തൃശൂർ - ഈ ഒരു കളി കഴിയുന്നതോടെ തേക്കിൻകാട്ടിലെ ചീട്ടുകളിക്കാർ താൽക്കാലികമായി ഇവിടെനിന്നു മാറേണ്ടതാണെന്ന് പോലീസ് പറഞ്ഞപ്പോൾ എതിർക്കാതെ അവർ സമ്മതിച്ചു. അവർ തേക്കിൻകാട് മൈതാനത്തെ സ്ഥിരം ചീട്ടുകളിക്കാർ.
അവർ ആകെ തേക്കിൻകാടൊഴിഞ്ഞു കൊടുക്കുന്നത് തൃശൂർ പൂരത്തിനുവേണ്ടി മാത്രമാണ്. അല്ലാത്തപ്പോഴെല്ലാം അവർ തേക്കിൻകാട് സ്വന്തം വീടുപോലെ കരുതി ചീട്ടുകളിച്ചുകൊണ്ടിരിക്കാറുണ്ട്. എന്നാൽ സംസ്ഥാന സ്‌കൂൾ കലോത്സവം തേക്കിൻകാട് മൈതാനിയിലെ വേദികളിൽ നടക്കാനിരിക്കെ ചീട്ടുകളിക്കാരെ താൽക്കാലികമായി ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ വിവരം ചീട്ടുകളിക്കാരോട് പറഞ്ഞപ്പോൾ അവർ എതിർപ്പൊന്നും കൂടാതെ, മനസില്ലാമനസോടെ എന്നാൽ എല്ലാം കുട്ടികൾക്കു വേണ്ടിയാണല്ലോ എന്ന ആശ്വാസത്തോടെ സമ്മതം മൂളുകയായിരുന്നു. അങ്ങിനെ ക്ലാവറും ജോക്കറും ചെവിയിൽ കുണുക്കിട്ട കളിക്കാരും തേക്കിൻകാട് മൈതാനത്തോട് തൽക്കാലം വിട ചൊല്ലി. തൃശൂർ പൂരത്തിന് മാത്രമല്ല സംസ്ഥാന സ്‌കൂൾ കലോത്സവത്തിനും തേക്കിൻകാട് മൈതാനിയിലെ സ്ഥിരം ചീട്ടുകളി സംഘങ്ങൾ ത്യാഗം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്.
പൂരത്തിന് രണ്ടു ദിവസമാണ് തേക്കിൻകാട് അവർ പൂരപ്രേമികൾക്കായി വിട്ടുകൊടുക്കുന്നതെങ്കിൽ തൃശൂർ ആതിഥ്യമരുളുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായി അഞ്ചു ദിവസമാണ് തങ്ങളുടെ കളിക്കളം അവർ വിട്ടുകൊടുത്തിരിക്കുന്നത്.