റിയാദ് - കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫ്രാൻസ് സന്ദർശിക്കുന്നു. ഫെബ്രുവരി അവസാനത്തിലോ മാർച്ച് ആദ്യത്തിലോ കിരീടാവകാശി ഫ്രാൻസ് സന്ദർശിക്കുമെന്നും ഇതേക്കുറിച്ച് ഫ്രഞ്ച് വിദേശ മന്ത്രി ജീൻ യീവ്സ് ലെ ഡ്രിയാനുമായി ചർച്ച ചെയ്തതായും സൗദി വിദേശമന്ത്രി ആദിൽ അൽജുബൈർ വെളിപ്പെടുത്തി. ഫ്രഞ്ച് വിദേശമന്ത്രി ഫെബ്രുവരിയിൽ സൗദി അറേബ്യ സന്ദർശിക്കും.
ഭീകര വിരുദ്ധ പോരാട്ടം, പശ്ചിമേഷ്യൻ സമാധാന പ്രക്രിയ, സിറിയൻ, യെമൻ സംഘർഷങ്ങൾ, മേഖലാ, ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങൾ, ഇറാനിലെ പ്രശ്നങ്ങൾ എന്നിവ സൗദി, ഫ്രഞ്ച് വിദേശ മന്ത്രിമാർ പാരീസിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തു. പശ്ചിമേഷ്യൻ സമാധാന പ്രക്രിയയും സിറിയൻ പ്രശ്നവുമായും ബന്ധപ്പെട്ട് സൗദി അറേബ്യയുടെയും ഫ്രാൻസിന്റെയും നിലപാടുകൾ സമാനമാണെന്ന് ആദിൽ അൽജുബൈർ പറഞ്ഞു.