കൊല്ലം- ശാസ്താംകോട്ട ശൂരനാട് ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂടിയായ കിരണിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മകളെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ രംഗത്തെത്തി. കാറു വില്‍ക്കണമെന്നാവശ്യപ്പെട്ട് വിസ്മയയെ കിരണ്‍ മര്‍ദ്ദിക്കുമായിരുന്നുവെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
മൂന്നു മാസമായി മകള്‍ക്കു നേരെ കടുത്ത മര്‍ദ്ദനമായിരുന്നു. കടയ്ക്കലിലെ സ്വന്തം വീട്ടിലേക്ക് വന്നെങ്കിലും പിന്നീട് വിസ്മയ വീണ്ടും ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി. കടയ്ക്കലിലെ വീട്ടിലും കിരണ്‍ മകളെ തല്ലിയെന്നും അച്ഛന്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ എസ്.ഐയേയും കൈയേറ്റം ചെയ്തു. മര്‍ദ്ദനമേറ്റ ചിത്രങ്ങള്‍ മകള്‍ അയച്ചത് പോലീസിനും വനിതാ കമ്മിഷനും കൈമാറിയെന്നും വിസ്മയയുടെ അച്ഛന്‍ വ്യക്തമാക്കി.