കൊല്ലം-എം.ടെക് വിദ്യാർത്ഥിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കൊട്ടാരക്കര നെല്ലിക്കുന്നം കാർത്തികയിൽ രാജീവൻ(റിട്ട.കെ.എസ്.ഇ.ബി)അംബികവല്ലി(അദ്ധ്യാപിക, യു.പി സ്‌കൂൾ, കോട്ടാത്തല) ദമ്പതികളുടെ മകൻ ജയകൃഷ്ണനാണ്(23) മരിച്ചത്. കരിക്കോട് ടി.കെ.എം കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജയകൃഷ്ണനെ 21ന് വൈകിട്ട് 4 മണി മുതലാണ് കാണാതായത്. സാധാരണ പുറത്തുപോയാൽ സന്ധ്യയ്ക്ക് മുന്നേ എത്താറുള്ള മകൻ രാത്രിയായിട്ടും എത്താഞ്ഞതോടെയാണ് വീട്ടുകാർ തിരക്കിയിറങ്ങിയതും കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയതും. 22ന് രാവിലെ ഏഴരയ്ക്ക് എഴുകോണിനും അമ്പലത്തുംകാലയ്ക്കും ഇടയിലായി റെയിൽവേ ട്രാക്കിൽ തല അറ്റനിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ആത്മഹത്യയ്ക്കുള്ള കാരണങ്ങൾ ഒന്നുമില്ലെന്നും എഴുകോൺ ഭാഗത്തേക്ക് എത്തേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കൾ പറയുന്നു. കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് റൂറൽ എസ്.പിയ്ക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ജയകൃഷ്ണന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.