Sorry, you need to enable JavaScript to visit this website.

പ്രമോദ് രാമന്‍ മനോരമ ന്യൂസില്‍നിന്ന് രാജിവെച്ചു

കൊച്ചി- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന്‍ മനോരമ ന്യൂസില്‍നിന്ന് രാജിവെച്ചു. ജൂലൈ ഒന്നിന് മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കും.
മലയാളത്തിലെ പുതുനിര കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പ്രമോദ് രാമന്‍ കാസര്‍കോട് രാവണീശ്വരം സ്വദേശിയാണ്. കൊച്ചിയിലാണ് സ്ഥിരതാമസം. ഇന്ത്യയില്‍ ഒരു സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തല്‍സമയ വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് പ്രമോദ് രാമന്‍. ഏഷ്യാനെറ്റിന് വേണ്ടി 1995 സെപ്റ്റംബര്‍ 30ന് ഫിലിപ്പൈന്‍സില്‍ നിന്നായിരുന്നു വാര്‍ത്താവതരണം.
കേരള പ്രസ് അക്കാദമിയില്‍ നിന്ന് 1989-1990 ബാച്ചില്‍ ജേണലിസം പൂര്‍ത്തിയാക്കിയ പ്രമോദ് രാമന്‍ ദേശാഭിമാനിയിലാണ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. സദ് വാര്‍ത്ത ദിനപത്രത്തില്‍ പ്രവര്‍ത്തിച്ചശേഷം ഏഷ്യാനെറ്റ് ആരംഭിച്ചപ്പോള്‍ മുതല്‍ ചാനലിലെത്തി.
 ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എഡിറ്റോറിയല്‍ ടീമില്‍ പ്രമോദ് രാമനും ഉണ്ടായിരുന്നു. പിന്നീടാണ് മനോരമ ന്യൂസിന്റെ ഭാഗമായത്.
രതിമാതാവിന്റെ പുത്രന്‍, ഛേദാംശജീവിതം, നപുംസകരുടെ പത്ത് പടവുകള്‍ എന്നീ കഥകള്‍ പരമ്പരാഗത പ്രമേയ സ്വീകരണവും ആഖ്യാനശൈലിയും മറികടന്നുള്ളവയെന്ന നിലയില്‍ കൂടി ചര്‍ച്ചയായിരുന്നു. രതിമാതാവിന്റെ പുത്രന്‍, ദൃഷ്ടിച്ചാവേര്‍, മരണമാസ്, ബാബ്‌റി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു എന്നീ കഥാസമാഹാരങ്ങളും പ്രമോദ് രാമന്റേതായി പുറത്തുവന്നിട്ടുണ്ട്.
കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി പ്രമുഖ സംവിധായകന്‍ കെ.പി കുമാരന്‍ ഒരുക്കിയ ഗ്രാമൃക്ഷത്തിലെ കുയില്‍ എന്ന സിനിമയില്‍ മൂര്‍ക്കോത്ത് കുമാരനെ അവതരിപ്പിച്ചത് പ്രമോദ് രാമനായിരുന്നു.

 

Latest News