കൊച്ചി- ലക്ഷദ്വീപ് വിഷയത്തില്‍ ജനകീയ പ്രതിഷേധം തണുപ്പിക്കാന്‍ ഭരണകൂടം. രാജ്യദ്രോഹക്കേസില്‍ സംവിധായിക ആയിഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്യാതിരുന്നതും കേരള ഹൈക്കോടകിയുടെ അധികാര പരിധിയില്‍നിന്ന് ലക്ഷദ്വീപിനെ നീക്കുന്നതായ വാര്‍ത്ത ഉടന്‍ നിഷേധിച്ച് രംഗത്തെത്തിയതും ഇതിന്റെ ഭാഗമാണ്.
ആയിഷയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. ആയിഷയും അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. അഭിഭാഷകനൊപ്പം ജാമ്യത്തുകയുമായാണ് ആയിഷ കവരത്തിയിലെത്തിയത്. എന്നാല്‍ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. മൂന്നു ദിവസം ദ്വീപില്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ലക്ഷദ്വീപില്‍ ജനരോഷം പുകയുകയാണ്. ആയിഷയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ സംഘടിച്ചിരുന്നു. ചോദ്യം ചെയ്ത ഓഫീസിന് പുറത്ത് അവര്‍ തടിച്ചുകൂടി. ഇതായിരിക്കാം വിട്ടയച്ചതിന് ഒരു കാരണമെന്ന് കരുതുന്നു. നേരത്തെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കവും ഭരണകൂടം നിര്‍ത്തിവെച്ചിരുന്നു.
കേരള ഹൈക്കോടതിയുടെ പരിധിയില്‍നിന്ന് ലക്ഷദ്വീപിന്റെ ജുഡീഷ്യല്‍ പരിധി കര്‍ണാടകയിലേക്ക് നീക്കാനുള്ള രഹസ്യശ്രമത്തിനാണ് മാധ്യമങ്ങളുടെ അവസരോചിത ഇടപെടല്‍ തടയിട്ടത്. ഇന്നലെ രാവിലെ ഈ വാര്‍ത്ത പുറത്തുവന്നതോടെ വലിയ പ്രതിഷേധം രൂപപ്പെട്ടു. തുടര്‍ന്ന് രാത്രി തന്നെ ജില്ലാ കലക്ടര്‍ നിഷേധക്കുറിപ്പിറക്കുകയായിരുന്നു.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപിലെത്തിയതിന് പിറ്റേന്ന് പലരുടേയും ഭൂമി ഏറ്റെടുത്ത് കൊടി നാട്ടിയത് പിന്നീട് മാറ്റുകയും ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമില്ലെന്ന് വ്യക്തമാക്കകുയും ചെയ്തിരുന്നു. ജനരോഷം താല്‍ക്കാലികമായെങ്കിലും ഫലം കണ്ടതായാണ് ഇത് തെളിയിക്കുന്നത്.