വായിച്ചാലും വളരും
വായിച്ചിലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും
വായനയെക്കുറിച്ച് പറയുമ്പോൾ കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ് ആദ്യം മനസ്സിലോടിയെത്തുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രചാരകനായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 കേരള സർക്കാർ വായനാദിനമായും 19 മുതൽ 25 വരെയുള്ള ദിനങ്ങൾ കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായും ആചരിക്കുന്നു.
1909 മാർച്ച് ഒന്നിന് ചങ്ങനാശ്ശേരിക്ക് അടുത്തുള്ള നീലംപേരൂരിൽ ആയിരുന്നു പണിക്കരുടെ ജനനം. അച്ഛൻ പുതുവായിൽ നാരായണപ്പണിക്കർ, അമ്മ ജാനകിയമ്മ. ചെറുപ്പത്തിലേ വായനയ്ക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഊണും ഉറക്കവുമൊഴിച്ച് വായിച്ചു, വളർന്ന അദ്ദേഹം വീടുകൾ തോറും കയറി ഇറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് വായനശാല ഉണ്ടാക്കുമ്പോൾ വയസ്സ് 17 തികയുന്നതേ ഉണ്ടായിരുന്നുള്ളൂ.
ധാരാളം വ്യക്തികൾ ഇന്ന് നവമാധ്യമങ്ങളിൽ
എഴുതുന്നു, വായിക്കുന്നു, പുസ്തക പ്രകാശനം കോവിഡ് കാലഘട്ടത്തിലും എല്ലാ പരിമിതികൾക്കകത്ത് നിന്നുകൊണ്ട് വെർച്വൽ പ്ലാറ്റ്‌ഫോം വഴിയും മറ്റും നടത്തുന്നു. ഇതിൽ നിന്നും ഉൾക്കൊള്ളേണ്ടത് വായന മരിക്കില്ല എന്ന നിത്യസത്യമാണ്. ടെക്‌നോളജി എത്ര പുരോഗമിച്ചാലും ലോകമുള്ളിടത്തോളം പുസ്തകങ്ങൾക്കും വായനയ്ക്കും പ്രാധാന്യം ഉണ്ടാവും എന്ന് തന്നെയാണ്.
നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ എന്നാണ് അദ്ദേഹം പി. എൻ പണിക്കരെ വിശേഷിപ്പിച്ചത്.
ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എൻ പണിക്കർ സനാതന ധർമം എന്ന പേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു ഇന്ന് കേരളത്തിൽ ആകെ പടർന്ന് കിടക്കുന്ന വായനശാലകൾക്ക് അടിസ്ഥാനമായത്.
ഹയർ പാസായതിന് ശേഷം ജന്മനാടായ നീലംപേരൂരിലെ തന്നെ സ്‌കൂളിൽ അധ്യാപകനായ പണിക്കർ 1945 ൽ ഗ്രന്ഥശാലകളുടെ പ്രവർത്തകരുടെ സമ്മേളനം വിളിച്ചു കൂട്ടുകയും ആ സമ്മേളനത്തിന്റെ തീരുമാനപ്രകാരം തിരു-കൊച്ചി ഗ്രന്ഥശാലാ സംഘം രൂപീകൃതമാവുകയും ചെയ്തു. പിന്നീട് ആ ഗ്രന്ഥശാലാ സംഘമാണ് 1957 ൽ കേരള ഗ്രന്ഥശാല സംഘമായത്. ഇതിനിടെ സർക്കാരിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി അദ്ദേഹം മുഴുവൻ സമയ ഗ്രന്ഥശാല പ്രവർത്തകനായി.
വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നീ മുദ്രാവാക്യങ്ങളുമായി 1972 ൽ ഗ്രന്ഥശാലാ സംഘത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്‌കാരിക ജാഥയുടെ മുൻ നിരയിലും അദ്ദേഹം ഉണ്ടായിരുന്നു.
ചരിത്രപരമായ വിജ്ഞാനം, സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ഇവ ലോകമാകെ പരത്താനും മാറിവരുന്ന പുതിയ ടെക്‌നോളജിയും അറിവും വരുംതലമുറക്കായി രേഖയാക്കി വെയ്ക്കാനും പുസ്തകങ്ങളിലൂടെ സാധിച്ചെടുക്കുന്നു. ലൈബ്രറി, പുസ്തകങ്ങൾ എന്നിവ ഏത് കാലഘട്ടത്തിലും ഒഴിച്ചുകൂടാനാവാത്തതായി തന്നെ നിലനിൽക്കുന്നു.
വിദ്യാഭ്യാസമില്ലാത്ത ഒരുപാടു പേർ വായന കൊണ്ടു മാത്രം അറിയപ്പെടുന്ന വക്തിത്വങ്ങളായിത്തീർന്നിട്ടുണ്ട്.
വായനയിലൂടെ നേടുന്ന ജ്ഞാനം, ലോകത്തിന്റെ വിശാലത ഉൾക്കൊള്ളാൻ പാകത്തിൽ ഹൃദയവും വിശാലമാക്കുമ്പോൾ പിരിമുറുക്കങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കുന്നു. വേദനകൾ, നഷ്ടങ്ങൾ എല്ലാം സഹിക്കാൻ മനസ്സിന് കരുത്ത് നൽകുന്നു. ധ്യാനപൂർണമായ ഗ്രന്ഥപാരായണത്തിലൂടെ മനഃസമാധാനം കൈവരിക്കാനാവുന്നു. വായനയുടെ അനന്ത സാധ്യതകളെ നെഞ്ചിലേറ്റി അക്ഷരങ്ങളിലൂടെ കണ്ണോടിച്ച് പുസ്തകത്തിന്റെ താളുകൾ ഓരോന്നും മറിയ്ക്കുമ്പോൾ പുതിയ ഏതോ ഒരു ലോകത്തിന്റെ അനുഭൂതിയിൽ ലയിക്കുന്നു. അങ്ങനെ പുസ്തക വായന മനുഷ്യ മനസ്സുകളിൽ മായാപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നു
മലയാളത്തിന്റെ അമ്മയായ കവയിത്രി ബാലാമണിയമ്മയുടെ മകൾ കമല വിശ്വ പ്രശസ്തയായ സാഹിത്യകാരിയാവാൻ അടിത്തറ പാകിയത് നാലപ്പാട്ടെ ഗ്രന്ഥശേഖരത്തിൽ നിന്നും കിട്ടിയ വായനാ ശീലമാണ്. ഗാന്ധിജിയുടെ അഭിപ്രായത്തിൽ നല്ല ഗ്രന്ഥം പരിതിയില്ലാത്ത നന്മയുടെ ചക്രവാളമാണ്.
പുസ്തകങ്ങളിലൂടെയുള്ള വായന ഇന്ന് ഓൺലൈനിലൂടെ കംപ്യൂട്ടറിലേക്കും മൊബൈലിലേക്കും വളർന്ന് വായനയുടെ സ്വഭാവം ചിലരിലൊക്കെ മാറിയെങ്കിലും വായനയുടെ പ്രാധാന്യം കുറയുന്നില്ല.
മൂല്യമുള്ള പുസ്തകങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനിക്കുക വഴി ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും സൃഷ്ടിച്ചെടുക്കാനാവുന്നു. അതുകൊണ്ടു അത്തരം പുസ്തകങ്ങൾ വായിക്കുവാൻ അവസരം ഉണ്ടാക്കുകയും പുസ്തകങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. എത്ര പുസ്തകങ്ങൾ വായിച്ചു എന്നതിനേക്കാൾ വായനയിൽ നിന്നും എന്തു നേടാൻ കഴിഞ്ഞു എന്നതാണ് പ്രധാനം. അതുകൊണ്ടു ഈ വായനാവാരം അർത്ഥപൂർണമാക്കാൻ മൂല്യവത്തായ ഒരു പുസ്തകമെങ്കിലും വായിക്കാൻ ഓരോരുത്തരും സമയം കണ്ടെത്തണം.