'കഴിഞ്ഞ സംഭവങ്ങൾ ഉയർത്തെഴുന്നേറ്റൽ- കാലം തിരിച്ചു നടന്നാൽ.....' എന്നു തുടങ്ങുന്ന ഭാസ്‌കരൻ മാഷിന്റെ ഗാനം ആരും മറക്കില്ല. അതുപോലെ ഒന്നും മറക്കാത്ത ദേഹമാണ് നമ്മുടെ മുഖ്യമന്ത്രി എന്ന കാര്യം തന്നെ അഭിമാനകരം. പക്ഷേ, സ്വന്തം കാര്യം, വൈകുന്നേരത്തെ കോവിഡ് വാർത്താസമ്മേളനത്തിൽ വായിച്ച് അവതരിപ്പിക്കേണ്ട കാര്യമുണ്ടോ? ഉണ്ട്. നാരങ്ങാ മിഠായി പോലെ ഗതകാല സ്മരണകൾ നുണഞ്ഞുകൊണ്ടിരിക്കാൻ കോവിഡ് കാലം പോലെ മറ്റൊന്ന് വന്നുചേരുമെന്ന് കരുതാൻ വയ്യ.
രണ്ടു ക്രാന്തദർശികൾ അതു തിരിച്ചറിഞ്ഞു; പിണറായി വിജയനും കെ. സുധാകരനും. ഇരുവരും തലശ്ശേരി ബ്രണ്ണൻ കോളേജിലെ പഴയ 'ചവിട്ടും ഇടിയും കാലം' ഓർത്തെടുത്ത് ചാനലുകളിൽ വന്നിരുന്ന് രോമാഞ്ചം കൊള്ളുന്നു. വെള്ളിയാഴ്ച പിണറായിയെങ്കിൽ ശനിക്ക് സുധാകരൻ എന്ന മുറയ്ക്കാണ് അഭ്യാസം. ജനത്തിന് ഹരം പകരണമല്ലോ. വായനാദിനമായ പത്തൊമ്പതിന് കൊച്ചിയിൽ സുധാകരന്റെ പത്രസമ്മേളനം എന്നു കേട്ടവാറെ, അഗ്നിശമന സേനയും റഡാറുകളും കുതിച്ചുപാഞ്ഞു. ചാനലുകൾ രാവിലെ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കാത്തിരുന്നു. വൈദ്യുതി ഷോക്കേറ്റു കിടക്കുന്നതു പോലെയുള്ള അദ്ദേഹത്തിന്റെ സമ്മേളനത്തിനു മേമ്പൊടിയായി രാജ്‌മോഹൻ ഉണ്ണിത്താന്റെ സംശയ പ്രസ്താവനയും ചോദ്യവും- മുഖ്യമന്ത്രി എന്തിനാണ് പഴയ കാര്യങ്ങളൊക്കെ വിളിമ്പുന്നത്? കോളേജിൽ തല്ലുകൊള്ളാത്ത ഏതെങ്കിലും രാഷ്ട്രീയ പ്രവർത്തകനുണ്ടോ? എം.എ. ബേബി പണ്ടു തന്നെ തല്ലിയിട്ടുണ്ട്. പക്ഷേ 'സ്‌നേഹിക്കയുണ്ണീ, നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും' എന്ന കവിവാക്യം അനുസരിക്കുന്നത് സ്വന്തം ആരോഗ്യത്തിന് ഉത്തമമെന്നുറപ്പിച്ചു താൻ ബേബിയോടും മുരളിയോടും ഇന്നും സ്‌നേഹത്തോടെ പെരുമാറുന്നു. പണ്ടത്തെ തല്ല് തല്ലാണ്. അതിന്റെ ഓർമ പുതുക്കേണ്ടത് ക്യാമറകൾക്കു മുന്നിലല്ല! ഓരോ കൊല്ലവും മുടങ്ങാതെ കിഴിയും പിഴിച്ചിലുമായി ആയുർവേദ കേന്ദ്രങ്ങളിലാണ് അത് ആചരിക്കുന്നത്. അധികാരമുള്ളപ്പോഴാണെങ്കിൽ പല്ലുവേദനയ്ക്കും പിടലിക്കു പിടിത്തത്തിനും അമേരിക്കയിൽ വരെ പോകാം. എല്ലാ വേദനകളുടെയും തായ്‌വേര് ചികഞ്ഞാൽ എത്തിച്ചേരുക കോളേജ് വിദ്യാഭ്യാസ കാലത്തു തന്നെ.
എന്തായാലും പി.ആർ സംവിധാനത്തിൽ നിന്നും പുറത്തു കടന്ന പിണറായി വിജയൻ തൽസ്വരൂപം കാട്ടിയെന്നാണ് ഉണ്ണിത്താൻ പക്ഷം. ഒന്നും മറക്കുന്നവനല്ല സുധാകരനും. രണ്ടും ഒന്നു തന്നെ. കോൺഗ്രസ് പ്രസിഡന്റിനെ ഒന്നു വലയിൽ വീഴ്ത്താൻ കൊതിച്ചതു നടന്നു. അങ്കക്കലി വന്നാൽ കണ്ണും മൂക്കുമൊക്കെ മറക്കുന്നവരാണ് കണ്ണൂരിലെ ചേകവന്മാർ. 'മുട്ടിൽ മരം മുറി'യും ഇ.ഡി കേസുകളുമൊക്കെ മറന്ന് അൽപനേരം ആനന്ദിക്കാനുള്ള വക വോട്ട് ചെയ്തു ജയിപ്പിച്ചവർക്കും തോൽപിച്ചവർക്കും നൽകേണ്ടത് ഒരു കടമയാണ്. കഴിഞ്ഞ ഭരണകാലത്ത് മുന്നണിയിലെ കൊച്ചേട്ടന് ഒരു വിജ്ഞാപനവശാൽ പിണഞ്ഞ അബദ്ധത്തെ വല്യേട്ടൻ എങ്ങനെ പ്രതിരോധിച്ചു കരകയറ്റുന്നുവെന്ന് ഇനിയും 'ആറുമണി തള്ളു'കളിൽ കണ്ട് ആനന്ദിക്കാം. മുട്ടോളം വെള്ളത്തിൽ നിൽക്കുന്ന സി.പി.ഐ കുണുങ്ങിക്കുണുങ്ങി ഓടി കരകയറുന്നതു കണ്ട് നാട്ടുകാർ രോമാഞ്ചമണിയുന്നതു കാണാം. പൊട്ടക്കിണറ്റിൽ വീണ കുട്ടിക്കുറുമ്പനെ കാട്ടിലെ സ്വന്തം മദർ രക്ഷപ്പെടുത്തി കൊണ്ടുപോകുന്ന യുട്യൂബിലെ രംഗം പോലെ രോമാഞ്ചദായകമാണ് മുട്ടിൽ മരംമുറിയിലെ വല്യേട്ടന്റെ കൊച്ചേട്ട സ്‌നേഹ സാഹസങ്ങൾ. എന്നാൽ പിന്നെ ഇരുപാർട്ടികൾക്കും അങ്ങു ലയിച്ചുകൂടേ എന്നു ചോദിക്കരുത്.
ആദ്യം സൂചിപ്പിച്ച ഗാനത്തിൽ 'ചിലർക്കൊക്കെ രസിക്കും, ചിലർ പോയൊളിക്കും, ചിലരപ്പോൾ തന്നെ മരിക്കും' എന്നു കൂടിയുണ്ട്. ഒന്നും മറക്കുന്നവല്ല വല്യേട്ടൻ. തൽക്കാലം ചില രോമാഞ്ച രംഗങ്ങൾ കാണുക. കാലവർഷം തകർത്തു പെയ്യുന്നതിനാൽ കമ്പിളി കൂടി കരുതുന്നത് ഉത്തമം.
**** **** ****
അധികാരം, കൊടിവെച്ച കാർ, ഗൺമാൻ, എ മുതൽ ഇസഡ് വരെയുള്ള കാറ്റഗറി സുരക്ഷ ഇവയൊക്കെ ഒരു തരം ലഹരിയാണ്. 'ഇന്ദുലേഖയില്ലെങ്കിൽ അടിച്ചുതളിക്കാരിയായാലും മതി' എന്ന മട്ടിൽ കേന്ദ്രവും കേരളവുമില്ലാത്ത ചില നേതാക്കൾ ഇന്നും ദില്ലി നോക്കിയിരിക്കുന്നു. ദൂരക്കാഴ്ചയൊന്നുമില്ലാതെ ഹൈക്കമാന്റ് ഇങ്ങോട്ടും. 'വെറും സാധാരണ പ്രവർത്തകനായി കഴിഞ്ഞുകൂടാൻ അനുവദിക്കണേ' എന്ന അപേക്ഷയുമായി രമേശ്ജി ദില്ലിക്കു പറന്നു. മുരളീധരൻ ബിലാത്തിക്കുളത്തെ ഭാര്യാ ഗൃഹത്തിലേക്കു പോയി എന്നറിഞ്ഞ ഉടനെ തന്നെ കൊച്ചിയിൽ നിന്നു കെ.വി. തോമസ് മാഷ് ദില്ലിയിലേക്കു വിട്ടു. ബാഗിൽ രുചികരമായ 'തിരുത' മത്സ്യം കരുതിയിട്ടുണ്ടോ എന്നറിയില്ല. പദവിക്കു വേണ്ടി മുരളിയുമായി ഗുസ്തി പിടിക്കാൻ മാഷിന് ബാല്യമുണ്ടോ എന്നാണ് ശങ്ക.
**** **** ****
ഗണിതശാസ്ത്രം വേണ്ടതുപോലെ പഠിക്കാത്തവർക്ക് കെ. സുരേന്ദ്രൻ എന്ന ഉള്ളി സുരേന്ദ്രനെ പഴിപറയാം. പ്രതിക്കൂട്ടിൽ നിർത്താം. പാവപ്പെട്ടവൻ ഹെലികോപ്റ്ററിനു പതിനെട്ടു കാതം അകലെ നിൽക്കണമെന്നും ആകാശത്തു പറക്കുമ്പോൾ ഭൂമിയിൽ പിന്നാലെ നിഴൽ നോക്കി ഓടണമെന്നുമുള്ള കാലഹരണപ്പെട്ട നിയമം പൊളിച്ചടുക്കിയതു മുതൽ സുരേന്ദ്രന്റെ കൂടെ കഷ്ട കാലവുമുണ്ട്. അദ്ദേഹത്തിന്റെ പേരിലുള്ള അഴിമതി- കൈക്കൂലി ആരോപണം തന്നെ നോക്കുക:- കാസർകോട് മുതൽ സുന്ദരയെ ലക്ഷങ്ങൾ കൊടുത്തു സ്വാധീനിച്ചു, മത്സരത്തിൽ നിന്നു പിൻവലിക്കുന്നതിന്. എന്നിട്ട് വട്ടമിട്ടു തലസ്ഥാനത്ത് 'ചക്രവാളം' ഹോട്ടലിൽ പറന്നിറങ്ങി. ഗോത്ര വർഗത്തിന്റെ അനിഷേധ്യ നേതാവിനെ വരുത്തി കുറച്ചു ലക്ഷങ്ങൾ നൽകി- അവർ ഒന്നു മത്സരിക്കുന്നതിന്. ഐസക് ന്യൂട്ടന്റെ സിദ്ധാന്തമനുസരിച്ചായാലും കണക്കിലെ കൂട്ടലും കിഴിക്കലും ആയാലും സംഗതികൾ രണ്ടും കണക്കാക്കിയാൽ ഫലം വട്ടപ്പൂജ്യമല്ലേ? സുന്ദര പോയി സി.കെ. ജാനു വന്നു. പിന്നെ ഇതിൽ ആർക്കാണ് നഷ്ടം?
ഇനി 'പണ'ത്തിന്റെ കാര്യം പല വട്ടപ്പേരുകളും ചുമയ്ക്കാൻ ഇടയായ ഒരു സാധുവാണ് ഈ 'പണം'. ഉള്ളിയേരി സ്വദേശിയായതിനാൽ 'ഉള്ളി' സുരേന്ദ്രൻ എന്നു വിളിക്കപ്പെട്ടതു പോലെ തന്നെ. പണം പരസ്യമായി ഇടപാടുകളിൽ വെളുത്ത പണം, രഹസ്യമോ രേഖയില്ലാത്തതോ ആയാൽ കള്ളപ്പണം. ഇ.ഡി ഇടപെട്ട് അന്വേഷിച്ച പല കേസുകളും ഇപ്പോൾ 'അണ്ടർ ഗ്രൗണ്ടി'ലെന്ന പോലെ കഴിയുന്നു. നാളെ കൊടകരയും കാസർകോടുമൊന്നും കാണില്ല, നമ്മൾ രണ്ടുപേരും മാത്രമേ കാണൂ. റോഡിലിറങ്ങി നടക്കണം, ഭാര്യയെയും കുട്ടികളെയുമൊക്കെ കാണണം, ഒറ്റക്കൈയനോ കാലനോ ആകാതെ സൂക്ഷിക്കണം എന്നൊക്കെ സ്‌നേഹപൂർണമായ ഉപദേശങ്ങൾ കിട്ടുന്നതോടെ അന്വേഷണ കമ്മീഷനായാൽ പോലും തലയൂരും. ചില കേസുകൾ കേൾക്കുന്നതിൽനിന്നും സുപ്രീം കോടതി ജഡ്ജിമാർ വരെ പിൻവാങ്ങുന്ന കാലമാണ്. കുടുംബത്തെ ജയിലിൽ കിടന്നു കാണേണ്ടിവരും എന്ന് സംഘ്പരിവാർ പ്രേമിയും തൃശൂർ ജില്ലാ നേതാവും സർവോപരി ഒരു വാർഡിൽ പോലും ജയിച്ചിട്ടില്ലാത്ത വക്കീലദ്ദേഹവുമായ നേതാവ് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇത് രാജ്യത്തെമ്പാടുമുള്ള എതിർ ഭരണക്കാർക്കും ഇടതന്മാർക്കും ബാധകമാണെന്ന് കൊച്ചുകുഞ്ഞുങ്ങൾക്കു പോലും അറിയാം. കുഴൽപണത്തിൽ ഒരു കുഴലും ഇല്ലാത്തതിനാൽ കേസുമായി സഹകരിക്കുന്നതല്ല. തങ്ങൾക്കെതിരെ കേസെടുക്കുവാൻ പാടുള്ളതല്ല എന്ന് ഒരു തീട്ടൂരം മാരാർജി ഭവനിൽ ഫോട്ടോസ്റ്റാറ്റ് യന്ത്രത്തിൽ കിടന്നു കറങ്ങി വരികയാണ്.
**** **** ****
'ഇന്നലെയോളമെന്തെന്നറിഞ്ഞീല, ഇനി നാളെയുമെന്തന്നറിവീല' എന്നു പറഞ്ഞതു പോലെയാണ് ബി.ജെ.പി മന്ത്രി, നേതാക്കളുടെ കാര്യം. രണ്ടും ഒന്നു തന്നെ. മന്ത്രിക്കു പണി രാഷ്ട്രീയം. 'മുട്ടിൽ' മരംമുറി സംബന്ധിച്ച് കേന്ദ്ര മന്ത്രിക്കു പെറ്റിഷൻ കൊടുത്തത് കേരളത്തിലെ കേന്ദ്ര മന്ത്രി മുരളീധരൻ. മറ്റാരും ആ പാർട്ടിയിൽ ഇല്ലായിരുന്നുവോ എന്നാരും ചോദിച്ചുപോകും. ആ പെറ്റിഷന്റെ കാര്യം കവർ തുറന്നു നോക്കും മുമ്പേ തന്നെ കേരളത്തിൽ തിരിച്ചടി ഉണ്ടായി. അത്ര ചലനാത്മകമാണ് സംസ്ഥാന സർക്കാർ. വി. മുരളീധരന്റെ എസ്‌കോർട്ടും പൈലറ്റ് കാറും ഒറ്റയടിക്കു പിൻവലിച്ചു. മരംമുറി പോലൊരു വിജ്ഞാപനം അത്ര തന്നെ.
'എള്ളു കൊറിച്ചാൽ എള്ളോള'മെങ്കിലും സൗഖ്യം എന്നു പറഞ്ഞ പോലെ, മുരളീധർജിയും വിട്ടില്ല. തന്റെ വാഹനം ബേക്കറി ജംഗ്ഷനിലെ ഫാസ്റ്റ്ഫുഡ് കടയ്ക്കു മുന്നിലെത്തിയ പാടെ, ഗൺമാനെയും പുറത്താക്കി. ബദലുക്കു ബദൽ. ഗൺമാൻ പാവം കേരള പോലീസാണല്ലോ. നടന്നുചെന്ന് ആഭ്യന്തര-മുഖ്യമന്ത്രിക്കു പരാതി കൊടുക്കാൻ ഏഴു മിനിറ്റ് ദൂരം മാത്രം. കേന്ദ്രത്തിൽ തകൃതിയായി മന്ത്രിസഭാ വികസന ചർച്ച നടക്കുന്ന കാലമാണ്. കേന്ദ്രവും പിണറായിയുമായുള്ള സൗഹൃദമെങ്കിലും നമ്മുടെ സംസ്ഥാന കേന്ദ്ര മന്ത്രിമാർ ഓർക്കണമായിരുന്നു. മറ്റൊരു സർക്കാരായിരുന്നു ദില്ലിയിലെങ്കിൽ, പൂജ്യം സീറ്റുകളുടെ പാർട്ടിക്ക് മന്ത്രിസ്ഥാനമോ ചെയർമാൻ സ്ഥാനമോ പോലും ലഭിക്കില്ലായിരുന്നു എന്ന സാമാന്യ വിവരമെങ്കിലും മുരളീധരനു വേണ്ടിയിരുന്നു. പിണറായിയെ പിണക്കാതെ നോക്കുക.