Sorry, you need to enable JavaScript to visit this website.

വിസ്മയയുടെ മരണം, ഭർത്താവ് അറസ്റ്റിൽ

കൊല്ലം- കൊല്ലത്ത് യുവതി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവും കുന്നത്തൂർ ആർ.ടി ഓഫിസിൽ അസി.മോട്ടോർ വെഹിക്കിൾ ഓഫീസറുമായ ശാസ്താംനട അമ്പലത്തുംഭാഗം ചന്ദ്രഭവനത്തിൽ കിരൺകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കിരണിന്റെ ഭാര്യവിസ്മയ(മാളു,24) ആണ് മരിച്ചത്. വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയോട് ചേർന്ന കുളിമുറിയിലെ വെന്റിലേറ്ററിലെ കമ്പിയിലാണ് വിസ്മയയെ തൂങ്ങിമരിച്ചനിലയിൽ ഇന്നലെ പുലർച്ചെ നാലോടെ കണ്ടെത്തിയത്. തുടർന്ന്
ഭർത്താവും ബന്ധുക്കളും ചേർന്ന് വിസ്മയയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരികരിച്ചിരുന്നു. അതോടെ കിരൺ ഒളിവിൽ പോയി.സംഭവസമയം വിസ്മയയെ കൂടാതെ കിരണും മാതാപിതാക്കളായ സദാശിവൻ പിള്ളയും ചന്ദ്രികയമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.നാട്ടുകാരോടും സുഹൃത്തുക്കളോടും അടുപ്പം പുലർത്താത്ത പ്രകൃതക്കാരനായിരുന്നു കിരണെന്ന് പറയപ്പെടുന്നു.ഇതിനാൽ ഇവരുടെ വീട്ടിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ അയൽവാസികൾ പോലും അറിഞ്ഞിരുന്നില്ല.കഴിഞ്ഞ ദിവസം വിസ്മയ സഹോദരന് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.

കൂടാതെ മൃതദേഹം ബന്ധുക്കൾ എത്തുംമുമ്പ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയിലും കിരൺ വിസ്മയയെ മർദിച്ചിരുന്നു. ഇതു സംബന്ധിച്ച് വിസ്മയ വാട്‌സാപ്പിലൂടെ വീട്ടുകാരെ വിവരം അറിയിച്ചിരുന്നു.ശരീരത്തിൽ മർദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയിരുന്നു.സന്ദേശം ലഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച വിവരം വീട്ടുകാർ അറിഞ്ഞത്.ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഒരു വർഷം മുമ്പാണ് വിസ്മയയും കിരണും വിവാഹിതരായത്.വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം പതിവായിരുന്നു.

ശാരീരികവും മാനസികവുമായ ഉപദ്രവം തുടർന്നതോടെ വിസ്മയ സ്വന്തം വീട്ടിലേക്ക് പിണങ്ങി പോയിരുന്നു.ബി.എ.എം.എസിന് പഠിക്കുകയായിരുന്ന വിസ്മയ അവസാന വർഷ പരീക്ഷ കഴിഞ്ഞതോടെ ഒരുമിച്ച് താമസിക്കാൻ വീണ്ടും തയ്യാറായി.യുവതി തന്നെ താൽപര്യമെടുത്ത് കിരണിനൊപ്പം പോവുകയായിരുന്നു.എന്നാൽ പൊരുത്തക്കേടുകൾ വീണ്ടും തുടങ്ങി.വിവാഹ സമയത്ത് കിരണിന്റെ വീട്ടുകാർ ആവശ്യപ്പെട്ട പ്രകാരമുള്ള പണവും സ്വർണവും സ്ത്രീധനമായി നൽകിയിരുന്നു.പിന്നീട് കിരൺ ആവശ്യപ്പെട്ട പ്രകാരം 10 ലക്ഷം രൂപ വില മതിക്കുന്ന കാറും നൽകി.എന്നാൽ ഏതാനും മാസം മുമ്പ് ഈ കാർ വിറ്റ് പണം നൽകണമെന്ന് കിരൺ വിസ്മയെ നിർബന്ധിച്ചു.എന്നാൽ വായ്പയെടുത്ത് വാങ്ങിയ വാഹനമായതിനാൽ ഉടൻ വിറ്റ് പണം നൽകാൻ കഴിയില്ലെന്ന് വിസ്മയയുടെ വീട്ടുകാർ അറിയിച്ചു.ഇതിനെ തുടർന്ന് വഴക്കും ഉപദ്രവവും പതിവായി.പീഡനം പതിവായതോടെ വിസ്മയയുടെ പിതാവ് നിലമേൽ സ്വദേശി ത്രിവിക്രമൻ നായർ ശൂരനാട് പൊലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരു കൂട്ടരെയും സ്‌റ്റേഷനിൽ വിളിപ്പിച്ച് പ്രശ്‌നം പരിഹരിച്ചെങ്കിലും കിരൺ പിന്നീടും ക്രൂരമർദനം തുടരുകയായിരുന്നു.

ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി മരണം നടന്ന വീട്ടിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.അതിനിടെ സ്ത്രീധന പീഡന പരാതി ഉയർന്നതോടെയാണ് വിഷയത്തിൽ വനിതാ കമ്മിഷനും യുവജന കമ്മിഷനും ഇടപെട്ടിട്ടത്. കമ്മിഷനംഗം ഷാഹിദ കമാൽ സംഭവത്തിൽ കൊല്ലം റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി.
 

Latest News