കോഴിക്കോട്- സി.പി.എം നേതാവ് എ.കെ.ജിയെ അപമാനിച്ച വി.ടി ബൽറാം എം.എൽ.എ മാപ്പ് പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബൽറാമിന്റെ പ്രസ്താവന സംബന്ധിച്ച് രാഹുൽ ഗാന്ധിയും എ.കെ ആന്റണിയും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എ.കെ.ജി യെ ബാലപീഡകൻ എന്നാരോപിച്ച് ഫെയ്‌സ്ബുക്കിൽ വി.ടി ബൽറാം കമന്റിട്ടിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ബെൽറാമിനെതിരെ ഉയർന്നത്. ഇന്ന് വൈകിട്ട് തൃത്താലയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ബെൽറാമിനെതിരെ പ്രകടനവും നടക്കുന്നുണ്ട്.
കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പാവങ്ങളുടെ പടത്തലവൻ സഖാവ് എ കെ ജിയെ അപമാനിച്ച് ഒരു കോൺഗ്രസ് എം എൽ എ യുടെ നേതൃത്വത്തിൽ നടത്തുന്ന ഹീനമായ പ്രചരണം തീർത്തും അപലപനീയമാണ്. പ്രധാനമന്ത്രിയും ആർ എസ് എസ് പ്രചാരകനുമായ നരേന്ദ്രമോഡിയെ 'നീച് ആദ്മി' എന്ന് വിശേഷിപ്പിച്ചതിന് മണിശങ്കർ അയ്യരെ പുറത്താക്കിയ പാർട്ടിയാണ് കോൺഗ്രസ്. സ്വതന്ത്ര്യസമരസേനാനിയും ആദ്യകാല കോൺഗ്രസ്സ് നേതാവുമായ എ കെ ജിയെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച കോൺഗ്രസ് എം എൽ എയോട് എന്താണ് സമീപനമെന്ന് രാഹുൽ ഗാന്ധിയും എ കെ ആന്റണിയും വ്യക്തമാക്കണം.
എ കെ ജിയുടെ മരണത്തിന് കൊതിച്ച് 'കാലൻ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ' എന്ന് മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ് കോൺഗ്രസിന്റേത്. അന്നുപോലും നികൃഷ്ട മനസുകളിൽ നിന്നുയരാത്ത കുപ്രചരണമാണ് ഇന്ന് നടത്തുന്നത്.
പാവപ്പെട്ടവർക്കും, അടിച്ചമർത്തപ്പെട്ടവർക്കും, തൊഴിലാളികൾക്കും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച നേതാവാണ് എ കെ ജി. സ്വാതന്ത്ര്യസമര ചരിത്രത്തിലും എ കെ ജിയുടെ പങ്ക് ചെറുതല്ല. ജവഹർലാൽ നെഹ്‌റു അടക്കമുള്ള ദേശീയ നേതാക്കൾ എ കെ ജിയോട് കാട്ടിയ ആദരവ് പാർലമെന്റ് രേഖകലിലെ തിളക്കമുള്ള ഏടാണ്. ആദ്യ പാർലമെന്റിൽ പ്രതിപക്ഷത്തെ നയിച്ച എ കെ ജി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ ശബ്ദമുയർത്തി. ഏതൊരു ഇന്ത്യക്കാരന്റെയും എക്കാലത്തെയും അഭിമാനമാണ് എ കെ ജി എന്ന ത്രയാക്ഷരി. പാവങ്ങളുടെ പടത്തലവൻ എന്ന വിശേഷണം നിസ്വവർഗ്ഗത്തിന് വേണ്ടിയുള്ള നിരന്തരപോരാട്ടങ്ങളിലൂടെയാണ് എ കെ ജി ആർജ്ജിച്ചത്. താരതമ്യമില്ലാത്ത ആ രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചരണങ്ങൾക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന്റെ വിവേകപൂർണ്ണമായ ഇടപെടൽ പ്രതീക്ഷിക്കുന്നു. കോൺഗ്രസ് എം എൽ എയുടെ നീചമായ ഈ നടപടിയോട് പ്രബുദ്ധകേരളം ഒരിക്കലും പൊറുക്കില്ല.
വിവാദവുമായി ബന്ധപ്പെട്ട് ബെൽറാമിനെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ആദ്യത്തേത് 'പോരാട്ടകാലങ്ങളിലെ പ്രണയം' എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബർ 20ന് പ്രസിദ്ധീകരിച്ച വാർത്ത. 'ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്' എകെ ഗോപാലൻ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാർത്തയിൽ ഹിന്ദു ലേഖകൻ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കിൽ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വർഷത്തോളം നീണ്ട പ്രണയാരംഭത്തിൽ അവർക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തിൽ സുശീലയുടെ വീട്ടിൽ എകെജി ഒളിവിൽ കഴിഞ്ഞപ്പോഴാണ് അവർ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാർത്തയിൽ പറയുന്നു. 1929 ഡിസംബറിൽ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തിൽ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.
രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങൾ സാക്ഷാൽ എകെ ഗോപാലന്റെ ആത്മകഥയിൽ നിന്ന്. ഒളിവിൽ കഴിയുന്ന കാലത്ത് അഭയം നൽകിയ വീട്ടിലെ സ്‌കൂൾ വിദ്യാർത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളിൽ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലിൽ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാർദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലിൽ നിന്ന് പുറത്തുകടന്നാലുടൻ വിവാഹിതരാകാൻ അവർ തീരുമാനിക്കുന്നു. അങ്ങനെ ജയിൽമോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന 'മമത'യും ആത്മകഥയിൽനിന്ന് നമുക്ക് വായിച്ചെടുക്കാം.
എകെജി പലർക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തേയും പാർലമെന്ററി പ്രവർത്തനത്തേയും കുറിച്ച് ഏവർക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുത് എന്ന് ഭക്തന്മാർ വാശിപിടിച്ചാൽ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുൻപൊരിക്കൽ അഭിപ്രായം പറഞ്ഞ എഴുത്തുകാരൻ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല.
പറയേണ്ടത് പറഞ്ഞിട്ടേ പോകുന്നുള്ളൂ