Sorry, you need to enable JavaScript to visit this website.

ഓർമകൾക്ക് ബലിയിട്ട് പഴയിടം

തൃശൂർ-  ആറു വർഷം മുമ്പ് തൃശൂരിൽ സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുമ്പോൾ പാചകപ്പുരയിൽ പാലുകാച്ചിക്കഴിഞ്ഞയുടനെയാണ് ആ വാർത്ത വന്നത്. പാചകത്തിന് നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ സഹോദരി മരിച്ചുവെന്ന വാർത്ത. കലോത്സവത്തിന് തിരശീല ഉയരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയായിരുന്നു ഇത്. ആറു വർഷത്തിനു ശേഷം വീണ്ടും തൃശൂരിൽ  സംസ്ഥാന സ്‌കൂൾ കലോത്സവം വിരുന്നെത്തുമ്പോൾ അതിന്റെ അടുക്കളപുരയിൽ പഴയിടം വീണ്ടും പാചകകലക്ക് ചുക്കാൻ പിടിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ 2012 ലെ ആ വേദനാജനകമായ ദിവസങ്ങൾ തെളിയുന്നു. 
പാചകപ്പുരയിലെ അടുപ്പിൽ തീ പടരുമ്പോൾ പഴയിടം മോഹനൻ നമ്പൂതിരിയുടെ മനസിൽ വേർപാടുകളുടെ വേദനകളും പടരുന്നു. 2012ൽ തൃശൂരിൽ നടന്ന കലോത്സവത്തിന് പാചകപ്പുരയുടെ പാലുകാച്ചൽ കഴിഞ്ഞ് കലോത്സവം തുടങ്ങാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് പഴയിടത്തിന്റെ മൂത്ത സഹോദരി സുഭദ്ര മരണമടയുന്നത്. അസുഖബാധിതയായി കഴിയുകയായിരുന്ന സഹോദരിയുടെ മരണവാർത്തയറിഞ്ഞ പഴയിടം അന്നുവൈകീട്ട് അഞ്ചുമണിയോടെ വീട്ടിലേക്ക് പോവുകയും മരണാന്തരചടങ്ങുകളിൽ പങ്കെടുത്ത് പിറ്റേന്ന് പുലർച്ചയോടെ തൃശൂരിൽ മടങ്ങിയെത്തി പാചകപ്പുരയിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. 
അമ്മയുടെ സ്ഥാനമുണ്ടായിരുന്ന മൂത്ത സഹോദരിയുടെ മരണം മനസിനെ വല്ലാതെ ഉലച്ചെങ്കിലും ഏറ്റെടുത്തിരിക്കുന്ന മഹാദൗത്യം പൂർത്തിയാക്കുകയെന്ന ലക്ഷ്യം വളരെ പ്രധാനപ്പെട്ടതായതുകൊണ്ട് വ്യക്തിപരമായ വിഷമങ്ങളും വേദനകളും പുറത്തുകാണിക്കാതെ പതിനായിരങ്ങൾക്കു വേണ്ടി പഴയിടം വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി. 2012 ൽ അടുക്കളപുരയിൽ പാലുകാച്ചലിനു വേണ്ടി ഭദ്രദീപം തെളിയിച്ച സഹോദരി ഭർത്താവ് എൻ.എൻ. മംഗലം ഇത്തവണ കൂടെയില്ലെന്നതാണ് ആറുവർഷത്തിനു ശേഷം തൃശൂരിലെ കലോത്സവത്തിന്റെ പാചകപ്പുരയിൽ നിൽക്കുമ്പോൾ പഴയിടത്തെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം. പ്രിയപ്പെട്ട രണ്ടുപേരുടെ അസാന്നിധ്യം ഈ പാചകപ്പുരയിൽ നിൽക്കുമ്പോൾ വല്ലാതെ അനുഭവപ്പെടുന്നുണ്ടെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. അവരുടെ അനുഗ്രഹം ഉണ്ടാകുമെന്നും പഴയിടം കൂട്ടിച്ചേർത്തു. 
 

Latest News