മക്ക- മിനായിൽ ഈ വർഷം ഹജ് തീർഥാടകർക്ക് താമസിക്കുന്നതിനായി ആറ് ടവറുകളും 70 ടെന്റുകളും ഒരുക്കിയതായി ഹജ് ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അലി അൽഉമൈരി അറിയിച്ചു. സ്‌പെഷ്യൽ ഹജ് പാക്കേജിൽ ഉൾപ്പെടുന്ന മിനായിലെ ടവറുകളിൽ ഒരു ഹാജിക്ക് 4.37 ചതുരശ്ര മീറ്റർ സ്ഥലസൗകര്യമുണ്ടാകും. കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഹാജിമാർക്ക് മിനായിൽ കൂടുതൽ സൗകര്യമൊരുക്കുന്നത്. ഇതിന്റെ ഭാഗമായി മിനായിലെ ടെന്റുകളിൽ ഒരു ഹാജിക്ക് നാല് ചതുരശ്ര മീറ്റർ സ്ഥലം സജ്ജമാക്കും. സ്‌പെഷ്യൽ പാക്കേജ് പ്രകാരം മശ്അർ മിനായിലെ ടെന്റുകളിൽ ഒരു ഹാജിക്ക് 5.33 ചതുരശ്ര മീറ്റർ എന്ന തോതിലാണ് സ്ഥലം അനുവദിച്ചിരിക്കുന്നതെന്നും ഹാനി അൽഉമൈരി പറഞ്ഞു.
കൂടാതെ, യൗമത്തർവിയ (ദുൽഹജ് എട്ട്) മുതൽ അയ്യാമുത്തശ്‌രീഖിന്റെ അവസാനം (ദുൽഹജ് 13) വരെ ഹാജിമാർ ടെന്റുകളിൽനിന്നും ടവറുകളിൽനിന്നും പോകുന്നതും വരുന്നതുമെല്ലാം നിരീക്ഷിക്കുന്നതിനും ക്രമീകരിക്കുന്നതിനും മുഴുസമയ സെക്യൂരിറ്റി ഗാർഡുകളെ നിയോഗിക്കും.
കൂടാതെ, മിനായിൽ ഹാജിമാരുടെ ശരീര താപനില കൂടെക്കൂടെ പരിശോധിക്കുന്നതിനും സംവിധാനം ഒരുക്കിയതായും ഹാനി അൽഉമൈരി വ്യക്തമാക്കി.