Sorry, you need to enable JavaScript to visit this website.

അച്ചടക്കത്തിന്റെ വടിയെടുത്ത് പി.എം.എ സലാം, മുസ്ലീം ലീഗിൽ ചർച്ചകൾ സജീവം

കോഴിക്കോട്- സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ കീഴിൽ മുസ്ലിം ലീഗ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമോ. ലീഗ് കേന്ദ്രങ്ങൾ സ്വകാര്യ ഗ്രൂപ്പുകളിലെ കാര്യമായ ചർച്ചകളിൽ ഒന്നാണിത്. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പി.എം.എ സലാം സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിൽ എത്തിയതെങ്കിലും തെക്കൻ ജില്ലകളിലടക്കം പി.എം.എ സലാം കാര്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നാണ് പ്രവർത്തകരുടെ വികാരം. നേരത്തെ രണ്ടോ മൂന്നോ ജില്ലകളിൽ മാത്രമായിരുന്നു സംസ്ഥാന നേതൃത്വം കാര്യമായി ശ്രദ്ധിക്കാറുണ്ടായിരുന്നത്. മറ്റു ജില്ലകളിൽ അതാത് ജില്ലാ കമ്മിറ്റികൾ തന്നെ തീരുമാനിക്കട്ടെ എന്നായിരുന്നു പൊതുനിലപാട്. ഈ തീരുമാനം ആ ജില്ലകളിൽ ഇടയാക്കിയത് ശക്തമായ ഗ്രൂപ്പുവഴക്കുകൾക്കും പടലപ്പിണക്കങ്ങൾക്കുമാണ്. ലീഗിന് നേരത്തെ കാര്യമായ സ്വാധീനമുണ്ടായിരുന്ന എറണാകുളം, കൊല്ലം തുടങ്ങിയ ജില്ലകളിൽ ലീഗിന്റെ പ്രവർത്തനം പിറകിലേക്ക് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഗ്രൂപ്പു വഴക്കുകളായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ പി.എം.എ സലാമിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുകളിൽ ഒന്നായിരുന്നു എറണാകുളം ജില്ലയിലെ തർക്കം. മുൻ മന്ത്രിയുടെയും എം.എൽ.എയുടെയും നേതൃത്വത്തിൽ ശക്തമായ ഗ്രൂപ്പുപോര് നിലനിന്ന എറണാകുളം ജില്ലയിൽ ഈ തെരഞ്ഞെടുപ്പോടെ ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടമായി. 
കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പി.എം.എ സലാം വിമതർക്കും ഗ്രൂപ്പു നേതാക്കൾക്കും ശക്തമായ താക്കീതാണ് നൽകിയത്. ഇതുവരെയുള്ള രീതിയിൽ മുന്നോട്ടുപോകാനാകില്ലെന്നും നടപടി നേരിടേണ്ടി വരുമെന്നും സലാം താക്കീത് നൽകി. മണിക്കൂറുകളോളം നീണ്ടുനിന്ന ചർച്ചക്ക് ശേഷമാണ് കൊച്ചിയിൽ യോഗം അവസാനിച്ചത്. ഇതേവരെ ഒരു യോഗത്തിലേക്ക് ഒന്നിച്ച് വരാത്ത നേതാക്കളെ പോലും യോഗത്തിനെത്തിക്കാൻ പി.എം.എ സലാമിന് കഴിഞ്ഞു. നേതാക്കൾക്കും പ്രവർത്തകർക്കും പറയാനുള്ളത് മുഴുവൻ കേട്ട ശേഷമായിരുന്നു സലാമിന്റെ മറുപടി പ്രസംഗം.  
കളമശ്ശേരി മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി തോറ്റതിനെ സംബന്ധിച്ച് ചൂടേറിയ വാദപ്രതിവാദങ്ങൾ യോഗത്തിൽ നടന്നുവെന്ന് പി.എം.എ സലാം തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലേത് പോലെ സമാനമായ യോഗമായിരുന്നു പത്തനംതിട്ടയിലും നടന്നത്. വിവിധ മണ്ഡലം കമ്മിറ്റികളിൽനിന്ന് റിപ്പോർട്ട് തേടിയ ശേഷം പരാജയം കാരണം സംബന്ധിച്ച് കൂടുതൽ വിലയിരുത്തലുകൾ നടത്തുമെന്നാണ് പി.എം.എ സലാം വ്യക്തമാക്കിയത്. 
തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷം നടക്കുന്ന ചർച്ചകൾ കൂടുതൽ ഫലപ്രദമാകണം എന്ന നിലപാടാണ് തനിക്കെന്ന് പി.എം.എ സലാം യോഗത്തിൽ വ്യക്തമാക്കി. മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ഗ്രൂപ്പു വഴക്ക് നടക്കുന്ന എറണാകുളം ജില്ലയിൽ നേതാക്കൾ തമ്മിൽ വെടിനിർത്തലുണ്ടായാൽ അത് പാർട്ടിക്ക് നൽകുന്ന ആശ്വാസം ചെറുതായിരിക്കില്ല. അതേസമയം, പി.എം.എ സലാമിനെതിരെ ഒരു വിഭാഗം അണിയറ നീക്കം തുടങ്ങിയതായും വാർത്തകളുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മുസ്ലിം ലീഗ് കറക്ടീവ് ഫോറം ഇതിന്റെ ഭാഗമാണ്. കെ.പി.എ മജീദിനെ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിലേക്ക് തിരികെ കൊണ്ടുവരികയാണ് കറക്ടീവ് ഫോറത്തിന്റെ പേരിൽ ഇറങ്ങിയ നോട്ടീസിന്റെ ലക്ഷ്യം. ആരാണ് ഈ സന്ദേശങ്ങൾക്ക് പിന്നിലെന്നത് സംബന്ധിച്ച് പാർട്ടി അന്വേഷണം നടത്തിയേക്കും. അതിനിടെ, സംസ്ഥാന ജനറല്‍ സെക്രട്ടറിക്കുള്ള പാര്‍ട്ടിയുടെ കാര്‍ ഇപ്പോഴും മുന്‍ ജനറല്‍ സെക്രട്ടറി തന്നെയാണ് ഉപയോഗിക്കുന്നത് എന്ന വിവാദവും ലീഗിനകത്ത് ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇടപെട്ടതായാണ് സൂചന.  
 

Latest News