Sorry, you need to enable JavaScript to visit this website.

എട്ട് വിധികർത്താക്കൾ പിൻമാറി; വിജിലൻസ് സംവിധാനം ശക്തമാക്കിയതിനാലെന്ന് ഡി.പി.ഐ

തൃശൂർ - സംസ്ഥാന സ്‌കൂൾ കലോത്സവം തുടങ്ങാൻ മണിക്കൂറുകൾ അവശേഷിക്കെ എട്ട് വിധികർത്താക്കൾ അപ്രതീക്ഷിതമായി പിൻമാറി. നൃത്ത ഇനങ്ങളിലെ എട്ട് വിധികർത്താക്കളാണ് വ്യക്തമായ കാരണമൊന്നും പറയാതെ പിൻമാറിയത്. വിജിലൻസ് സംവിധാനം ശക്തമാക്കിയെന്ന് അറിഞ്ഞതിന് ശേഷമാണ് വിധികർത്താക്കൾ പിൻമാറിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പ്രതികരിച്ചു. 
കലോത്സവത്തിന്റെ വിധിനിർണയം സുതാര്യമാകണമെന്നും വിജിലൻസ് സംവിധാനം കണ്ണൂരിലേതിനേക്കാൾ ശക്തമാണെന്നും വിധികർത്താക്കളെ അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി പത്തു വിധികർത്താക്കൾ തങ്ങൾ വിധിനിർണയത്തിൽനിന്ന് പിൻമാറുകയാണെന്ന് ഫോണിൽ വിളിച്ചറിയിച്ചതെന്ന് ഡി.പി.ഐ പറഞ്ഞു. പെട്ടെന്നുണ്ടായ പിൻമാറ്റത്തെ തുടർന്ന് പുതിയ വിധികർത്താക്കളെ അവസാന നിമിഷം നിശ്ചയിക്കുകയെന്ന പ്രതിസന്ധിയുണ്ടായെങ്കിലും നേരത്തെ തയാറാക്കിയ ജഡ്ജിംഗ് പാനലിലുള്ളവരെ ഉൾപ്പെടുത്തി പുതിയ വിധികർത്താക്കളെ നിശ്ചയിച്ച് പ്രതിസന്ധി മറികടന്നതായും ഡി.പി.ഐ വ്യക്തമാക്കി. വിധിനിർണയത്തിൽ ഒരുവിധത്തിലുള്ള പുറം ഇടപെടലുകൾ ഇല്ലാതിരിക്കാനും കള്ളക്കളികൾ ഒഴിവാക്കാനുമെല്ലാമായി വിജിലൻസ് സംവിധാനം ശക്തമാക്കിയിട്ടുണ്ട്.  വിധികർത്താക്കൾ പിൻമാറിയതുമായി ബന്ധപ്പെട്ട പ്രതിസന്ധികളെല്ലാം തീർന്നുവെന്നും തടസമില്ലാതെ കലോത്സവങ്ങൾ നടക്കുമെന്നും ഡി.പി.ഐ പറഞ്ഞു.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായ കർശനമായ വിജിലൻസ് മേൽനോട്ടത്തിലാണ് കലോത്സവം നടക്കുന്നത്. തെറ്റിദ്ധാരണമൂലമാണ് വിധികർത്താക്കളുടെ പിൻമാറ്റമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സുതാര്യതക്ക് വേണ്ടിയാണ് വിജിലൻസ് സംവിധാനമെന്നും ചിലർക്ക് പ്രതിഷേധമുണ്ടെന്ന് കരുതി അത് ഉപേക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം പിൻമാറിയ വിധികർത്താക്കളുമായി സംസാരിക്കും. അവർക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
 

Latest News