കൊച്ചി- ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നീളുമെന്ന് സൂചന. ബുധനാഴ്ച മുതല്‍ യു.എ.ഇയിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍.
കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് ബുധനാഴ്ച മുതല്‍ ദുബായിലേക്ക് യാത്ര ചെയ്യാന്‍ യു.എ.ഇഅധികൃതര്‍ അനുമതി നല്‍കിയെങ്കിലും വിമാന കമ്പനികള്‍ സര്‍വീസ് തുടങ്ങുന്നില്ല. ജൂലൈ ആറ് വരെ യു.എ.ഇ സര്‍വീസ് ഉണ്ടാവില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇതോടെ ട്രാവല്‍ ഏജന്‍സികള്‍ ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കയാണ്. എമിറേറ്റസും ബുക്കിംഗ് തുടങ്ങിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായ് ഗവണ്‍മെന്റ് പുതിയ പ്രോട്ടോകോള്‍ പുറത്തിറക്കിയത്. ഇത് പ്രകാരം ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബുധനാഴ്ച മുതല്‍ യു.എ.ഇയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നലെ ദക്ഷിണാഫ്രിക്കക്കും നൈജീരിയക്കും യാത്രാവിലക്ക് നീളുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍നിന്ന് ബുക്കിംഗ് നിര്‍ത്തിവെച്ചതിന്റെ കാരണം വിമാന കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ 48 മണിക്കൂര്‍ കാലാവധിയുള്ള കോവിഡ് പരിശോധന റിപ്പോര്‍ട്ടിനു പുറമെ വിമാനത്താവളത്തില്‍ വെച്ച് വീണ്ടും പരിശോധന നടത്താനുള്ള നിര്‍ദ്ദേശമാണ് യാത്രക്കാര്‍ക്ക് തടസ്സമായത്. ഇന്ത്യയിലെ 34 വിമാനത്താവളങ്ങളില്‍ ഇത്തരം പരിശോധന നടത്താനുള്ള സൗകര്യമില്ല. സൗകര്യം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സമയമെടുക്കും.