Sorry, you need to enable JavaScript to visit this website.

മൺമറഞ്ഞ കലാകാരൻമാരേയും കലാഗുരുക്കളേയും ഓർമിച്ച്...

തൃശൂർ - സ്‌റ്റേറ്റ് മാപ്പിള കലാ ഇൻട്രക്ടേഴ്‌സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ഉമ്മർ പഴുവിൽ കലോത്സവ നഗരിയിൽ വെച്ച് കണ്ടപ്പോൾ കയ്യിൽ തന്ന നോട്ടീസിന് കണ്ണീരിന്റെ നനവുണ്ടായിരുന്നു. കലോത്സവ വേദികളിലെ നിറ സാന്നിധ്യമായിരുന്ന തൃശൂർ ജില്ലയിലെ മൺമറഞ്ഞ പരിശീലക-കലാകാരൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പച്ച നിറമുള്ള നോട്ടീസായിരുന്നു അത്. പ്രിയപ്പെട്ട അവരെ ഓർക്കാൻ വേണ്ടി ചെയ്തതാണെന്ന് ഉമ്മർ പഴുവിൽ പറഞ്ഞു. കഴിഞ്ഞ ജൂണിൽ വാഹനാപകടത്തിൽ മരിച്ച നൃത്താധ്യാപിക നിമിഷ അഷ്‌റഫ്, മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ലീലാമ്മ, അറബനമുട്ടിന്റെയും ദഫ്മുട്ടിന്റെയും അധ്യാപകനായിരുന്ന പരീത്ഗുരുക്കൾ പാടൂർ, തിരുവാതിരക്കളി കലാകാരി സാവിത്രി കെ നമ്പീശൻ, നൃത്താധ്യാപകൻ വടൂക്കര രവി മാസ്റ്റർ, മാപ്പിളപ്പാട്ടിന്റെ കുലപതിയായിരുന്ന കെ.ജി.സത്താർ, കലാഭവൻ മണി, മാപ്പിളകലാ ഗുരു പെരിഞ്ഞനം കൊറ്റംകുളം മൊയ്തുട്ടി മാസ്റ്റർ എന്നിവർക്കും ഓഖി ദുരന്തത്തിൽ മരണമടഞ്ഞവർക്കുമാണ് ആദരാഞ്ജലി അർപ്പിച്ചത്.
നിങ്ങൾ കലാകാരൻമാർ, നിങ്ങൾക്ക് മരണമില്ല, ഇപ്പോഴും ഞങ്ങളുടെ കൂടെ ജീവിക്കുന്നു എന്നും നോട്ടീസിൽ കുറിച്ചിട്ടുണ്ട്.

സി.ഡി വില്ലനായി 
തൃശൂർ -  പതിവു പോലെ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ  ഇത്തവണയും സി.ഡി വില്ലനായി.  പ്രധാന വേദിയായ നിർമാതളത്തിൽ ആരംഭിച്ച ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തിലാണ് സി.ഡി വില്ലനായത്. വയനാട് സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്‌കൂളിലെ ആൻപോൾ  മത്സരിച്ചപ്പോഴാണ് സി.ഡി നിന്നു പോയത്. ആദ്യമായാണ് ആൻ പോൾ സംസ്ഥാനതലത്തിൽ മത്സരിക്കുന്നതിന് എത്തുന്നത്. സി.ഡി നിന്നു പോയതിന് അധികൃതർക്കു വ്യക്തമായ ഉത്തരമില്ല. എന്തു തന്നെയായാലും  ആൻ പോളിനു വീണ്ടും അവസരം നൽകുന്നതിന് സംഘാടക സമിതി അനുമതി നൽകി. 

ഗൗരി ലങ്കേഷിന്റെ കഥയുമായി ഷംല
തൃശൂർ - പത്രപ്രവർത്തനം എന്ന ധാർമികതയുടെ പേരിൽ ജീവൻ നഷ്ടമായ ഗൗരി ലങ്കേഷിന്റെ കഥ പറഞ്ഞു ഹൈസ്‌കൂൾ വിഭാഗം അറബിക് മോണോ ആക്്ടിൽ കണ്ണൂർ പെരങ്ങത്തൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഷംല ഷെറിൻ എ ഗ്രേഡ് നേടി. കണ്ണൂർ വെങ്ങാളത്തിൽ അബ്ദുൽ നാസറിന്റെയും സുലൈഖയുടെയും മകളായ ഷംല ഇതു രണ്ടാം തവണയാണ് സംസ്ഥാന കലോത്സവത്തിനെത്തുന്നത്. ഗൗരി ലങ്കേഷിന്റെ മരണം ഷംല ഏറെ വികാരതീവ്രമായാണ് അവതരിപ്പിച്ചത്.

Latest News