Sorry, you need to enable JavaScript to visit this website.

കലോത്സവം കഴിയും വരെ  കാലികളെ പേടിക്കണ്ട

തൃശൂർ - സംസ്ഥാന സ്‌കൂൾ കലോത്സവം കഴിയും വരെ വളഞ്ഞുകൂർത്ത കൊമ്പും അക്രമകാരികളുമായ കന്നുകാലികളെ പേടിക്കാതെ തൃശൂർ നഗരത്തിൽ കറങ്ങാം. തൃശൂർ നഗരത്തിൽ കാൽനടയാത്രക്കാർക്ക് പലപ്പോഴും ഭീഷണി സൃഷ്ടിക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടി സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മുന്നോടിയായി  സുരക്ഷിത താവളത്തിലേക്ക് മാറ്റി. 
തൃശൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് കാലികളെ കൂട്ടിലാക്കി കലോത്സവത്തിന്റെ കാലിഭീഷണി ഒഴിവാക്കിയത്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഇവ ഏവർക്കും ഭീഷണിയായിരുന്നു.  ഇവ പലപ്പോഴും തേക്കിൻകാട് മൈതാനത്തിനകത്താണ് വിഹരിക്കുന്നതെന്നും കലോത്സവ വേദികൾ ഇതിനകത്തായതിനാൽ  ഇവയെ പിടിച്ചുകെട്ടണമെന്നും ആവശ്യമുയർന്ന സാഹചര്യത്തിലാണ് നടപടി. വടക്കേച്ചിറക്ക് സമീപം വള്ളിക്കാട്ട് ലെയിനിലുള്ള പറമ്പിലാണ് ഇവയെ ഇപ്പോൾ കെട്ടിയിട്ടിരിക്കുന്നത്. 
35 കന്നുകാലികളെയാണ് പിടിച്ചുകെട്ടിയത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിസ്സാറിന്റേയും അനൂപിന്റേയും നേതൃത്വത്തിൽ മൂന്ന് ദിവസമായി രാത്രിയിലാണിവയെ പിടികൂടിയത്. 
കലോത്സവം കഴിഞ്ഞ ശേഷമേ ഇനി ഇവയെ അഴിച്ച് വിടുകയുള്ളു. 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ താൽക്കാലിക തൊഴുത്തും ഒരുക്കിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും നൽകാനും സംവിധാനമൊരുക്കിയിട്ടുണ്ടെന്നും ഹെർത്ത് സൂപ്പർവൈസർ എൻ. രാജൻ അറിയിച്ചു.
 

Latest News