ന്യൂദൽഹി -ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ ആരോപണമുന്നയിച്ച് വെട്ടിലായ പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച്ച പാർലമെന്റിൽ മൻമോഹൻ സിംഗിനെ ഹസ്തദാനം ചെയ്തു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ സമാപന ദിനത്തിലാണ് രാജ്യസഭയിൽ മൻമോഹന്റെ സീറ്റിനരികിലെത്തി മോഡി കൈപിടിച്ചു കുലുക്കി സൗഹൃദം പങ്കിട്ടത്. ഈ സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ, മൻമോഹൻ സിംഗിനെ അവഹേളിച്ച മോഡി മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു. വ്യാജ പ്രചാരണങ്ങൾ തന്നെ വേദനിപ്പിച്ചുവെന്ന് മൻമോഹൻ പ്രതികരിക്കുകയും ചെയ്തിരുന്നു.
വെളളിയാഴ്ച രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി ഉപാധ്യക്ഷൻ എം വെങ്കയ്യ നായിഡു പ്രഖ്യാപിച്ചതിനു തൊട്ടുപിറകെയാണ് പ്രധാനമന്ത്രി മോഡി സീറ്റിൽ നിന്ന് എഴുന്നേറ്റ് നടന്ന് മൻമോഹൻ സിങിന്റെ സീറ്റിനികരിലെത്തി ഹസ്തദാനം ചെയ്ത് കുശലാന്വേഷണം നടത്തിയത്. ഇരുവരും എന്താണു സംസാരിച്ചതെന്നു വ്യക്തമല്ല.
സംഭവത്തിൽ മോഡി ക്ഷമാപണം നടത്തിയില്ലെങ്കിലും ക്ഷമാപണ സ്വരത്തിൽ മോഡിക്കു വേണ്ടി പാർലമെന്റിൽ അരുൺ ജെയ്റ്റ്‌ലി വിശദീകരണം നൽകിയിരുന്നു. മൻമോഹന്റെ രാജ്യത്തോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്തിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.