തൃശൂർ- സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽനിന്ന് ടീമുകളെത്തിത്തുടങ്ങി. കൊല്ലം ടീമാണ് കലോത്സവത്തിൽ പങ്കെടുക്കാനായി ഇന്നലെ ആദ്യമെത്തിയത്. പിന്നാലെ കഴിഞ്ഞ തവണത്തെ ജേതാക്കളായ കോഴിക്കോട് ടീമും തിരുവനന്തപുരം ടീമുമെത്തി. മൂന്നു ടീമുകൾക്കും രാവിലെ പതിനൊന്നിന് റെയിൽവേസ്റ്റേഷനിൽ മന്ത്രിമാരായ സി. രവീന്ദ്രനാഥ്, എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണൊരുക്കിയത്. പ്രശസ്തമായ തൃശൂർ പൂരത്തിന്റെ മേളത്തിന്റെ അകമ്പടിയോടെ മന്ത്രിമാർ വിദ്യാർത്ഥികളെ മാലയണിയിച്ചു. ട്രെയിനിൽ വന്നിറങ്ങിയ കുട്ടികൾക്കും ഒഫീഷ്യലുകൾക്കുമെല്ലാം നേന്ത്രപ്പഴവും ലഘുഭക്ഷണവും നൽകിയാണ് രജിസ്‌ട്രേഷൻ കൗണ്ടറിലേക്ക് വിട്ടത്.
സ്വീകരണ കമ്മിറ്റി ചെയർമാൻ കെ. രാജൻ എം.എൽ.എ, മേയർ അജിത ജയരാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജെയിംസ്, കൺവീനർ സി.കെ.ബിന്ദുമോൾ എന്നിവരും ടീമുകളെ കലോത്സവനഗരിയിലേക്ക് സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടികളിൽ പലരും സൗഹൃദ ഓട്ടോയിലാണ് കലോത്സവനഗരിയിലേക്ക് പോയത്.