാരനെറ്റും ബാന്റുമേളം പോലുള്ളവയ്ക്ക് ഉപയോഗിക്കുന്ന ബ്യൂഗിളും ഒന്നിച്ചുവന്നപ്പോൾ മത്സരം കടുത്തതായിരുന്നുവെന്ന് ജോസഫ് പറഞ്ഞു. 12 മത്സരാർഥികളാണ് മത്സരിക്കാനുണ്ടായിരുന്നത്. രണ്ടു വർഷമായി ക്ലാരനെറ്റ് പഠിക്കുന്ന ജോസഫ് കലോത്സവത്തിൽ മത്സരിക്കാനെത്തുന്നത് ഇതാദ്യം. ബംഗളുരുവിലുള്ള ഫാ. ഡോമനികും ഫാൻസി ആളൂരുമാണ് ക്ലാരനെറ്റിലെ ഗുരുക്കൾ. കണ്ണൂർ സ്വദേശിയായ ജോസഫ് ജോർജ് വൈദികപഠനത്തിന്റെ ഭാഗമായി രണ്ടു വർഷം മുമ്പാണ് തൃശൂരിലെത്തിയത്. കർഷകനായ കണ്ണൂർ നടയത്ത് ജോർജ്കുട്ടിയാണ് പിതാവ്. അമ്മ അഞ്ജന. മരിയ, എമിലിയൻ, ഡൊമിനിക് എന്നിവർ സഹോദരങ്ങളാണ്.

Latest News