റിയാദ് - ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ യോഗ സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടു. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ സൗദി സ്‌പോർട്‌സ് മന്ത്രാലയത്തിന് വേണ്ടി ലീഡേഴ്‌സ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ജനറൽ അബ്ദുല്ല ഫൈസർ ഹമ്മാദും ആയുഷ് മന്ത്രാലയത്തിന് കീഴിലെ മൊറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് യോഗക്ക് വേണ്ടി ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
സൗദി അറേബ്യയിൽ യോഗ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ എല്ലാ സഹകരണവും ഇതുവഴി ലഭ്യമാകും. യോഗ പഠിപ്പിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങളും തുറക്കും. ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യമാണ് ഒരു രാജ്യം യോഗ സഹകരണത്തിന് ഇന്ത്യയുമായി കരാർ ഒപ്പുവെക്കുന്നത്.
രാവിലെ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡറുടെ അധ്യക്ഷതയിൽ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് യോഗ ഡയറക്ടർ ഡോ. ബസവ റെഡ്ഡി അന്താരാഷ്ട്ര യോഗദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ യോഗ ക്ലബ് സ്വാമി വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച ഈ വർഷത്തെ യോഗമിത്ര അവാർഡ് അംബാസഡർ ഡോ. ഔസാഫ് സഈദിന് ഇന്ത്യൻ കമ്മ്യൂണിറ്റിയും അന്താരാഷ്ട്ര യോഗ സമൂഹവും ചേർന്ന് സമ്മാനിച്ചു.
യോഗദിനാഘോഷ പരിപാടിയുടെ ഭാഗമായി മൂന്നു ദിവസം യോഗ ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. സൗദി കലാകാരികളുടെ സംഘടനയായ സെനർജിയും ഇന്റർനാഷണൽ യോഗ ക്ലബ്ബും സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. യോഗയും സൗദി- ഇന്ത്യൻ സംസ്‌കാരവും വിഷയമാക്കിയുള്ള അമ്പതോളം ചിത്രങ്ങളാണ് സൗദി വനിതകളുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിയിരുന്നത്.