Sorry, you need to enable JavaScript to visit this website.

സ്വരാജ് റൗണ്ടിൽ ബസുകൾ കടത്തില്ല; പാർക്കിംഗിനും നിയന്ത്രണം

നഗരം കനത്ത പോലീസ് വലയത്തിൽ
തൃശൂർ - സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ഇന്നു മുതൽ പത്താം തീയതിവരെ സ്വരാജ് റൗണ്ടിൽ പാർക്കിംഗ് നിരോധിച്ചു. 
സ്വരാജ് റൗണ്ടിൽ വാഹനങ്ങൾക്ക് വേഗത്തിനും ഹോൺ മുഴക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വരാജ് റൗണ്ടിൽ രാവിലെ 9.30 നുശേഷം ബസ് സർവീസ് നിരോധിച്ചു. റോഡ് മുറിച്ചു കടക്കാൻ സീബ്രാ ലൈൻ പ്രയോജനപ്പെടുത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു. 
പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലൂടെ തേക്കിൻകാട് മൈതാനിയിലെ വേദിക്കരികിലേക്കു വാഹനങ്ങൾക്കു പ്രവേശനം ഉണ്ടാകില്ല. വി.ഐ.പി വാഹനങ്ങൾക്കു മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കും മാത്രമാണ് ഈ വഴിയിലൂടെ പ്രവേശനം. തേക്കിൻകാട് മൈതാനത്തേക്ക് മണികണ്ഠനാൽ ജംഗ്ഷനിലൂടെ പ്രവേശിക്കുന്ന വാഹനങ്ങൾ ജില്ലാ ആശുപത്രിക്ക് എതിർവശത്തുള്ള വഴിയിലൂടെ പുറത്തുപോകണം. നായ്ക്കനാൽ വഴി തേക്കിൻകാട് മൈതാനിയിൽ പ്രവേശിക്കുന്ന വാഹനങ്ങൾ ആ വഴി തന്നെ തിരിച്ചുപോകണം. 
വടക്കൻ ജില്ലകളിൽനിന്നുള്ള വാഹനങ്ങൾ അക്വാറ്റിക് കോംപ്ലക്‌സിനരികിൽ പാർക്കു ചെയ്യണം. തെക്കൻ ജില്ലകളിൽനിന്നുള്ളവ ശക്തൻ സ്റ്റാൻഡിനരികിലെ ഗ്രൗണ്ടിലാണു പാർക്കു ചെയ്യേണ്ടത്. 
കലോത്സവത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 2200 പേരടങ്ങുന്ന പോലീസ് സേന സുസജ്ജമാണെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു. കലോത്സവ വേദികളിലും നഗരത്തിലുടനീളവുമായി 124 ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. 
സിറ്റി പോലീസ് കമ്മീഷണർ രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ പത്തു ഡിവൈ.എസ്.പിമാർ, പത്തു ഇൻസ്‌പെക്ടർമാർ, 165 സബ് ഇൻസ്‌പെക്ടർമാർ എന്നിവരടക്കമുള്ള സേനയിൽ 1,223 വളണ്ടിയർമാരും ഉണ്ടാകും. 
തേക്കിൻകാട് മൈതാനിയിൽ കൺട്രോൾ റൂം തുടങ്ങി. ഫോൺ 0487 2443000, 9847199100. കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ സഹായിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും പോലീസ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. 
ബോംബ് സ്‌ക്വാഡും സാമൂഹ്യവിരുദ്ധരെ പിടിക്കാനുള്ള സേനയും സജ്ജമാണ്. സി.സി ടി.വി ക്യാമറകളിൽ തെളിയുന്ന ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പിടികൂടാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കലോൽസവ ചിത്രീകരണത്തിന് ഹെലികാം അനുവദിക്കില്ല.
സുരക്ഷക്കായി അമ്പതു നിർഭയ വളണ്ടിയർമാർ, 125 ജനമൈത്രി അംഗങ്ങൾ, 400 എൻ.സി.സി കേഡറ്റുകൾ, 298 സ്റ്റുഡന്റ്‌സ് പോലീസ്, 200 എൻ.എസ്.എസ് അംഗങ്ങൾ, 150 സ്‌കൗട്ട് അംഗങ്ങൾ എന്നിവരും ഉണ്ടാകും.

Latest News