Sorry, you need to enable JavaScript to visit this website.

പ്രണയത്തിൽ നിന്ന് പകയുടെ ഇരുട്ടിലേക്ക്


ജീവിതത്തെ മനോഹരവും പ്രതീക്ഷാ നിർഭരവുമാക്കുന്നതാണ് പ്രണയം. ഹൃദയം കൊണ്ടെഴുതുന്ന കവിതയായി അത് ഒട്ടേറെ ജീവിതങ്ങളെ ഭാവതീവ്രമാക്കിയിട്ടുണ്ട്. സ്ത്രീക്കും പുരുഷനുമിടയിൽ സ്‌നേഹത്തിന്റെയും കരുതലിന്റെയും സാഗരങ്ങൾ തീർത്തിട്ടുണ്ട്. എന്നാൽ പ്രണയത്തിൽ നിന്ന് പകയുടെ ഇരുട്ടു വ്യാപിക്കുമ്പോൾ വിലപ്പെട്ട ജീവിതങ്ങൾ തന്നെ ഞെട്ടറ്റു വീഴുന്നു. പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തികൊലപ്പെടുത്തിയ ദാരുണ കൃത്യം അത്തരമൊരു പകയുടെ നേർകാഴ്ചയാണ്.


മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് ഏലംകുളം ഗ്രാമത്തിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. വടക്കേ ഇന്ത്യയിൽ നടക്കാറുള്ളതെന്ന് പറയപ്പെടുന്ന ഇത്തരം ക്രൂരതകൾ മലയാളികൾക്കിടയിൽ ഏറെ കേട്ടുകേൾവിയില്ലാത്തതാണ്. വിദ്യാർഥിനിയായ ആ പെൺകുട്ടി തന്നെ പ്രണയിക്കാൻ വന്ന യുവാവിനോട് ഇഷ്ടമല്ലെന്ന് പറഞ്ഞതിനുള്ള ശിക്ഷയായിരുന്നു അവളുടെ കൊലപാതകം. ആ നിയമ വിദ്യാർഥിനിയുടെ മരണം അവളുടെ കുടുംബത്തിനേൽപിച്ച നടുക്കവും നഷ്ടവും ഒരു കാലത്തും തീരുന്നതല്ല.


വ്യാപാരിയായ ബാലചന്ദ്രന്റെ മകൾ ദൃശ്യ കൊല്ലപ്പെട്ടത് അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ വെച്ചാണ്. നിഷ്ഠുരമായ കൊലപാതകം നടത്തിയ വിനീഷ് വിനോദ് എന്ന യുവാവ് ഏറെ കാലമായി മനസ്സിൽ കൊണ്ടു നടന്ന പകയാണ് കത്തിയുടെ തുമ്പിൽ തീർത്തത്. പ്ലസ് ടു പഠനകാലത്ത് ഒന്നിച്ചു പഠിച്ചിരുന്നവരായിരുന്ന ഇരുവരും. വിനീഷ് നിരന്തരം ദൃശ്യയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും പഠനത്തിൽ ഏറെ ശ്രദ്ധിച്ചിരുന്ന പെൺകുട്ടി അത് നിരസിക്കുകയായിരുന്നു. തനിക്ക് ഇഷ്ടമല്ലാത്ത ഒരു ബന്ധത്തെ തുറന്നെതിർത്ത ആ പെൺകുട്ടിയെ ഇത്തരമൊരു ദാരുണാന്ത്യമാണ് കാത്തിരുന്നതെന്ന് ആരും കരുതിയില്ല.


ദൃശ്യയുടെ കൊലപാതകത്തിന് വഴിവെച്ച കാരണങ്ങളെ കുറിച്ച് നേരത്തെ തന്നെ വീട്ടുകാർക്കും പോലീസിനും അറിവുള്ളതായിരുന്നു. യുവാവ് നിരന്തരം ശല്യപ്പെടുത്തിയിരുന്ന കാര്യം ദൃശ്യ വീട്ടുകാരോട് പറയുകയും വീട്ടുകാർ പോലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ഈ വിഷയം കൈകാര്യം ചെയ്ത രീതി പരക്കെ വിമർശിക്കപ്പെടുകയാണ്. ദൃശ്യയെ ഇനി ശല്യം ചെയ്യില്ലെന്ന് യുവാവിൽ നിന്ന് ഉറപ്പു വാങ്ങി വിട്ടയക്കുകയാണ് പോലീസ് ചെയ്തത്. എന്നാൽ ഒരു കൊലപാതകം നടത്താൻ വരെ ക്രൂരനാണ് പ്രതിയെന്ന് തിരിച്ചറിയാൻ പോലീസിനായില്ല. അല്ലെങ്കിൽ, അത്തരമൊരു നിരീക്ഷണത്തിലേക്ക് പോലീസ് നീങ്ങിയില്ല. പോലീസിന്റെ നടപടി തെറ്റായിരുന്നെന്ന് സംസ്ഥാന വനിതാ കമ്മീഷനും കുറ്റപ്പെടുത്തിയിരുന്നു.


ഒരേ സമയം അസഹിഷ്ണുതയുടെയും അരക്ഷിതത്വത്തിന്റെയും അടയാളമായാണ് ഏലംകുളം കൊലപാതകം സമൂഹത്തിന് മുന്നിൽ നിൽക്കുന്നത്. പ്രണയമെന്നത് ആണിന്റെ മാത്രം ഇഷ്ടമല്ലെന്നും അനിഷ്ടം പ്രകടിപ്പിക്കാൻ പെണ്ണിനും അവകാശമുണ്ടെന്നുമുള്ള തിരിച്ചറിവ് നഷ്ടപ്പെടുകയാണ്. തന്റെ ഇഷ്ടം മാത്രം നടക്കണമെന്നും ഇല്ലെങ്കിൽ അവൾ ജീവിക്കേണ്ടെന്നുമുള്ള നീചമായ ചിന്തയാണ് പ്രതിയെ ആ കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു കൊലപാതകിയായി ശിഷ്ടകാലം തടവിൽ കഴിയേണ്ടി വന്നേക്കുമെന്ന ആലോചന ആ നീചമായ ചിന്തക്കിടയിൽ അയാൾക്കുണ്ടായില്ല.


പ്രണയിനിയെ നഷ്ടപ്പെടുമെന്നതിലെ നിഷ്‌കളങ്കമായ നഷ്ടബോധത്തിന്റെ പ്രതിഫലനമായി ഈ കൊലപാതകത്തെ കാണാനാകില്ല. കൊല നടത്തുന്നതിന് പ്രതി സ്വീകരിച്ച വഴികൾ ഒരു ക്രിമിനൽ മനസ്സിൽ നിന്ന് ഉടലെടുത്തതാണെന്ന് കാണാനാകും. ദൃശ്യയെ വീട്ടിൽ ചെന്ന് കൊലപ്പെടുത്താൻ തീരുമാനിച്ച പ്രതി, ദൃശ്യയുടെ പിതാവിന്റെ സാന്നിധ്യം ആ വീട്ടിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പിതാവിന്റെ ഉടമസ്ഥതയിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന കടക്ക് തലേന്ന് രാത്രി തീയിട്ടത് ഈ ഉദ്ദേശ്യത്തോടെയായിരുന്നു. രാത്രി കടയിലെ തീയണച്ച ശേഷം വീട്ടിലെത്തിയ പിതാവ് ബാലചന്ദ്രൻ പിറ്റേന്ന് രാവിലെ നേരത്തെ തന്നെ കടയിലെ നഷ്ടങ്ങളുടെ കണക്കെടുക്കാൻ പോയിരുന്നു. തലേന്ന് രാത്രി മുഴുവൻ ദൃശ്യയുടെ വീട്ടുപരിസരങ്ങളിൽ ഒളിച്ചിരുന്ന പ്രതി, ബാലചന്ദ്രൻ വീട്ടിൽ നിന്ന് ഇറങ്ങിയെന്ന് ഉറപ്പാക്കിയാണ് കൊലപാതകം നടത്താൻ ആ വീട്ടിലേക്ക് കയറിച്ചെന്നത്. വീട്ടിലെ കിടപ്പുമുറിയിൽ കിടന്നുറങ്ങുകയായിരുന്നു ദൃശ്യയെ കത്തി കൊണ്ട് പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ദൃശ്യയുടെ സഹോദരി ദേവശ്രീയെയും പ്രതി കുത്തി പരിക്കേൽപ്പിച്ചു. കൃത്യത്തിന് ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓട്ടോ ഡ്രൈവർ തന്ത്രപൂർവം തടഞ്ഞുവെക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.


ഭയപ്പെടുത്തുന്ന അക്രമവാസനയും പകയും മനസ്സിൽ സൂക്ഷിക്കുന്ന പുതിയ യുവത്വത്തിന്റെ ആൾരൂപമായാണ് വിനീഷ് വിനോദ് എന്ന പ്രതി സമൂഹത്തിന് മുന്നിൽ നിൽക്കുന്നത്. തന്റെ ഇഷ്ടത്തിന് മുന്നിൽ ആ പെൺകുട്ടിയുടെ ഭാവിയെ കുറിച്ചുള്ള ചിന്തികളൊന്നും ക്രൂരനായ ആ യുവാവിന് ഉണ്ടായിരുന്നില്ല. അതേസമയം, അഭിഭാഷകയാകുകയെന്ന തന്റെ വലിയ സ്വപ്‌നം യാഥാർഥ്യമാക്കാൻ മറ്റൊന്നിനെ കുറിച്ചും ദൃശ്യ ചിന്തിച്ചിരുന്നില്ല.


വിനീഷ് ശല്യം ചെയ്യുന്നതായി ദൃശ്യയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയപ്പോൾ പോലീസിന് അത് ഒട്ടേറെ പരാതികൾക്കിടയിൽ ഒന്നു മാത്രമായിരിക്കാം. എന്നാൽ ആ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തിയിരുന്നെങ്കിൽ പ്രതിയുടെ അക്രമവാസനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിക്കാനും ദൃശ്യയുടെ മരണം ഒഴിവാക്കാനും കഴിയുമായിരുന്നു. ഓരോ പരാതിയും ഓരോ ദുരന്തത്തിന്റെ സൂചനയാണെന്ന തിരിച്ചറിവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ടതുണ്ട്. പരാതികൾ അവഗണിക്കുമ്പോൾ അക്രമത്തിന് കളമൊരുങ്ങുകയാണ്. ദൃശ്യയുടെയും അവളുടെ കുടുംബത്തിന്റെയും ദുരവസ്ഥ അന്വേഷണ ഉദ്യോഗസ്ഥർക്കും പാഠമാകേണ്ടതുണ്ട്.

 

Latest News