ജിദ്ദ- 2020 ന്റെ തുടക്കം മുതൽ 18 മാസത്തിനിടെ സൗദി സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തത് 90 ദശലക്ഷം റിയാലിന്റെ കള്ളപ്പണം. 290 കിലോ സ്വർണവും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. വ്യക്തമായ സ്രോതസ്സ് ഇല്ലാത്ത കാഷ് ഏറെയും അതിർത്തി വഴി കടത്താനുള്ള ശ്രമത്തിനിടയിലാണ് പിടിച്ചെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച അൽബത്ഹ അതിർത്തി പോസ്റ്റിൽനിന്ന് 2.76 ദശലക്ഷം റിയാൽ പണം അധികൃതർ പിടികൂടിയിരുന്നു. ട്രക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ അതിർത്തി കടക്കാൻ ശ്രമിക്കുമ്പോഴാണ് പണം പിടിച്ചെടുത്തത്.
മെയ് 27 നാണ് മറ്റൊരു കള്ളക്കടത്ത് ശ്രമം തടഞ്ഞത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തിയ ഒരു യാത്രക്കാരിയെ സംശയാസ്പദ സാഹചര്യത്തിൽ പരിശോധിച്ചപ്പോൾ 683.5 ഗ്രാം കൊക്കൈൻ അടങ്ങിയ 60 ലഹരി ഗുളികകൾ കണ്ടെത്തി. 80 കൊക്കൈൻ ഗുളികകൾ ഇതേ രീതിയിൽ മറ്റൊരാളിൽനിന്നും പിടികൂടി. ഇരുവരെയും നിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയതായും സൗദി കസ്റ്റംസ് വെളിപ്പെടുത്തി.
സൗദിയിലേക്ക് 60,000 റിയാലിനേക്കാൾ വില മതിക്കുന്ന സ്വർണാഭരണങ്ങളോ സ്വർണ നാണയങ്ങളോ പണമോ കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യാൻ പാടില്ലെന്നാണ് നിയമം. കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകണമെങ്കിൽ കസ്റ്റംസിൽനിന്ന് പ്രത്യേകം ക്ലിയറൻസ് നേടിയിരിക്കണം. പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം നോക്കി അതിന്റെ 25 ശതമാനമാണ് പിഴ ഈടാക്കുക. ഇത് ആവർത്തിച്ചാൽ പിഴ തുക 50 ശതമാനമായി ഉയരും. പണവും സ്വർണവും കടത്തുന്നവർക്കാണ് ഈ പിഴ ഈടാക്കുക. അതേസമയം, മയക്കുമരുന്ന് കടത്തുന്നവർക്കെതിരെ വധശിക്ഷ വരെയുള്ള കടുത്ത നടപടികളാണ് സൗദി അറേബ്യ സ്വീകരിക്കുന്നത്.