ജമ്മു കശ്മീരിന്റെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും നേതൃത്വത്തിൽ അടുത്ത ദിവസം നടക്കാൻ പോകുന്ന സർവകക്ഷി യോഗം ഏറെ പ്രതീക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. കശ്മീർ ജനതയുടെ എല്ലാ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കിക്കൊണ്ട് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടി വലിയ തോതിലുള്ള എതിർപ്പുകൾക്കിടയാക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴൊന്നും കുലുങ്ങാതിരുന്ന നരേന്ദ്ര മോഡിയും അമിത് ഷായും ഇപ്പോൾ ജമ്മു കശ്മീരിലെ പ്രാദേശിക കക്ഷികളെ ചർച്ചയ്ക്ക് വിളിച്ചത് ഒരു ശുഭലക്ഷണമായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതുകൊണ്ടു തന്നെയാണ് കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള കക്ഷികൾ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തത്.
എന്നാൽ ജമ്മു കശ്മീരിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികൾ അൽപം ആശങ്കയോടെ തന്നെയാണ് യോഗത്തെ കാണുന്നത്. അത് മറ്റൊന്നും കൊണ്ടല്ല. അവർക്ക് മുന്നിൽ ഇതിന് മുൻപുണ്ടായിട്ടുള്ള അനുഭവങ്ങൾ അതാണ് അവരെ പഠിപ്പിക്കുന്നത്. ജമ്മു കശ്മീരിൽ സംസ്ഥാന ഭരണം പിടിച്ചെടുക്കാൻ വേണ്ടി ബി.ജെ.പി നടത്തുന്ന കുതന്ത്രങ്ങളുടെ ഭാഗമാണോ കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ ചർച്ചയെന്ന സംശയമാണ് ഇവർക്കുള്ളത്. എങ്കിലും ചെറിയ പ്രതീക്ഷകൾ എവിടെയൊക്കെയോ അവർ പുലർത്തുന്നുണ്ടെന്ന് പാർട്ടി നേതാക്കളുടെ പ്രസ്താവനകൾ സൂചിപ്പിക്കുന്നു.
നോട്ട് നിരോധനം പോലെ തന്നെ 2019 ഓഗസ്റ്റിൽ നരേന്ദ്ര മോഡി സർക്കാർ നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ നീക്കങ്ങളിലൊന്നായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി മാറ്റി വിഭജനം നടത്തിക്കൊണ്ട് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്. ഇതിനു മുൻപ് തന്നെ ഇവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. കശ്മീരിൽ തീവ്രവാദം ഇല്ലാതാക്കുന്നതിനും ഇവിടെ പൂർണമായും ഏകീകൃത ഇന്ത്യയുടെ വ്യവസ്ഥകൾ കൊണ്ടുവരുന്നതിനുമാണ് ഈ തീരുമാനമെന്നായിരുന്നു അമിത് ഷാ പാർലമെന്റിൽ വെളിപ്പെടുത്തിയത്.
സർക്കാർ തീരുമാനം കശ്മീർ ജനതയുടെ ആഗ്രഹങ്ങൾക്ക് പൂർണ്ണമായും എതിരായിരുന്നു. അവർ അതുവരെ അനുഭവിച്ചുകൊണ്ടിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് ഒറ്റയടിക്ക് ഭരണകൂടം ഇല്ലാതാക്കിയത്. ഈ തീരുമാനം കശ്മീർ താഴ്‌വരയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ കണക്കു കൂട്ടിയിരുന്നു. ഇത് ചെറുക്കാനായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രമുഖരായ എല്ലാ നേതാക്കളെയും തടങ്കലിലാക്കുകയും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള എല്ലാ വിനിയമ സംവിധാനങ്ങളും നിർത്തലാക്കുകയും ചെയ്തു. വലിയ തോതിൽ സൈനിക സന്നാഹവും ഏർപ്പെടുത്തി.
ജനങ്ങൾ തീർത്തും ഒറ്റപ്പെട്ടുപോയ അവസ്ഥയാണ് കശ്മീരിൽ ഉണ്ടായതെന്നും അടിയന്തരാവസ്ഥ തന്നെയാണ് ഇവിടെ നടന്നതെന്നും പിന്നീട് കശ്മീരിൽ നിന്ന് വന്ന വാർത്തകൾ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടി നിരീക്ഷകരും മാധ്യമ പ്രവർത്തരുമെല്ലാം ഇതേക്കുറിച്ച് വിശദമായി തന്നെ തങ്ങളുടെ അഭിപ്രായങ്ങളും കണ്ടെത്തലുകളുമെല്ലാം പൊതുജനങ്ങൾക്ക് മുമ്പാകെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണ ഘടനയിലെ വ്യവസ്ഥകളാണ് ആർട്ടിക്കിൾ 370 ഉം 35 എയും. ഇത് പ്രകാരം കേന്ദ്ര സർക്കാരിന് ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേകാധികാരമാണ് ഇതിലൂടെ ലഭിച്ചുകൊണ്ടിരുന്നത്. ഇത് പ്രകാരം സംസ്ഥാന സർക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്ര സർക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ സാധിക്കുകയുള്ളൂ. ഇവിടെ ഭൂമി വാങ്ങുന്നതിനും സ്ഥിര താമസത്തിനുമുള്ള അവകാശം, സർക്കാരിൽ ജോലി സംവരണം പഠനത്തിനുള്ള സർക്കാർ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം താമസക്കാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ, സംസ്ഥാനത്തിന് സ്വന്തമായി ഭരണഘടനയും പതാകയും അനുവദിച്ചിരുന്നു. ഇത് പ്രകാരം പ്രതിരോധം, വിദേശകാര്യം, വാർത്താ വിനിമയം എന്നിവയിലാണ് കേന്ദ്രത്തിന് നേരിട്ട് ഇടപെടാൻ കഴിയുക.
ഭരണഘടനാപരമായ ഈ അധികാരങ്ങൾ റദ്ദാക്കുകയെന്നത് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയുമെല്ലാം വളരെ മുൻപ് തന്നെയുള്ള നിലപാടുകളായിരുന്നു. വിവിധ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ബി.ജെ.പി ഇത് ആവർത്തിക്കുകയും ചെയ്തിരുന്നു. കശ്മീരിലെ ജനത ഭരണഘടനാപരമായി പ്രത്യേക അധികാരങ്ങൾ അനുഭവിക്കേണ്ടതില്ലെന്നും അതെല്ലാം വിഘടനവാദികളുടെ താൽപര്യങ്ങളാണെന്നുമാണ് അവർ നിലപാടെടുത്തത്. ഒടുവിൽ ജനാധിപത്യ പാർട്ടികളിൽ നിന്ന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും കാശ്മീരിന്റെ സംസ്ഥാന പദവിയും ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവിയുമെല്ലാം മോഡി സർക്കാർ റദ്ദാക്കുകയാണുണ്ടായത്. ഇതോടെ കശ്മീർ നിയമസഭയും അതിലേക്കുള്ള തെരഞ്ഞെടുപ്പുമെല്ലാം ഇല്ലാതായി.
കേന്ദ്ര നിലപാടിനെതിരെ പ്രാദേശിക കക്ഷികളിൽ നിന്ന് വലിയ തോതിലുള്ള വികാരമാണ് ഉണ്ടായിട്ടുള്ളത്. ബി.ജെ.പിക്കെതിരെ നാഷണൽ കോൺഫറൻസ്, പി.ഡി.പി, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ്, പീപ്പിൾസ് മൂവ്‌മെന്റ്, അവാമി നാഷണൽ കോൺഫറൻസ്, സി.പി.എം തുടങ്ങിയ കക്ഷികൾ യോജിച്ച് ഗുപ്കാർ സഖ്യത്തിന് രൂപം നൽകുകയും ചെയ്തു. ഡിസംബറിൽ നടന്ന കശ്മീർ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഈ സഖ്യം വലിയ വിജയം നേടിയിരുന്നു. കോൺഗ്രസ് ഈ സഖ്യത്തിൽ ആദ്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവായി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുകയും കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത ശേഷം ആദ്യമായാണ് കേന്ദ്ര സർക്കാർ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ഒരു ചർച്ചയ്ക്ക് തയാറാകുന്നത്. മുൻ മുഖ്യമന്ത്രിമാരുൾപ്പെടെ 14 പ്രധാന നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ യോഗത്തിലേക്ക് ക്ഷണമുണ്ട്. സംസ്ഥാന പദവി പുനഃസ്ഥാപിച്ചുകൊണ്ട് ഇവിടെ തെരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് യോഗം വിളിച്ചതിലൂടെ മോഡിയും അമിത്ഷായും ലക്ഷ്യമിടുന്നതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ അത് പൂർണമായും ശരിയായിക്കൊള്ളണമെന്നില്ല. യോഗം നടക്കാൻ വേണ്ടിയുള്ള ഒരു പ്രചാരണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള യാതൊരു നടപടികളും യോഗത്തിലുണ്ടാകില്ലെന്ന് ആഭ്യന്തര വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് രാഷ്ട്രീയ കക്ഷികൾ ദുരൂഹത കാണുന്നത്.
നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർ നിർണയിച്ചുകൊണ്ട് തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യം ബി.ജെ.പിക്കുള്ളതായാണ് പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ പ്രധാന ആരോപണം. മാത്രമല്ല, ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാതെ കശ്മീരിന് പുറത്ത് നിന്നുള്ളവരെ ഇവിടെ എത്തിച്ചുകൊണ്ട് ഇവിടുത്തെ രാഷ്ട്രീയവും മതപരവുമായ സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തുമെന്ന ഭയവും ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് രാഷ്ട്രീയ നേതാക്കൾ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളോട് പ്രതികരിക്കുന്നത്. സംസ്ഥാന പദവി പുനഃസ്ഥാപിച്ച് ബി.ജെ.പിക്ക് ഭരണം പിടിക്കാനായാൽ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെല്ലാം തന്നെ യാതൊരു പ്രയാസവുമില്ലാതെ നടപ്പാക്കാനാകും.
അതേ സമയം ആർട്ടിക്കിൾ 370 ഒഴിവാക്കുകയും കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇവിടെ സമാധാനന്തരീക്ഷവും വികസനവും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. കഴിഞ്ഞ രണ്ടു വർഷത്തോളമായി കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഭാവി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി യോഗം വിളിച്ചിട്ടുള്ളതെന്നും സർക്കാർ വിശദീകരിക്കുന്നു. ഇതിലൂടെ കശ്മീരിന്റെ കാര്യത്തിൽ തങ്ങൾക്ക് തുറന്ന നിലപാടാണുള്ളതെന്ന് വരുത്താനും കഴിയുന്നു. കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകിയാൽ ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടാൻ ചില പ്രാദേശിക കക്ഷികളെങ്കിലും തയാറാകുമെന്നും അതിലൂടെ സംസ്ഥാനത്ത് അധികാരത്തിലെത്താമെന്ന മോഹവും ബി.ജെ.പി പുലർത്തുന്നുണ്ട്.