റിയാദ് - വെടിനിർത്തൽ പദ്ധതി ഹൂത്തി മിലീഷ്യകൾ നിരാകരിക്കുന്നതായി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഹൂത്തികൾ സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾ രൂക്ഷമാക്കുകയും മാരിബിനെതിരെ ആക്രമണങ്ങൾ നടത്തുകയും വെടിനിർത്തൽ പദ്ധതി നിരാകരിക്കുകയുമാണെന്ന് വിയന്നയിൽ ഓസ്ട്രിയൻ വിദേശ മന്ത്രി അലക്‌സാണ്ടർ ഷാലൻബർഗിന് ഒപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
യെമനിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള തന്ത്രപരമായ പദ്ധതി സൗദി അറേബ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. യെമനിൽ വെടിനിർത്തൽ നടപ്പാക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നു. എന്നാൽ സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ ഹൂത്തികൾ തുടരുകയാണ്. മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകളെ കുറിച്ചും ഫലസ്തീൻ പ്രശ്‌നവും യെമൻ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചും തങ്ങൾ വിശകലനം ചെയ്തിട്ടുണ്ട്. മേഖലയുടെ സുരക്ഷാ ഭദ്രതയും സ്ഥിരതയുമായും ബന്ധപ്പെട്ട് സൗദി അറേബ്യക്കും ഓസ്ട്രിയക്കും സംയുക്ത കാഴ്ചപ്പാടാണുള്ളത്.
ഓസ്ട്രിയയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശ്രദ്ധേയമായ രീതിയിൽ വർധിച്ചുവരികയാണ്. ഓസ്ട്രിയയുമായി സൗദി അറേബ്യക്ക് ചരിത്രപരമായ ബന്ധങ്ങളുണ്ട്. ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നു.
ബഹുമത സംവാദത്തിൽ സൗദി അറേബ്യ വിശ്വസിക്കുന്നു. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ആഗോള സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ഇസ്രായിലുമായി സൗദി അറേബ്യക്ക് ഒരുവിധ ബന്ധവുമില്ല. ഇസ്രായിൽ ഗവൺമെന്റിലുണ്ടാകുന്ന ഏതു മാറ്റവും സൗദി അറേബ്യയെ സ്വാധീനിക്കുന്നതല്ലെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
സൗദി അറേബ്യക്കെതിരായ ഹൂത്തികളുടെ ആക്രമണങ്ങൾ അംഗീകരിക്കാവതല്ലെന്ന് അലക്‌സാണ്ടർ ഷാലൻബെർഗ് പറഞ്ഞു. ഹൂത്തികൾ സമാധാന ചർച്ചയിലേക്ക് തിരിച്ചുവരണം. മേഖലയിൽ കേന്ദ്രസ്ഥാനീയമായ പങ്കാണ് സൗദി അറേബ്യ വഹിക്കുന്നത്. മധ്യപൗരസ്ത്യദേശത്ത് തങ്ങളുടെ ഏറ്റവും വലിയ പങ്കാളിയായ സൗദി അറേബ്യ പ്രഖ്യാപിച്ച പരിസ്ഥിതി പദ്ധതികൾ ഓസ്ട്രിയയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഇറാനുമായുള്ള ആണവ കരാറിലേക്ക് തിരിച്ചുപോകുന്നതിനെ ഓസ്ട്രിയ പിന്തുണക്കുന്നു.
സൗദി അറേബ്യ മുന്നോട്ടുവെച്ച യെമൻ സമാധാന പദ്ധതി ഓസ്ട്രിയ വിലമതിക്കുന്നു. ഇറാൻ ആണവ പദ്ധതിയും ഇത് മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സൗദി വിദേശ മന്ത്രിയും താനും വിശകലനം ചെയ്തതായും അലക്‌സാണ്ടർ ഷാലൻബെർഗ് പറഞ്ഞു.