ജിദ്ദ - 'ന്യൂനപക്ഷ ക്ഷേമ പദ്ധതി; കോടതി വിധിയും വസ്തുതകളും' എന്ന ശീർഷകത്തിൽ ഐ.സി.എഫ് വെബിനാർ വെള്ളിയാഴ്ച. സൗദിയിലെ അഞ്ചു പ്രവിശ്യകളിൽ നടക്കുന്ന വെബിനാറുകളിൽ മത രാഷ്ട്രീയ മാധ്യമ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖർ സംബന്ധിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല റിയാദിലും പ്രമുഖ മാധ്യമ പ്രവർത്തകൻ മുസ്തഫ പി. എറക്കൽ മക്കയിലും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി മദീനയിലും എസ്.വൈ.എസ് സെക്രട്ടറി മുഹമ്മദ് സ്വാദിഖ് വെളിമുക്ക് കിഴക്കൻ പ്രവിശ്യയിലും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂർ അസീറിലും നേതൃത്വം നൽകും. ഗൾഫ് കൗൺസിൽ സെക്രട്ടറി ശരീഫ് കാരശ്ശേരി, നാഷനൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി, സെക്രട്ടറി ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ഉമർ സഖാഫി മൂർക്കനാട്, മുജീബ് എ.ആർ നഗർ തുടങ്ങിയവർ സംബന്ധിക്കും.
ദീർഘകാലമായി രാജ്യത്തെ മുസ്‌ലികൾ അനുഭവിക്കുന്ന പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാൻ വേണ്ടി സർക്കാർ നടപ്പാക്കിയ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കാണ് കോടതി വിധിയിലൂടെ ലോക്ക് വീണിരിക്കുന്നത്. മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും കേന്ദ്ര സർക്കാർ നിയോഗിച്ച സച്ചാർ കമ്മീഷൻ റിപ്പോർട്ടും കമ്മീഷൻ നിർദേശങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ പ്രായോഗികത പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് കേരളത്തിൽ ന്യൂനപക്ഷ പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയത്.
കോടതി വിധിയെ തുടർന്ന് നിശ്ചലമായ ക്ഷേമപദ്ധതികൾ, വിദ്യാഭ്യാസ പരിശീലന പരിപാടികൾ, സ്‌കോളർഷിപ്പുകൾ നീണ്ടു പോകാവുന്ന കോടതി നടപടികളും അതിലൂടെ ഒരു വിഭാഗത്തിന്റെ അവകാശങ്ങൾ മാത്രം നഷ്ടപ്പെടുന്ന സഹചര്യം സൃഷ്ടിച്ചു. അവ സാമൂഹ്യരംഗത്ത് സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥകൾ തുടങ്ങി ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നാനാവശങ്ങൾ ഐ.സി.എഫ് വെബിനാർ ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.