കൊച്ചി - എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യാ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം വിമോചന സമിതി ചെയർമാൻ ഗോകുലം ഗോപാലൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മഹേശന്റെ കേസ് അന്വേഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ട അവസ്ഥയാണുള്ളത്. മഹേശൻ വെള്ളാപ്പള്ളി നടേശന് നൽകിയ 32 പേജുകളുള്ള കത്തിൽ ആത്മഹത്യക്ക് ആധാരമായ കാര്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ആത്മഹത്യക്ക് കാരണക്കാരൻ നടേശനാണെന്നും അസന്നിഗ്ധമായി വെളിപ്പെടുത്തിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശൻ കൊടും കുറ്റവാളിയാണെന്ന് മഹേശന്റെ കത്ത് വെളിപ്പെടുത്തുന്നു. നിരവധി ഗുരുതര കേസുകളിൽ പ്രതിയായ നടേശനെ പോലീസ് സംരക്ഷിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
എസ്.എൻ ട്രസ്റ്റിന്റെ സ്ഥിതി ദയനീയമാണ്. 2006 മുതൽ 2020 വരെ ട്രസ്റ്റിന്റെ വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ ഫയൽ ചെയ്തിട്ടില്ല.
മൂന്ന് വർഷം തുടർച്ചയായി ഫയൽ റിട്ടേൺ ചെയ്തില്ലെങ്കിൽ കമ്പനി മേധാവികളുടെ സ്ഥാനം നഷ്ടമാകുമെന്നാണ് കമ്പനി ആക്ട് പറയുന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ എസ്.എൻ.ഡി.പി യോഗം ഭാരവാഹികൾ നിലവിൽ അയോഗ്യരാണ്. അയോഗ്യനായ നടേശനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ബദൽ സംവിധാനം ഏർപ്പെടുത്തുകയാണ് വേണ്ടത്. ഇതിന് പകരം നടേശന് അധികാരത്തിൽ തുടരാനുള്ള ഒത്താശകളാണ് അധികൃതർ നടത്തുന്നത്.
എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യഗ്രതയിൽ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നത്. അയോഗ്യനായ ആൾക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള യോഗ്യതയുമില്ല. നടേശൻ കുറച്ചാളുകളെ നേരത്തെ കണ്ടെത്തി സ്വന്തം ആളെ റിട്ടേണിംഗ് ഓഫീസർ ആയി നിയമിച്ചു നിയമ വിരുദ്ധ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നത്. ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ അനുവദിക്കരുത്. സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താൻ വെള്ളാപ്പള്ളി നടേശൻ അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
നാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം ചില വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാണ് എസ്.എൻ.ഡി.പി നേതാക്കൾ പ്രവർത്തിക്കുന്നത്. ഇതിനൊക്കെ കാരണം വെള്ളാപ്പള്ളി നടേശൻ ആണ്. പ്രകൃതി ദുരന്തങ്ങളുടെ പേരിൽ യൂനിയനുകളിൽനിന്നും കോടികളാണ് വെള്ളാപ്പള്ളി നടേശൻ പിരിച്ചെടുത്തത്. ഇതെല്ലാം വെള്ളാപ്പള്ളി സ്വന്തം വീട്ടിൽ കൊണ്ടുപോയി. വെള്ളാപ്പള്ളി നടേശനേ തുറങ്കലിൽ അടക്കേണ്ട സമയം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സമിതി കൺവീനർ പി.പി. രാജനും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.