കോഴിക്കോട്- മുസ്ലീം ലീഗിൽ പുതിയ കാർ വിവാദം. സംസ്ഥാന ജനറൽ സെക്രട്ടറി ഉപയോഗിച്ചിരുന്ന സംസ്ഥാന കമ്മിറ്റിയുടെ കാർ പുതുതായി ചുമതലയേറ്റ ജനറൽ സെക്രട്ടറിക്ക് മാസങ്ങൾ പിന്നിട്ടിട്ടും കൈമാറാത്തതാണ് വിവാദത്തിന് കാരണം. പുതിയ ജനറൽ സെക്രട്ടറി സ്ഥാനമേറ്റെടുത്ത് മൂന്നു മാസം പിന്നിട്ടിട്ടും സംസ്ഥാന കമ്മിറ്റിയുടെ കാർ ഇതേവരെ കൈമാറിയിട്ടില്ല. മുൻ ജനറൽ സെക്രട്ടറി തന്നെയാണ് കാർ ഇപ്പോഴും ഉപയോഗിക്കുന്നത് എന്നാണ് വിവരം.
ജനറൽ സെക്രട്ടറിമാർക്ക് പാർട്ടി ആവശ്യങ്ങൾക്കുള്ള യാത്രക്ക് വേണ്ടിയാണ് കാർ സംസ്ഥാന സമിതി വാങ്ങിയത്. വർഷങ്ങളോളം ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്നയാൾ തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്തും തെരഞ്ഞെടുപ്പിന് ശേഷവും കാർ ഉപയോഗിക്കുന്നത്. കാർ ലഭിക്കാത്തതിനെ തുടർന്ന് സ്വന്തം വാഹനത്തിലാണ് പുതിയ ജനറൽ സെക്രട്ടറി യാത്ര ചെയ്യുന്നത്.
അതേസമയം, വിഷയത്തിൽ ഇടപെടണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട് കഴിഞ്ഞ ദിവസം ഒരു സംഘം നേതാക്കൾ നേരിട്ടെത്തി ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് അടുത്ത ദിവസം തന്നെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.