നജ്‌റാന്‍- സൗദിയില്‍ യെമനുമായി അതിര്‍ത്തി പങ്കിടുന്ന നജ്‌റാന്‍ പ്രവിശ്യക്കുനേരെ ഹൂത്തി മിലീഷ്യ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമപ്രതിരോധ സംവിധനം തകര്‍ത്തു. സൗദിക്കുനേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന പ്രസ്താവന ഹുത്തികളുമായി ബന്ധമുള്ള അല്‍ മസീറാ ചാനല്‍ സംപ്രഷേണം ചെയ്ത ഉടനെയായിരുന്നു സംഭവം.
ഹുത്തി സായുധസംഘങ്ങള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നതിന്റെ മറ്റൊരു തെളിവാണിതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം തെരഞ്ഞെടുത്താണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സൗദി വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത മിസൈലിന്റെ ഭാഗം വീണ് ഒരു കാറിനു കേടു പറ്റിയതൊഴിച്ച് ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം ഹൂത്തികള്‍ റിയാദിലെ അല്‍ യമാമ കൊട്ടാരം ലക്ഷ്യമിട്ട് അയച്ച ബാലിസ്റ്റിക് മിസൈല്‍ സൗദി പ്രതിരോധ സേന തകര്‍ത്തിരുന്നു. നവംബറില്‍ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് തൊടുത്ത മിസൈലും ആകാശത്തുവെച്ചു തന്നെ വെടിവെച്ചിട്ടിരുന്നു.