മലപ്പുറം -കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് മൗലവി നിര്യാതനായി.
നുസ്‌റത്തുല്‍ അനാം മാസിക ചീഫ് എഡിറ്ററും വണ്ടൂര്‍ ജാമിഅ: വഹബിയ്യയുടെ ചാന്‍സിലറുമാണ്. 1931 ല്‍ സെപ്റ്റംബര്‍ 21 ന് നടുവത്ത് കളത്തില്‍ സൈതാലിയുടെയും ആയിശുമ്മയുടെയും മകനായി ജനനം. മഞ്ചേരി മുഫീദുല്‍ ഉലൂം ദര്‍സില്‍ മര്‍ഹൂം ഓവുങ്ങല്‍ അബ്ദു റഹിമാന്‍ മുസ്ലിയാരില്‍ നിന്നും ദര്‍സ് പഠനം ആരംഭിച്ച അദ്ദേഹം വണ്ടൂര്‍ ജുമുഅത്ത് പള്ളിയില്‍ മര്‍ഹൂം കെ.കെ സ്വദഖതുല്ല മൗലവിയില്‍ നിന്നാണ് ദര്‍സ് പഠനം പൂര്‍ത്തിയാക്കിയത്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് 1960 ല്‍ ഒന്നാം ഗ്രേഡ് ആയി വിജയിച്ചു. 1960 മുതല്‍ 1964 വരെ കണ്ണൂരിലെ ചപ്പാരപ്പടവില്‍ മുദരിസായിരുന്ന അദ്ദേഹം 1964 മുതല്‍ ആറ് ദശാബ്ദങ്ങളായി പരപ്പനങ്ങാടി വലിയ ജുമുഅത്തു പള്ളിയില്‍ സ്വദ്ര്‍ മുദരിസായിരുന്നു. അവിഭക്ത സമസ്തയില്‍ 1962 മുതല്‍ കേന്ദ്ര മുശാവറ അംഗമായിരുന്ന പരേതന്‍ 1967 മുതല്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ മുശാവറ മെമ്പറും ഫത് വാ സമിതി അധ്യക്ഷനുമായിരുന്നു.
2000 ല്‍ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ നിര്യാണം മുതല്‍ സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റാണ്.കര്‍മ്മശാസ്ത്ര പാഠങ്ങള്‍, ഹജ്ജ് ഉംറ, വൈവാഹിക നിയമങ്ങള്‍,ശൈഖുല്‍ മശാഇഖ് ഔക്കോയ മുസ്ലിയാര്‍,സമ്പൂര്‍ണ്ണ കര്‍മ്മശാസ്ത്രം എന്നിവ രചനകളാണ് .
പാലേം പടിയന്‍ കാപ്പാട്ട് മൈമൂന ഹജ്ജുമ്മ (ഇരുമ്പുഴി) യാണ് ഭാര്യ.അബ്ദുന്നാസിര്‍ വഹബി ,ഹുസൈന്‍ വഹബി, കുഞ്ഞുമൊയ്തീന്‍ വഹബി, റുഖയ്യ, ഖദീജ എന്നിവര്‍ മക്കളും പരേതനായ പുല്ലൂര്‍ അബ്ദുറഹീംബാഖവി, മുഹമ്മദ് ബാഖവി (തിരുവനന്തപുരം) എന്നിവര്‍ ജാമാതാക്കളുമാണ്.