റിയാദ് - പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അല്‍ഖര്‍ജിലെ വ്യാപാര സ്ഥാപനങ്ങളിലും പോളിക്ലിനിക്കുകളിലും കയറി വിദേശികളെ കബളിപ്പിച്ച് പണം കവര്‍ന്ന വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു. സൗദി പൗരനാണ് പിടിയിലായത്. പോലീസുകാരെ പോലെ യൂനിഫോം ധരിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ കയറി വിദേശികളെ ഭീഷണിപ്പെടുത്തിയും ദേഹപരിശോധന നടത്തിയുമാണ് പ്രതി പണം കൈക്കലാക്കിയത്.
പോലീസ് ചമഞ്ഞെത്തിയ പ്രതി പണം കവര്‍ന്നതായി അറിയിക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പ്രതിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഊര്‍ജിത അന്വേഷണം നടത്തിയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. പോലീസ് ചമഞ്ഞ് മൂന്നു കവര്‍ച്ചകള്‍ 50 കാരന്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ നടപടികള്‍ക്കായി പ്രതിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, ഏതാണ്ട് സമാന രീതിയില്‍ ഖമീസ് മുശൈത്തില്‍ ഒമ്പതു വര്‍ഷമായി തട്ടിപ്പ് നടത്തിവന്ന മറ്റൊരു വിരുതനെ ഖമീസ് മുശൈത്ത് പോലീസും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണെന്ന് സ്വയം അവകാശപ്പെട്ട് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനെന്ന വ്യാജേന വയോധികരെ സമീപിച്ചാണ് പ്രതി തട്ടിപ്പുകള്‍ നടത്തിയിരുന്നത്. വിവരങ്ങള്‍ ശേഖരിക്കുന്നതിനെന്ന വ്യാജേന വൃദ്ധന്മാരെ വീടുകളിലേക്ക് അനുഗമിക്കുന്ന പ്രതി വീട്ടില്‍ സൂക്ഷിച്ച പണത്തിന്റെയും ആഭരണങ്ങളുടെയും കണക്കുകളെടുക്കുന്നതിന് ഇവ പുറത്തെടുത്ത് കാണിക്കുന്നതിന് ആവശ്യപ്പെടുകയും ഇങ്ങനെ പുറത്തുകാണിക്കുന്ന പണവും ആഭരണങ്ങളും കവര്‍ന്ന് രക്ഷപ്പെടുകയുമാണ് ചെയ്തിരുന്നത്. പ്രതിയുടെ തട്ടിപ്പിനിരയായ നിരവധി പേര്‍ ഒമ്പതു വര്‍ഷത്തിനിടെ പോലീസില്‍ പരാതികള്‍ നല്‍കിയിരുന്നു. ദീര്‍ഘകാലം നീണ്ട അന്വേഷണത്തിലൂടെയാണ് അറുപതുകാരനായ പ്രതിയെ വലയിലാക്കുന്നതിന് സാധിച്ചതെന്ന് അസീര്‍ പോലീസ് വക്താവ് മേജര്‍ സൈദ് അല്‍ദബാശ് പറഞ്ഞു.