കോഴിക്കോട്- നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിലയിരുത്തലുകളിലേക്ക് സമഗ്രമായി ഇനിയും കടക്കാത്തത് മുസ്‌ലിം ലീഗിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. കോൺഗ്രസിൽ തലമുറ മാറ്റം സാധ്യമായപ്പോൾ ലീഗിൽ മാത്രം ദീർഘകാലമായി ഒരേ നേതൃത്വം തുടരുകയാണ്.
സംസ്ഥാന ഉന്നതാധികാര സമിതി രണ്ടു തവണ ഓൺലൈനിൽ യോഗം ചേർന്നുവെങ്കിലും സംസ്ഥാന പ്രവർത്തക സമിതി യോഗം ഇതുവരെ കൂടിയിട്ടില്ല. ജൂൺ 30 നകം വിളിക്കാമെന്നാണ് ധാരണയെങ്കിലും ഇതുവരെ തീരുമാനം വന്നില്ല. പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ട ഏതാനും മണ്ഡലങ്ങളിൽ നിന്ന് ചില നേതാക്കൾക്കെതിരെ നടപടി ആവശ്യമുയർന്നിട്ടുണ്ട്. ഇതിന് അന്വേഷണ സമിതിയെ നിയോഗിക്കേണ്ടതുണ്ട്.
ഓഗസ്റ്റിൽ പുതിയ അംഗത്വ വിതരണം നടത്തി ശാഖാ തലം മുതൽ പുതിയ നേതൃത്വം വരട്ടെ, അതിന് മുമ്പ് മറ്റു നടപടികളിലേക്ക് കടക്കേണ്ടയെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ലീഗിലും കാതലായ മാറ്റങ്ങൾ വരുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നെങ്കിലും നടപടികൾ ഇതു വരെ ഉണ്ടായിട്ടില്ല. 27 മണ്ഡലങ്ങളിൽ മത്സരിച്ച മുസ്‌ലിം ലീഗിന് 15 ഇടത്തു മാത്രമേ ജയിക്കാൻ കഴിഞ്ഞുള്ളൂ. ഇതിൽ 11 ഉം മലപ്പുറം ജില്ലയിലാണ്. കാസർകോട് രണ്ട്, കോഴിക്കോട് ഒന്ന്, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് ജയിക്കാനായത്. പാർട്ടി മത്സരിച്ച കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ മണ്ഡലങ്ങളിൽ തോറ്റു. മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ മത്സരിച്ചത് കോഴിക്കോട്ടാണ്. ആറിടത്ത് മത്സരിച്ചിട്ട് ഒന്നിലാണ് ജയിക്കാനായത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ മുസ്‌ലിം ലീഗിന്റെ വോട്ട് വിഹിതത്തിൽ കാര്യമായ ഇടിവുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2011 ൽ 23 സീറ്റിൽ മത്സരിച്ച് 20 ൽ ജയിച്ചപ്പോൾ 7.92 ശതമാനം വോട്ട് ലഭിച്ചു. 2016 ൽ 23 സീറ്റിൽ 18 എണ്ണം ജയിച്ചപ്പോൾ വോട്ട് വിഹിതം 7.04 ആയി. 2021 ൽ 27 മണ്ഡലങ്ങളിൽ ജനവിധി തേടിയ ലീഗിന് 8.27 ശതമാനം വോട്ടാണ് ലഭിച്ചത്. 15 പേർ ജയിച്ചു.
നാളിതുവരെയില്ലാത്ത ഭീഷണി മുസ്‌ലിം ലീഗിന്റെ രാഷട്രീയം നേരിടുന്നുവെന്നാണ് ലീഗുമായി ബന്ധപ്പെട്ട ചിലർ തന്നെ നടത്തിയ വിലയിരുത്തൽ. വോട്ട് വിഹിതം കുറഞ്ഞുവരുന്നു, ഇടതുപക്ഷത്തിന് മുസ്‌ലിംകൾക്കിടയിലെ സ്വാധീനം വർധിക്കുന്നു, ഇതര മതവിഭാഗങ്ങളിൽ നിന്ന് ലീഗ് സ്ഥാനാർഥികൾക്ക് പിന്തുണ ലഭിക്കാതാകുന്നു തുടങ്ങിയ പ്രവണതകൾ ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസിനെ അപേക്ഷിച്ച് മികച്ചതെന്ന് അവകാശപ്പെട്ട സംഘടനാ സംവിധാനത്തിൽ ഗ്രൂപ്പ് വഴക്കും കാലുവാരലും നടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലെ അപാകം ഇതിനകം ചേർന്ന ഉന്നതാധികാര സമിതികളിലും ചർച്ചയായി.
തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിന്നാലെ മലപ്പുറം ജില്ലയിലെ രണ്ടു പ്രമുഖ നേതാക്കൾ പി.കെ.കുഞ്ഞാലിക്കുട്ടിയെ പരസ്യമായി വിമർശിക്കാൻ ഒരുങ്ങിയത് പാർട്ടിയിൽ ഉയർന്നേക്കാവുന്ന എതിർപ്പിന്റെ സൂചനയാണ്. പി.കെ.അബ്ദുറബ്ബും എം.ഉമ്മറുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനം നടത്തിയത്. ഇവർക്കെതിരെ പാർട്ടി നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹിയായ പി.എം. ഹനീഫ് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലും നേതൃത്വത്തിന്റെ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ പ്രധാനം പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണ്. ദേശീയ തലത്തിൽ ബി.ജെ.പിയെ നേരിടാൻ ദൽഹിക്ക് പോയ പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ യൂത്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി ശിഹാബ് ചോദ്യം ചെയ്തിരുന്നു.
മുസ്‌ലിംകളെ കുറിച്ച് കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിലുണ്ടായ അതൃപ്തിയും എതിർപ്പും മനസ്സിലാക്കി പ്രതിരോധിക്കാൻ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ല. മുസ്‌ലിം ലീഗിനെതിരായി ക്രിസ്ത്യാനികൾക്കിടയിൽ വളർന്ന വികാരമാണ് യു.ഡി.എഫിന്റെ പരാജയത്തിന് ഒരു കാരണമെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യു.ഡി.എഫിന്റെ കടിഞ്ഞാൺ ലീഗിനായിരിക്കുമെന്ന പ്രചാരണം നടത്തി സി.പി.എം മുതലെടുത്തപ്പോൾ അതിനെ ശരിവെക്കുന്നതായി കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് എന്നു പറയുന്നുണ്ടെങ്കിലും ലീഗിന്റെ സമിതികളിൽ ഇത് ചർച്ചയാകുമോ എന്ന് ഉറപ്പില്ല. അടുത്ത മാസം ആദ്യമെങ്കിലും സംസ്ഥാന പ്രവർത്തക സമിതി യോഗം ചേരുമെന്നാണ് സൂചന.