തൃശൂർ- ഇനി അഞ്ചു ദിവസം തൃശൂരിനും തൃശൂർക്കാർക്കും കേരളത്തിന്റെ മറ്റു ജില്ലകളിലും പറയാനും കൈമാറാനും കലോത്സവ വിശേഷങ്ങൾ മാത്രം. അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സാംസ്‌കാരിക നഗരിയിൽ ഇന്ന് തുടക്കമാകുമ്പോൾ കലയുടെ ധനുമാസക്കാറ്റാണ് തൃശൂരിലെങ്ങും. ആ കലോത്സവക്കാറ്റിൽ ഓരോരുത്തരും ചേർന്നലിഞ്ഞുകൊണ്ട് നഗരം ചുറ്റുകയാണ്. ടീമുകൾ ഒന്നൊന്നായി എത്തിത്തുടങ്ങി. ആദ്യമെത്തിയത് കൊല്ലം ടീമാണ്. അപ്പോഴേക്കും കഴിഞ്ഞ തവണത്തെ ജേതാക്കളായ കോഴിക്കോടും എത്തി.
രജിസ്‌ട്രേഷൻ കൗണ്ടറിൽ വൈകുന്നേരത്തോടെ തിരക്കേറി. പല ദിക്കിൽ നിന്നുമെത്തിയവർ ഇവിടെയുണ്ട്. തൃശൂർ പൂരത്തിന്റെ ആവേശവും തിരക്കുമാണ് എല്ലായിടത്തും. തേക്കിൻകാട് മൈതാനം ശരിക്കും വർണക്കാഴ്ചകളാൽ പൂത്തുലയുന്നു.
എക്‌സിബിഷൻ ഗ്രൗണ്ടിൽ പ്രധാനവേദിയിൽ തിരക്കിനൊട്ടും കുറവില്ല. കല്യാണവീട്ടിലെ തലേദിവസമെന്ന പോലെ നാലുപാടും ധൃതിപിടിച്ച് ഓടി നടക്കുന്ന സംഘാടകർ. തൃശൂർ നഗരത്തിലെ ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിലൊന്നും മുറികൾ ഒഴിവില്ല. എല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. മത്സരാർത്ഥികളേക്കാൾ ചാനലുകാരും മറ്റു മാധ്യമ പ്രവർത്തകരുമാണ് മുറികൾ ബുക്ക് ചെയ്തിട്ടുള്ളത്.
അക്വാട്ടിക് കോംപ്ലക്‌സിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പാചകപ്പുരയിൽ അടുപ്പെരിഞ്ഞു തുടങ്ങി. തൃശൂരിന്റെ സ്വന്തം മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി .രവീന്ദ്രനാഥും കൃഷി മന്ത്രി വി.എസ്.സുനിൽകുമാറും വ്യവസായ ടൂറിസം മന്ത്രി എ.സി. മൊയ്തീനും സ്വന്തം വീട്ടുകാര്യമെന്ന പോലെ വേദികളിൽനിന്നും വേദികളിലേക്ക് മറ്റു ഉത്തരവാദിത്വങ്ങൾക്കും ചുമതലകൾക്കുമിടയിൽ വിശ്രമമില്ലാതെ ഓടിനടക്കുന്നു.
പൂരത്തലേന്ന് പന്തലുകൾ കാണാൻ വൈകീട്ടിറങ്ങും പോലെ തൃശൂർക്കാർ കലോത്സവത്തിന്റെ പ്രധാന വേദി കാണാനും കലോത്സവ തിരക്കു കാണാനും നഗരത്തിലേക്കിറങ്ങിത്തുടങ്ങി.
തെക്കോട്ടിറക്കവും കുടമാറ്റവും ലൈവ് ടെലികാസ്റ്റു ചെയ്യാൻ കാത്തുകിടക്കും പോലെ വിവിധ ചാനലുകളുടെ ഒബി വാനുകൾ തേക്കിൻകാട് മൈതാനിയിൽ കാത്തുകിടക്കുന്നു. ചെലവുകുറച്ചാണ് കലോത്സവം നടത്തുന്നതെങ്കിലും പ്രധാനവേദിയും പരിസരവും വർണാഭമാണ്. കലയുടെ മാറാപ്പുമേന്തി ചെറുബാല്യം വിടാത്ത പ്രതിഭകൾ ശക്തന്റെ തട്ടകത്തേക്ക് വന്നണഞ്ഞുകൊണ്ടിരിക്കുകയാണ്... കലയുടെ പൂരക്കാറ്റിൽ അലിയാൻ....