Sorry, you need to enable JavaScript to visit this website.

തിരിതെളിഞ്ഞു; കലോത്സവത്തിന് തുടക്കം

തൃശൂർ - സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. തൃശൂർ തേക്കിൻകാട് മൈതാനിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. ലോകത്തിന് മുന്നിൽ കേരളം കാഴ്ച്ചവെക്കുന്ന സാംസ്‌കാരിക പ്രതിരോധത്തിന്റെ ഏറ്റവും വലിയ തെളിവാണ് കലോത്സവമെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അസൗകര്യം മൂലം ചടങ്ങിനെത്തിയിരുന്നില്ല. സൂര്യ കൃഷ്ണമൂർത്തി ഒരുക്കിയ ദൃശ്യവിസ്മയം ചടങ്ങിന് കൊഴുപ്പേകി. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിനെ കലയുടെ കടലാക്കി പന്ത്രണ്ടായിരത്തോളം പ്രതിഭകൾ ഇന്നുമുതൽ അഞ്ചുദിവസം പൂരനഗരിയിൽ കലാമത്സരങ്ങളുടെ കുടമാറ്റം നടത്തും. കലോത്സവത്തിനു മുന്നോടിയായി പൊതുവിദ്യഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ പതാക ഉയർത്തി. 
24 വേദികളിലായാണ് കലോത്സവം നടക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 8.45 മുതൽ 9.45 വരെ ആയിരം കുട്ടികളുടെ തിരുവാതിരക്കളിയും തേക്കിൻകാട് മൈതാനിയിലെ പന്ത്രണ്ട് വേദികളിലായി പതിനാല് കലാരൂപങ്ങളുടെ അവതരണവും അടങ്ങുന്ന ദൃശ്യവിസ്മയം പരിപാടി ഏവരെയും ആകർഷിച്ചു. പ്രധാനവേദിയായ തേക്കിൻകാട് എക്‌സിബിഷൻ ഗ്രൗണ്ടിലെ നീർമാതളത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ജില്ലയിലെ 58 സംഗീത അധ്യാപകർ അവതരിപ്പിക്കുന്ന സ്വാഗതഗാനത്തോടും കേരള കലാമണ്ഡലം ഒരുക്കുന്ന ദൃശ്യാവിഷ്‌കാരത്തോടും കൂടിയാണ് ഉദ്ഘാടന പരിപാടികൾ തുടങ്ങിയത്. കൃഷിവകുപ്പു മന്ത്രി വി.എസ്.സുനിൽകുമാർ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി എ.സി.മൊയ്തീൻ മുഖ്യപ്രഭാഷണം നിർവഹിക്കും. മേയർ അജിത ജയരാജൻ, എംപിമാരായ സി.എൻ.ജയദേവൻ, പി.കെ.ബിജു, സി.പി.നാരായണൻ, ഗായകൻ പി.ജയചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. 
ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടത്തോടെയാണ് കലോത്സവവേദിയുണരുക. ആകെയുള്ള 24 വേദികളിൽ ഇരുപത്തിയൊന്ന് വേദികളിലും ഇന്ന് മത്സരങ്ങൾ നടക്കും.

Latest News