തൃശൂർ- 58ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല. ഔദ്യോഗിക തിരക്കുകൾ കാരണം കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി തൃശൂരിലേക്ക് വരാത്തതെന്നാണ് മറ്റൊരു വിശദീകരണം. മുഖ്യമന്ത്രിക്കു പകരം സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.
മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കിയത് തൃശൂരിലുള്ള മന്ത്രിമാർ പോലും അവസാന നിമിഷമേ അറിഞ്ഞുള്ളു. കൊല്ലം ജില്ല സമ്മേളനവും ഔദ്യോഗിക തിരക്കുമാണ് തൃശൂരിലെത്താതിരിക്കാനുള്ള കാരണമെന്ന് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം തിരുവനന്തപുരം ബോണക്കാട്ടുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തൃശൂരിലെത്താതിരുന്നതിന് കാരണമെന്നും അഭ്യൂഹമുണ്ട്.
മുഖ്യമന്ത്രി എത്തുമെന്ന ധാരണയിൽ രാവിലെ നഗരത്തിലുടനീളവും പ്രധാന വേദിക്കരികിലും കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്താത്തതിൽ ജനപ്രതിനിധികളടക്കമുള്ളവർ എതിർപ്പും പ്രതിഷേധവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
സാധാരണയായി സംസ്ഥാന സ്‌കൂൾ കലോത്സവം പോലെ പ്രൗഢഗംഭീരമായ ഒരു പരിപാടി സംസ്ഥാന മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യാറുള്ളത്. എന്നാൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിമാർക്ക് സാധിക്കാതെ പോകുന്നത് ഇത് രണ്ടാം തവണയാണ്. 2012ൽ തൃശൂരിൽ നടന്ന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യേണ്ട അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു പകരം അന്ന്് ഉദ്ഘാടനം നിർവഹിച്ചത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീറായിരുന്നു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്താതെ പാർട്ടി വിമർശകരെ നേരിടാൻ കാരിരുമ്പ് മുഷ്ടിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ജില്ല സമ്മേളനത്തിലിരിക്കുന്നത് കേരളത്തിലെ കലാപ്രതിഭകളോടുള്ള അവഹേളനമാണെന്ന് മുൻ എം.എൽ.എയും തൃശൂർ ഡി.സി.സി പ്രസിഡന്റുമായ ടി.എൻ. പ്രതാപൻ കുറ്റപ്പെടുത്തി.
മുമ്പ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു. എന്നാൽ പിണറായി വിജയൻ പങ്കെടുക്കാതിരിക്കുന്നത് പാർട്ടി സമ്മേളനത്തിന് പോയിരിക്കുന്നതിനാലാണ്. കൊല്ലം കമ്മിറ്റിയിലെ വിഭാഗീയത ഇരുമ്പുമുഷ്ടി ഉപയോഗിച്ച് ഒതുക്കിത്തീർക്കാൻ മുഖ്യമന്ത്രി അധ്വാനിക്കുന്നത് മനസിലാക്കാം. എന്നാൽ അദ്ദേഹം വെറും പോളിറ്റ് ബ്യൂറോ മെംബർ മാത്രമല്ല. കേരളത്തിന്റെ മുഖ്യമന്ത്രികൂടിയാണ്. കേരളത്തിലെ കുരുന്നു കലാപ്രതിഭകളോട് ഒരു മുഖ്യമന്ത്രിയും ചെയ്യാൻ പാടില്ലാത്തതാണ് പിണറായി ചെയ്തിരിക്കുന്നത്. ദൽഹിയിൽ നിന്ന് എല്ലാ തിരക്കുകളും മാറ്റിവെച്ച് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയിട്ടുണ്ട്. കേരളത്തിലെ കലാകാരൻമാർ മുഖ്യമന്ത്രിക്ക് നൽകുന്ന ആദരവാണ് സംസ്ഥാനസ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയെന്നത്. അതാണ് മുഖ്യമന്ത്രി നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നും പ്രതാപൻ പറഞ്ഞു.
കലോത്സവത്തെ ആവിഷ്‌കാരത്തിന്റെ മഹോത്സവമാക്കണം -സ്പീക്കർ
തൃശൂർ- കലോത്സവങ്ങളെ ആവിഷ്‌കാരത്തിന്റെ മഹോത്സവമാക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയായ നീർമാതളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
കലോത്സവങ്ങളിൽ ഉയർന്നുവരുന്ന താരകങ്ങൾക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കണം. കലോത്സവവേദികളെ കലാപ്രതിഭകളെ കണ്ടവരുണ്ടോ എന്ന് ചോദിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇന്ന് മത്സരവേദിയിൽ നിന്നുദിക്കുന്ന നക്ഷത്രങ്ങൾ കലാലോകത്ത് ഉയർന്നുവരുന്നില്ല. ഈ അവസരത്തിൽ കലോത്സവ വേദിയിൽ നിന്നും വരുന്ന പ്രതിഭാശാലികളെ ഉൾപ്പെടുത്തി സർഗപ്രതിഭ ബാങ്ക് എന്ന ആശയത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി ചിന്തിക്കണമെന്നും സ്പീക്കർ പറഞ്ഞു.
ഗ്രേഡുവാങ്ങി ജീവിതത്തിന്റെ വഴിത്താരയിൽ എങ്ങോട്ടോ പോയ്മറയുന്നതിന് പകരം പുതിയൊരു മാറ്റം
കലയെ കമ്പോളത്തിലേക്ക് വിട്ടുകൊടുക്കാത്ത ഈ കലോത്സവ വേദിയിൽ നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക പ്രതിരോധത്തിന്റെ ഏറ്റവും ശക്തമായ സമ്മേളനമാണ് ഓരോ കലോത്സവങ്ങളും.
മനസുകളെ ആർദ്രമാക്കുകയും ചിന്തകളെ പ്രകോപിപ്പിക്കുകയും ഭാവങ്ങളിൽ സ്്‌നേഹം നിറയ്ക്കുകയും ചെയ്യുന്നതാണ് കല. കലയുടെ ഉത്സവവും കലയുടെ മത്സരവും തമ്മിലുള്ള വൈരുദ്ധ്യത്തെ ഇല്ലാതാക്കണം. ആവിഷ്‌കാരത്തിന്റെ മഹോത്സവമാക്കണമെന്നും സ്പീക്കർ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി എ.സി. മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി വി.എസ്. സുനിൽകുമാർ സ്വാഗതം ആശംസിച്ചു. മുഖ്യവേദിയുടെ പേരിലുള്ള നീർമാതാളതൈ നൽകിയാണ് ഉദ്ഘാടകനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കലോത്സവവേദിയിലേക്ക് സ്വാഗതം ചെയ്തത്. മുരുകൻ കാട്ടാക്കട എഴുതി എം.ജി. ശ്രീകുമാർ ഈണമിട്ട് 58 അദ്ധ്യാപകർ ആലപിച്ച സ്വാഗതഗാനവും അതിന്റെ നൃത്താവിഷ്‌ക്കാരവും കാണികൾക്ക് വിരുന്നായി. തുടർന്ന് പെരുവനം കുട്ടൻമാരാരുടെ മേൽനോട്ടത്തിൽ പെരുവനം ശങ്കരൻമാരാരുടെ അഷ്ടപദിയോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.
മേയർ അജിത ജയരാജൻ, എം.പിമാരായ സി.എൻ. ജയദേവൻ, പി.കെ ബിജു, സി.പി നാരായണൻ, ജില്ലയിലെ എം.എൽ.എമാരായ ബി.ഡി ദേവസി, കെ.വി. അബ്ദുൽ ഖാദർ, മുരളി പെരുനെല്ലി, ഗീതാ ഗോപി, അഡ്വ. കെ. രാജൻ, യു.ആർ. പ്രദീപ്, പ്രൊഫ. കെ.യു. അരുണൻ, ഇ.ടി. ടൈസൺ മാസ്റ്റർ, അഡ്വ. വി.ആർ. സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻമാരാർ, ഗായകൻ പി. ജയചന്ദ്രൻ, ജയരാജ് വാര്യർ, സൂര്യ കൃഷ്ണാമൂർത്തി, മൃദംഗ വിദ്വാൻ ചേർത്തല എ.കെ. രാമചന്ദ്രൻ, ജില്ലാ കലക്ടർ ഡോ. എ. കൗശിഗൻ, സബ് കലക്ടർ ഡോ. രേണുരാജ്, മറ്റ് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. സ്വാഗതഗാനമെഴുതിയ മുരുകൻ കാട്ടാക്കടയെ സ്പീക്കറും, സൂര്യ കൃഷ്ണാമൂർത്തിയെ വിദ്യഭ്യാസ മന്ത്രിയും ആദരിച്ചു. കലോത്സവ ലോഗോ രൂപകൽപന ചെയ്ത സൈമൺ പയ്യന്നൂരിനെ മന്ത്രി എ.സി. മൊയ്തീനും ആദ്യ കലോത്സവത്തിലെ മൃദംഗ വിജയി ചേർത്തല എ.കെ. രാമചന്ദ്രനെ മന്ത്രി വി.എസ്. സുനിൽകുമാറും ആദരിച്ചു. മെഗാ തിരുവാതിര ചിട്ടപ്പെടുത്തിയ മാലതി ജി. മേനോനെ മേയർ അജിത ജയരാജൻ ആദരിച്ചു. ശുചിത്വ മിഷന്റെ ഉപഹാരം വിദ്യാഭ്യാസ മന്ത്രി സ്പീക്കർക്ക് കൈമാറി. കലോത്സവ തപാൽ സ്റ്റാമ്പ് മന്ത്രി എ.സി. മൊയ്തീൻ പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ നന്ദി പറഞ്ഞു.
പ്രതിഭാ സംഗമം നടത്തും -വിദ്യാഭ്യാസ മന്ത്രി
തൃശൂർ- സംസ്ഥാന കലോത്സവ-ശാസ്‌ത്രോത്സവ-കായികോത്സവത്തിലെ പ്രതിഭകളെ ഒന്നിച്ചണിനിരത്തി സർഗസംഗമം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സംസ്ഥാന സ്‌കൂൾ കലോത്സവ ഉദ്ഘാടന ചടങ്ങിൽ അറിയിച്ചു. ഇവരുടെ തുടർവളർച്ചയ്ക്കായി കലാ-ശാസ്ത്ര-കായിക മേഖലയിലെ സംവിധാനങ്ങളേയും സ്ഥാപനങ്ങളേയും കൂട്ടിയോജിപ്പിച്ച് വിവിധ പരിപാടികൾക്ക് രൂപം നൽകി സർഗവികസനസങ്കൽപം യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അനന്തസാധ്യതയുള്ള സർഗശേഷിയെ വികസിപ്പിക്കാൻ ഇത് വഴിയൊരുക്കുമെന്നും മന്ത്രി പ്രത്യശിച്ചു.
കലോത്സവത്തിലെ പ്രതിഭകളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന കലോത്സവരേഖ പ്രകാശനം ചെയ്യും. ഇത് കണ്ടെത്തിയ പ്രതിഭകളുടേയും തുടർന്നു വരുന്ന പ്രതിഭകളുടേയും വളർച്ചയ്ക്ക് സഹായകരമാകും.
കലാകായികശാസ്ത്ര മേഖലകളിലെ പ്രതിഭകളെ കണ്ടെത്തുക മാത്രമല്ല അവരെ കേരളത്തിന് അഭിമാനമായി വളർത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. കലോത്സവ മാന്വൽ പരിഷ്‌കരണത്തിൽ പോരായ്മകളുണ്ടെങ്കിൽ പരിശോധിച്ച് തിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
'മഞ്ഞലയിൽ മുങ്ങിത്തോർത്തി...'സദസ്സിനെ കുളിരണിയിച്ച് ജയചന്ദ്രൻ
തൃശൂർ- 1958 നുശേഷം വീണ്ടും ജയചന്ദ്രൻ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വേദിയിൽ പാടി. ഇത്തവണ മത്സരാർത്ഥിയായിട്ടല്ല, മറിച്ച്് കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആശംസയർപ്പിക്കാനെത്തിയപ്പോഴാണ് മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നുവെന്ന ഗാനമാലപിച്ച് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയെ കുളിരണിയിച്ചത്. ഉദ്ഘാടന ചടങ്ങിൽ ആശംസ പറയാനെത്തിയ ജയചന്ദ്രനോട് പാടണമെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ പാടാൻ തയ്യാറായല്ല വന്നതെന്നും രണ്ടുവരി പാടാമെന്നും പറഞ്ഞാണ് ജയചന്ദ്രൻ മഞ്ഞലയിൽ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് ജയചന്ദ്രന്റെ പാട്ടിനെ കലോത്സവസദസ് സ്വീകരിച്ചത്. താനും യേശുദാസും സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തതും മറ്റും ജയചന്ദ്രൻ അനുസ്മരിച്ചു.