നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ ) വന്‍ സ്വര്‍ണ വേട്ട നടത്തി. ഒരു കോടി രൂപ വിലമതിക്കുന്ന 1998 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ജാഫറാണ് ദോഹയില്‍നിന്ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ സ്വര്‍ണവുമായി എത്തിയത്. എമര്‍ജന്‍സി ലൈറ്റിന്റെ ബാറ്ററിയുടെ അടിഭാഗത്താണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്.
രഹസ്യവിവരം ലഭിച്ചതിന്റെ ആസ്ഥാനത്തിലാണ് കൊച്ചിയില്‍നിന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥന്‍മാര്‍ വിമാനത്താവളത്തിലെത്തി സ്വര്‍ണം പിടിച്ചത്. പിടികൂടിയ സ്വര്‍ണ്ണം കണ്ടു കെട്ടിയിട്ടുണ്ട്. യാത്രക്കാരനെ ഡിആര്‍ഐ കസ്റ്റഡിലെടുത്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി എറണാകുളം സാമ്പത്തിക കുറ്റാന്വോഷണ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം 30 കിലോഗ്രാം ഹെറൊയിനുമായി വന്ന സിംബാബ്‌വെ യുവതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് വിഭാഗത്തെ കബളിപ്പിച്ച് പുറത്ത് കടന്നിരുന്നു .ഈ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ യുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.