തിരുവനന്തപുരം- ഇന്ധന വില വർദ്ധനവിനെതിരെ ഇന്ന് ചക്ര സ്തംഭന സമരം നടക്കും.സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്തമായാണ് സമരം.
ഇന്ന് രാവിലെ 11 മുതൽ 11.15 വരെ വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ടായിരിക്കും പ്രതിഷേധം. ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. അതേസമയം, സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സമരസമിതി അറിയിച്ചു.
കോവിഡ് മഹാമരിക്കാലത്ത് ദിനംപ്രതി ഇന്ധന വില വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുകയാണ് മോഡി സർക്കാർ. പെട്രോളിയം മേഖല കുത്തകകൾക്ക് തീറെഴുതിക്കൊടുത്ത് ജനങ്ങളെ വിൽപ്പന ചരക്കാക്കി മാറ്റുന്ന നിലപാട് അംഗീകരിക്കാനാകില്ല.അസംസ്‌കൃത എണ്ണയുടെ വിലക്കുറവിൽ ജനങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ പൂർണ്ണമായും കവർന്നെടുത്തുകൊണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന ഈ തീവെട്ടിക്കൊള്ള പ്രതിഷേധാർഹമാണ്. ജനങ്ങൾക്ക് നല്ല ദിനങ്ങൾ വാഗ്ദാനം നൽകി അധികാരത്തിൽ തുടരുന്ന സർക്കാരാണ് ജനദ്രോഹ നടപടികൾ മാത്രം സ്വീകരിക്കുന്നത്. കുത്തഴിഞ്ഞ ഇന്ധന നയം മോട്ടോർ വ്യവസായ മേഖലയെ അപകടകരമായ സ്ഥിതിയിലെത്തിച്ചു. പൊതുസ്വകാര്യ മേഖലയാകെ ദുരിതത്തിലായി. രാജ്യം അപകടകരമായ ഒരു മഹാമാരിയെ അഭിമുഖീകരിക്കുമ്പോഴും ജനജീവിതം ദുരിതത്തിലേക്ക് തള്ളി വിടുന്ന നിലപാട് നീതീകരിക്കാനാവില്ല. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരേണ്ടതുണ്ട്.
സമരത്തിൽ പങ്കെടുക്കാൻ എളമരം കരീം എംപിയും ആഹ്വാനം ചെയ്തു:.' ഇന്ധന വിലവർധനവിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി കേരളത്തിന്റെ സമരചരിത്രത്തിലെ വ്യത്യസ്തമായൊരധ്യായമായി മാറാൻ പോവുകയാണ്. കോർപ്പറേറ്റുകളെ സഹായിക്കാൻ സാധാണക്കാരെ പിഴിയുന്ന കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കെതിരായ ശക്തമായ ജനവികാരമായിരിക്കും അന്ന് പ്രതിഭലിക്കുക. ജൂൺ 21ന് പകൽ 11 മുതൽ 15 മിനുട്ട് നേരം കേരളത്തിലെ നിരത്തുകൾ നിശ്ചലമാകും. തൊഴിലാളികളോടൊപ്പം പ്രബുദ്ധരായ ആബാലവൃദ്ധം ജനങ്ങളും ഈ സമരത്തിൽ അണിനിരക്കും. പെട്രോൾ, ഡീസൽ, പാചകവാതക വില നിരന്തരം കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ താക്കീതായിരിക്കും ഈ സമരം'.