തിരുവനന്തപുരം- റീജ്യണൽ കാൻസർ സെന്ററിൽ ലിഫ്റ്റ് തകർന്ന് മരിച്ച കൊല്ലം പത്തനാപും കണ്ടയം ചരുവിള വീട്ടിൽ നദീറമോളു(22)ടെ ആശ്രിതർക്ക് സർക്കാർ 20 ലക്ഷം രൂപ ധനസഹായം നൽകും. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിലെ ലിഫ്റ്റ് തകർന്ന് പരുക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നദീറ മരണപ്പെട്ടത്. അപായ സൂചന അറിയിപ്പ് നൽകാതെ തിരുവനന്തപുരം ആർസിസിയിൽ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റ് തകർന്നാണ് പരുക്കേറ്റത്. കഴിഞ്ഞ മാസം 15 നായിരുന്നു അപകടം. ക്യാൻസർ ബാധിതയായ മാതാവിനെ പരിചരിക്കാൻ എത്തിയതായിരുന്നു നദീറ. ലിഫ്റ്റ് തകരാറിലായത് അറിയാതെ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. രണ്ട് നില താഴ്ചയിലേക്കാണ് നദീറ വീണത്. രണ്ട് മണിക്കൂറിന് ശേഷമാണ് നദീറയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇതിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തെ തുടർന്ന് രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു.
സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആയി ഉയർത്താൻ തീരുമാനിച്ചു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുമൂലം മരണമടഞ്ഞ ബിന്ദുവിന്റെ ഭർത്താവ് പി പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3 ലക്ഷം രൂപ കൂടി അനുവദിക്കാൻ തീരുമാനിച്ചു. നേരത്തെ 2 ലക്ഷം രൂപ അനുവദിച്ചിരുന്നു.