കൊച്ചി - നരേന്ദ്രൻ കമ്മീഷൻ-സച്ചാർ-പാലൊളി കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കുവാൻ അടിയന്തര നടപടികളുണ്ടാകണമെന്ന് മുസ്‌ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രമേയത്തിൽ സർക്കരിനോട് ആവശ്യപ്പെട്ടു. സച്ചാർ-പാലൊളി കമ്മിറ്റി ശുപാർശകളും നിർദേശങ്ങളും കേരളത്തിൽ എത്രമാത്രം നടപ്പിലാക്കിയെന്നും, സച്ചാർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച 2006 ന് ശേഷമുള്ള 15 വർഷക്കാലയളവിലെ കേരള മുസ്ലിംകളുടെ വിദ്യാഭ്യാസ-ഉദ്യോഗ-തൊഴിൽ മേഖല, ക്ഷേമവികസന പുരോഗതി തുടങ്ങിയവ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ജസ്റ്റിസ് കോശി കമ്മീഷൻ മാതൃകയിൽ, മുസ്ലിം പിന്നോക്കാവസ്ഥ പഠിക്കുവാൻ അടിയന്തരമായി ഒരു കമ്മീഷനെ നിയമിക്കണമെന്നും മെക്ക സംസ്ഥാന എക്സിക്യൂട്ടീവ് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 2001 നവംബറിൽ സമർപ്പിക്കപ്പെട്ട ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കണ്ടെത്തിയ സർക്കാർ സർവീസിലെ മുസ്ലിം പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് പ്രത്യേക നിയമനം നടത്തുവാൻ ആവശ്യമായ നിയമന ചട്ടം ഭേദഗതി ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് 01.08.2000 ൽ മുസ്ലിംകൾക്ക് അർഹതപ്പെട്ട സംവരണ തോത് പോലും തികഞ്ഞിട്ടില്ലെന്നും 7,383 തസ്തികളിൽകൂടി നിയമനം നടത്തിയാൽ മാത്രമേ സംവരണ വിഹിതം പോലും ഉറപ്പുവരുത്തുവാൻ കഴിയൂ എന്നും റിപ്പോർട്ടിലുണ്ട്. സർക്കാർ സർവീസിലുള്ള അഞ്ചേകാൽ ലക്ഷം ജീവനക്കാരിൽ 40,000 മുസ്ലിം ജീവനക്കാർ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. 20 വർഷം കഴിയുമ്പോൾ, 2021 ലും 38,000 നടുത്ത് മുസ്ലിം ജീവനക്കാർ മാത്രമേ ഉള്ളൂ. മെറിറ്റിലും സംവരണത്തിലും നിയമിക്കപ്പെട്ട മുസ്ലിം ജീവനക്കാരുടെ മൊത്തം പ്രാതിനിധ്യമാണിത്.
വിദ്യാഭ്യാസ പ്രവേശനത്തിനുള്ള എസ്.ഇ.ബി.സി. സംവരണം 40 ശതമാനം ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിന് ഏർപ്പെടുത്തി മുസ്ലിം പിന്നോക്ക വിഭാഗങ്ങൾക്കുള്ള നിരക്കുകൾ ഏകീകരിക്കണം. എല്ലാ പിന്നോക്ക വിഭാഗങ്ങൾക്കും എല്ലാ കോഴ്സുകൾക്കുമുള്ള സംവരണ നിരക്ക് ജനസംഖ്യാനുപാതികമായി വിഹിതം നിശ്ചയിക്കണം. ഇക്കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ കോശി കമ്മീഷന് അനുവദിച്ചിട്ടുള്ള 09.02.2022 വരെയുള്ള അതേ സമയപരിധി, നിർദിഷ്ട കമ്മീഷനും നൽകുവാനും സർക്കാർ തീരുമാനമെടുക്കണം. കേരളത്തിൽ നിലവിലുള്ള 28 ശതമാനത്തിലധികം വരുന്ന മുസ്ലിംകളിൽ ജെ.ബി. കോശി കമ്മീഷനംഗങ്ങളുടെയും ചെയർമാന്റേയും സമാന യോഗ്യതയും പദവിയും അലങ്കരിച്ചിരുന്നവർ മുസ്ലിം സമുദായത്തിൽ ഇല്ല. കേരള മുസ്ലിംകളിലെ ഈ ദാരുണമായ പിന്നോക്കാവസ്ഥയുടെ മകുടോദാഹരണമാണിത്. ഒരു ക്യാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി റാങ്കിലുള്ള റിട്ടയർ ചെയ്ത ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനോ ക്രമസാധാന ചുമതല വഹിച്ചിരുന്ന ഒരു ഡി.ജി.പിയോ മുസ്ലിംകളിൽനിന്നും കേരളത്തിൽ ഇല്ല എന്നതാണ് യാഥാർഥ്യം. ഇത്തരമൊരു കമ്മീഷനെ നിയമിക്കാൻ യോഗ്യരെ തേടിപ്പിടിക്കാൻപോലും സർക്കാരിന് സാധ്യമാവില്ലായെന്നും പ്രഥമദൃഷ്ട്യാ സർക്കാരിന് ബോധ്യപ്പെടും. അപ്രകാരം നിയമിക്കപ്പെടുന്ന രണ്ടു കമ്മീഷനുകളുടെയും റിപ്പോർട്ട് ഒന്നിച്ച് സർക്കാർ പരിഗണിക്കണം. അതിനുശേഷം ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ഹൈക്കോടതി വിധിയനുസരിച്ച് ജനസംഖ്യാനുപാതികമായി വിഹിതം നിശ്ചയിച്ച് സമഗ്ര ന്യൂനപക്ഷ ക്ഷേമവികസന പരിപാടികൾക്ക് രൂപം നൽകണമെന്നും മെക്ക ആവശ്യപ്പെട്ടു.
പ്രസിഡന്റ് പ്രൊഫ. ഇ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. അലി പ്രമേയങ്ങൾ അവതരിപ്പിച്ചു. എം.എ. ലത്തീഫ് സംഘടനാ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. ഖജാൻജി സി.ബി. കുഞ്ഞുമുഹമ്മദ്, കെ.എം. അബ്ദുൽ കരീം വിവിധ വിഷയങ്ങൾ വിശദീകരിച്ചു. സമകാലിക ന്യൂനപക്ഷ പ്രശ്നങ്ങൾ ഡോ. പി. നസീർ അവതരിപ്പിച്ചു. എ.എസ്.എ റസാഖ്, സി.എച്ച്. ഹംസ മാസ്റ്റർ, എൻ.സി. ഫാറൂഖ് എൻജിനീയർ, ടി.എസ്. അസീസ്, എ. മഹ്മൂദ്, അബ്ദുൽ സലാം ക്ലാപ്പന, എം അബ്‌നിസ്, സി.ടി. കുഞ്ഞയമു, എ.ഐ. മുബീൻ, എം.എം. നൂറുദ്ദീൻ, ഉമർ മുള്ളൂർക്കര ചർച്ചയിൽ പങ്കെടുത്തു.