കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി മന്ത്രിയായും സ്വന്തം പേരിലുളള പാർട്ടിയുടെ പ്രസിഡന്റുമായിരുന്ന ആർ. ബാലകൃഷ്ണപിളളയുടെ മരണം വലിയ വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് ജീവിതത്തിലാദ്യമായി എനിക്ക് കോടതിയിൽ സാക്ഷിയാകേണ്ടിവന്നത്.
ഇന്ത്യാ ഗവണ്മെന്റിൽ ഞാനാദ്യം ജോലിക്ക് ചേരുന്നത് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡൽഹിയിലെ ആസ്ഥാനമായ കൃഷി ഭവനിലാണ്. അതിന്റെ ഇന്റർവ്യൂവിന് പോയത് തന്നെ എഴുതാനേറെയുളള ചരിത്രമാണ്. വളരെ അറിയപ്പെടുന്ന ഡൽഹി മലയാളികളായിരുന്നു ഞാനൊഴിച്ചുളള മത്സരാർത്ഥികൾ. അക്കിത്തം, എം.ടി.വാസുദേവൻ നായർ, കർണാലിലെ ഐ.സി.എ.ആർ ക്ഷീര ഗവേഷണകേന്ദ്രത്തിലെ വിദഗ്ധനും പണ്ഡിതനുമായ ഡോ.നമ്പൂതിരി എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡിലെ വിദഗ്ധർ. ഐ.സി.എ.ആർ റിക്രൂട്ട്‌മെന്റിന്റെ തലവൻ ദത്തയും വേറെ ഒരു ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. നല്ല പരിചയമുളള എം.ടിയേയും അറിയാവുന്ന അക്കിത്തത്തെയും കണ്ടപ്പോൾ ധൈര്യം തോന്നി. എം.ടി ഒഴികെ മറ്റുളളവരെല്ലാം ചോദ്യങ്ങൾ ചോദിച്ചു: കൃത്യമായി ഉത്തരം പറഞ്ഞു. പിന്നീട് കണ്ടപ്പോൾ ഏൃലമ േയീീസ ന് ഒറ്റവാക്കിൽ മലയാളമെന്തെന്നതിന്റെ ഉത്തരം മാത്രം (മഹാഗ്രന്ഥം) പറയാൻ കഴിഞ്ഞില്ലല്ലോ എന്ന് അക്കിത്തം തിരുമേനി പറഞ്ഞു. മത്സരാർത്ഥികളുടെ പരീക്ഷയും അഭിമുഖവും കഴിഞ്ഞ് ആരെ തെരഞ്ഞെടുക്കുമെന്ന കാര്യം വന്നപ്പോൾ അക്കിത്തം തിരുമേനി, എന്റെ പേര് പറഞ്ഞുവെന്നും, എന്നെ നല്ല പോലെ അറിയാവുന്നതിനാലാണ് ചോദ്യങ്ങൾ ചോദിക്കാതിരുന്നതെന്നും ഞാൻ തന്നെയാണ് കൂട്ടത്തിൽ ഏറ്റവും അനുയോജ്യനെന്നും പറഞ്ഞതായും മറ്റുളളവരെല്ലാം അതിനോട് യോജിച്ചുവെന്നും പിന്നീട് എം.ടി. എന്നോട് പറഞ്ഞു. അന്നേ അതിപ്രശസ്തരായ അവർ രണ്ട് പേരും കുമരനെല്ലൂരിൽ നിന്നാണ്. കുമരനെല്ലൂരിൽ നിന്നുതന്നെയുളള ഐ.എ.എസ് ഉദ്യോഗസ്ഥനായ സംസ്‌കൃതപണ്ഡിതനും അക്ഷരശ്ലോകവിശാരദനുമായ ഡോ. കെ.പി.എ.മേനോനായിരുന്നു കാർഷിക ഗവേഷണ കൗൺസിലിന്റെ സെക്രട്ടറി. ജോലിക്ക് നിയമിക്കാൻ മറുത്തുപറയാൻ പറ്റാത്തവരുടെ കടുത്ത ശുപാർശയുണ്ടായതിനാൽ ഏറ്റവും മിടുക്കനായ ഒരാളെ തെരഞ്ഞെടുക്കാനായാണ് അദ്ദേഹം അവരെ വിദഗ്ധരായി വിളിച്ചത്. ഞാൻ ജോലിയിൽ ചേർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ഔദ്യോഗിക യാത്ര കഴിഞ്ഞ് വന്ന അദ്ദേഹം എന്നെ വിളിപ്പിച്ചു, കുറേനേരം സംസാരിച്ചു. അദ്ദേഹം പാലിക്കണമെന്ന് നിഷ്‌കർഷിച്ച ഉപദേശങ്ങളിലൊന്ന്: കഴിയുന്നതും കോടതി, പൊലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവിടങ്ങളിൽ പോകേണ്ട കാര്യങ്ങൾ ഒഴിവാക്കണം. മറ്റൊന്ന് ഇരുതലമൂർച്ചയുളള വാളുകളെപ്പോലെയുളള പത്രപ്രവർത്തകരുമായി അടുത്ത സൗഹൃദത്തിന് പോകരുതെന്നാണ്. അദ്ദേഹം എന്നോടു കാണിച്ച സ്‌നേഹവാത്സല്യങ്ങൾ നിസ്സീമമായിരുന്നു, കേവലം കീഴുദ്യോഗസ്ഥനെന്നതിനേക്കാൾ ഒരു കുടുംബാംഗത്തെപ്പോലെ കരുതി അദ്ദേഹം തന്ന ഉപദേശങ്ങൾ ഞാൻ കഴിയുന്നത്ര ശിരസാവഹിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഉപദേശങ്ങളിൽ കോടതി കയറുന്നത് മാത്രം ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല. അതിന്റെ തുടക്കം തിരുവനന്തപുരം ദൂരദർശനിൽ നിന്ന്. അനേകം തവണ ദൂരദർശന് വേണ്ടി രാജ്യത്തെ പരമോന്നതനീതിപീഠത്തിലും ഹൈക്കോടതികളിലും പോകേണ്ടിവന്നിട്ടുണ്ട്. ഡൽഹിയിലെ ഏറ്റവും പ്രമുഖരായ വക്കീലന്മാരുമായും ഇടപഴകേണ്ടി വന്നിട്ടുണ്ട്. ആദ്യമായി കേരള ഹൈക്കോടതിയിലാണ് പോകേണ്ടിവന്നത്.
ആർ.ബാലകൃഷ്ണപിളളയെ അദ്ദേഹം ഇ.കെ.നായനാരുടെ കൂടെ മദിരാശിയിൽ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ പരിചയപ്പെട്ടിരുന്നു. 1985 ൽ ഓണംകേറാമൂലയായിരുന്ന കുടപ്പനക്കുന്നിലേക്ക് യാത്രാസൗകര്യമില്ലാതിരുന്നപ്പോൾ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഞങ്ങളുടെ സമയത്തിനനുസരിച്ച് ഓടിക്കാൻ അക്കാലത്തെ കോർപ്പറേഷൻ എം.ഡിയായിരുന്ന പരേതനായ നിർമലൻ തമ്പിയോട് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. മദിരാശിയിൽ വച്ചേ എന്നെ അറിയാമെന്നും എന്റെ ആവശ്യം നിരാകരിക്കാൻ കഴിയില്ലെന്നും തമ്പിയോട് അദ്ദേഹം പറഞ്ഞു. സർവീസ് വലിയ നഷ്ടമായിരിക്കുമെന്ന് നിർമലൻ തമ്പി പറഞ്ഞപ്പോൾ മറുപടിയായിരുന്നു അത്. പിന്നീട്, നിർമലൻ തമ്പിയുടെ സഹപാഠിയായിരുന്നു സഹപ്രവർത്തകനായ സൂപ്രണ്ടിംഗ് എൻജിനീയർ രാമചന്ദ്രൻ ഉണ്ണിത്താൻ എന്നത് കാര്യങ്ങൾ എളുപ്പമാക്കി, നഷ്ടത്തിന്റെ കാര്യം ബാലകൃഷ്ണപിള്ള കാര്യമായി എടുത്തില്ല. പിന്നീട് പലപ്പോഴും ബാലകൃഷ്ണപിളളയെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കളുടെ ഭർത്താക്കന്മാരായിരുന്ന ടി. ബാലകൃഷ്ണനും (ടൂറിസം ഡയറക്ടറായിരിക്കുമ്പോൾ) മോഹൻദാസും നല്ല സുഹൃത്തുക്കളായി. അദ്ദേഹത്തിന്റെ മകൾ ഉഷയെ തിരുവനന്തപുരം ദൂരദർശനിലെ സിനിമകൾ കണ്ട് കുടുംബമായി കാണാൻ പറ്റാത്ത രംഗങ്ങൾ മാറ്റാൻ ശുപാർശ ചെയ്യുന്ന കമ്മിറ്റിയിലെ അംഗമായി നോമിനേറ്റ് ചെയ്തിരുന്നു.
1985 മെയ്മാസം 25-ാം തീയതിയായിരുന്നു ബാലകൃഷ്ണപിളള അവരുടെ പാർട്ടി കേരള കോൺഗ്രസ് (ബി)യുടെ സംസ്ഥാനസമ്മേളനത്തിൽ, പ്രസിദ്ധമായ 'പഞ്ചാബ് മോഡൽ' പ്രസംഗം നടത്തിയത്. കേരളത്തിലേക്ക് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ അനുവദിച്ചിരുന്ന റെയിൽവെ കോച്ച് ഫാക്ടറി പഞ്ചാബിലെ കപൂർത്തലയിലേക്ക് മാറ്റിയതുകൊണ്ട് പ്രതിഷേധിക്കവെയാണ് അദ്ദേഹം 'പഞ്ചാബ് മോഡൽ' പറഞ്ഞ് അണികളെ ആവേശം കൊള്ളിച്ചത്. കേരള ഹൈക്കോടതിയിൽ കെ. എം. ചാണ്ടി കൊടുത്ത കേസ് അനുവദിക്കുമ്പോൾ തന്നെ ജഡ്ജി നടത്തിയ പരാമർശം നിമിത്തം പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവക്കേണ്ടി വന്നു. ഭരണഘടനയും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലിരിക്കുന്ന മന്ത്രി ഇത്തരമൊരു പ്രസംഗം നടത്തുന്നത് വലിയ വാർത്താപ്രാധാന്യമുളളതായതിനാൽ ദൂരദർശന്റെ ദേശീയ വാർത്തയിൽ പ്രസംഗം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്തു നിന്നും വാർത്ത ബുളളറ്റിനിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് പ്രസംഗത്തിന്റെ ഒരു വീഡിയോ റെക്കോർഡിംഗ് തെളിവായി സ്വീകരിക്കുന്നത് ആദ്യമായി ഈ കേസിലാണെന്നാണ് ഓർമ്മ. കേസിൽ സാക്ഷിയായി വിസ്തരിക്കപ്പെടാൻ കോടതിയിൽ നിശ്ചിതദിവസം ഹാജരാകണമെന്ന് ദൂരദർശൻ ഡയറക്ടർ ജനറലിന് ഡൽഹിയിലേക്ക് സമൻസ് പോയി. അദ്ദേഹം എന്നെ വിളിച്ച് സമൻസ് എനിക്ക് അയയ്ക്കുന്നതായി അറിയിച്ചു. അദ്ദേഹത്തിന്റെ പ്രതിനിധിയായി കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചു. എന്നെ അതിന് അധികാരപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം കോടതിയിലേക്കും അതിന്റെ ഒരു കോപ്പി എനിക്കും അയച്ചു. നിശ്ചിതദിവസത്തിന്റെ തലേന്നു തന്നെ തിരുവനന്തപുരം കേന്ദ്രത്തിലെ സൂപ്രണ്ടിംഗ് എൻജിനീയറായിരുന്ന ആർ.രാമചന്ദ്രൻ ഉണ്ണിത്താനെയും കൂട്ടി എറണാകുളത്തെ നാവികസേനയുടെ കടാരിബാഗിലുളള ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ താമസിച്ചു. അന്ന് സതേൺ നേവൽ കമാൻഡിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ കമാൻഡർ പ്രദീപ് സിങ്ങ് ധൂപിയയായിരുന്നു. ആ നല്ല സുഹൃത്ത് ഞങ്ങൾക്ക് ഹൃദ്യമായ അത്താഴം നൽകി. അദ്ദേഹത്തിന്റെ മകൾ (അന്ന് ഒാടിക്കളിക്കുന്ന സുന്ദരിയായ കുട്ടി) നേഹ ധൂപിയ ഫെമിന മിസ് യൂണിവേഴ്‌സ് കിരീടം നേടി. ഹിന്ദി,പഞ്ചാബി, തെലുങ്ക്, മലയാളം സിനിമകളിൽ അഭിനയിച്ചു. ഞങ്ങൾ കേന്ദ്രഗവണ്മെന്റിന്റെ അഭിഭാഷകനായ സുഗുണപാലനെ കണ്ടു. ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണമെന്നും ഇല്ലെങ്കിൽ അപകടമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരിയ ഭയം തോന്നി, കേട്ടപ്പോൾ. പിറ്റേന്ന് 11 മണിക്കുതന്നെ വക്കീലിനോടൊപ്പം ഞാൻ കേരള ഹൈക്കോടതിയുടെ പഴയകെട്ടിടത്തിലെ കോടതി ഹാളിലെത്തി. മറ്റ് ഏതാനും കേസുകൾ കഴിഞ്ഞപ്പോഴാണ് ബാലകൃഷ്ണപിളളയുടെ കേസ് വിളിച്ചത്. സാക്ഷിവിസ്താരത്തിനായി കൂട്ടിൽ കയറി നിൽക്കാനും സത്യം മാത്രമേ പറയൂ എന്ന് പ്രതിജ്ഞ ചെയ്യാനും എന്നോടാവശ്യപ്പെട്ടു.
ആദ്യത്തെ ചോദ്യം ദൂരദർശൻ വാർത്തയിൽ പ്രസംഗം സംപ്രേഷണം ചെയ്തിരുന്നോ എന്നായിരുന്നു. ഞാൻ സമ്മതിച്ച് മറുപടി പറഞ്ഞപ്പോൾ എങ്ങനെയാണ് ദൂരദർശൻ വാർത്തകൾ തയ്യാറാക്കുന്നതെന്ന ചോദ്യം വന്നു. അതിന്റെ രീതികൾ ചുരുക്കിപ്പറഞ്ഞപ്പോൾ എവിടെ നിന്നാണീ വാർത്ത കിട്ടിയതെന്ന ചോദ്യമായി. മറ്റൊരു ജഡ്ജി ഞാൻ തിരുവനന്തപുരത്തെ മലയാളം വാർത്തയുടെ കാര്യമാണ് പറയുന്നതെന്നും നമ്മുടെ വിഷയം ഡൽഹിയിലെ കാര്യമാണ് എന്നും ചൂണ്ടിക്കാട്ടിയപ്പോൾ ചോദ്യം ചോദിച്ച ജഡ്ജി സാക്ഷിയാകാൻ എന്നെ അധികാരപ്പെടുത്തിയ കടലാസെടുത്തുകൊടുത്തു. രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്ത കാര്യം സംപ്രേഷണം ചെയ്തതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ നിരുപാധികം മാപ്പു ചോദിക്കുന്നു എന്ന് പറഞ്ഞു. അത് ഒരു അഫിഡവിറ്റായി ഫയൽ ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട് എന്നെ നിറഞ്ഞുകവിഞ്ഞ കോടതിയിൽ നിന്നിറങ്ങാൻ അനുവദിച്ചു. അങ്ങനെ ആദ്യത്തെ കോടതി കയറ്റം വളരെ ശുഭകരമായി പര്യവസാനിച്ചു. മൂന്ന് ജഡ്ജിമാരും വളരെ സൗമ്യമായാണ് ചോദ്യങ്ങൾ ചോദിച്ചത്. അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വാക്കുപോലും അവർ പറഞ്ഞില്ല.
അതുകഴിഞ്ഞ് പിന്നീട് ഹാജരാകേണ്ടി വന്നത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു. അതും കേസിനാസ്പദമായ സംഭവം നടന്ന് മൂന്ന് കൊല്ലത്തിന് ശേഷം 1984 ഒക്ടോബർ-നവംബർ മാസങ്ങളിൽ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി മദിരാശിയിൽ നിന്ന് വന്ന് താമസിച്ചിരുന്നു. കേന്ദ്രത്തിന്റെ കെട്ടിടങ്ങളുടെ പണി ഏതാണ്ട് അവസാനഘട്ടത്തിലെത്തിയിരുന്നു, പ്രധാനപ്പെട്ട സ്റ്റുഡിയോ ബ്ലോക്ക് ഒഴികെ. അക്കാലത്തെ സ്‌റ്റേഷൻ എൻജിനീയറായിരുന്ന പി.ആർ.ശങ്കരൻ നായരും ഞാനും ഒരുമിച്ചായിരുന്നു (ഞാൻ തൈക്കാട് ഗവണ്മെന്റ് അതിഥിമന്ദിരത്തിലായിരുന്നു താമസിച്ചിരുന്നത്.) ഓഫീസിലെത്തിയിരുന്നത്. ഒരു ദിവസം രാവിലെ ഓഫീസിലെത്തുമ്പോൾ, ഒരു ട്രക്ക് നിറയെ സാധനങ്ങൾ. അതിന് ചുറ്റും പല നിറങ്ങളിലുളള തലക്കെട്ടുകളുമായി ഒരാൾക്കൂട്ടം. അകലെ മാറി വിഷണ്ണരായി നിൽക്കുന്ന ഏതാനും എഞ്ചിനീയറിംഗ് ഓഫീസർമാർ! കോടിക്കണക്കിന് രൂപ വിലയുളള ഉപകരണങ്ങളാണ് ട്രക്കിൽ. പക്ഷേ, ഇറക്കണമെങ്കിൽ ചുരുങ്ങിയത് 50,000 രൂപ കൊടുക്കണം, വിവിധ ചുമട്ടുതൊഴിലാളി സംഘടനകളിലെ ആളുകളാണ് നിൽക്കുന്നത്. അന്ന് തിരുവനന്തപുരത്തെ റിലെ കേന്ദ്രം ഓഫീസിൽ അടിയന്തരാവശ്യങ്ങൾക്കായി ഉപയോഗിക്കാനനുവദിച്ച തുക വെറും ആയിരം ഉറുപ്പിക; ക്വട്ടേഷൻ വിളിച്ച് വാങ്ങാവുന്നത് 10,000 രൂപയുടെ പരിധിക്കുളളിൽ. പേരൂർക്കടയിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് സഹായമഭ്യർത്ഥിച്ചുവെങ്കിലും ഒരു മണിക്കൂറായി ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഉദ്യോഗസ്ഥർ ഞങ്ങളെ അറിയിച്ചു.
ഓഫീസിൽ കയറിയ ഉടനെ അക്കാലത്തെ ക്രമസമാധാനച്ചുമതലയുളള പൊലീസ് ഐ.ജി യശശ്ശരീരനായ ടി.വി.മധുസൂദനനെ ഫോണിൽ വിളിച്ചു. അദ്ദേഹത്തിന്റെ അനുജൻ അക്കാലത്ത് റെയിൽവേ ബോർഡിൽ ജോലി ചെയ്തിരുന്ന രാജഗോപാലന്റെ ഡൽഹി കഴ്‌സൺ റോഡിലെ ഫഌറ്റിലായിരുന്നു ഞാൻ രണ്ട് കൊല്ലം താമസിച്ചിരുന്നത്. തളിപ്പറമ്പ് തൃച്ചംബരത്തെ കുടുംബക്കാരെയെല്ലാം അറിയാം. മധുവേട്ടൻ തിരുവനന്തപുരത്ത് വന്നിട്ട് അദ്ദേഹത്തെ വിളിക്കാത്തതിന്റെ പരിഭവം ആദ്യം തീർത്തു! അതുകഴിഞ്ഞ് പത്ത് മിനുട്ടിനകം ഒരു വാൻ നിറയെ പൊലീസുകാരെത്തി ചുമടിറക്കുന്ന പ്രശ്‌നം പരിഹരിച്ചു.
പൊലീസ് ചുമട്ടുതൊഴിലാളികളുടെ പേരിൽ കേസ് ചാർജ്ജ് ചെയ്തു. മൂന്ന് കൊല്ലം കഴിഞ്ഞാണ് എനിക്ക് നെടുമങ്ങാട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സാക്ഷിയായി ഹാജരാകാൻ സമൻസ് കിട്ടുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ സൗമനസ്യമൊന്നും പ്രകടിപ്പിച്ചില്ല. വളരെ നേരം കോടതി വരാന്തയിൽ കാത്തിരിക്കേണ്ടിയും വന്നു. പക്ഷേ, ചുമട്ടുതൊഴിലാളികളുടെ വക്കീൽ പ്രഗത്ഭനായിരുന്നു. അദ്ദേഹത്തിന്റെ ഉച്ചത്തിലുളള ക്രോസ് വിസ്താരത്തിലെ ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി പറഞ്ഞു. ഒച്ചയുയർത്തി എന്നെ പേടിപ്പിക്കാൻ ശ്രമിക്കുന്നത് മജിസ്‌ട്രേറ്റ് നോക്കിയിരുന്നു! ഒടുവിൽ പ്രതികളെ തിരിച്ചറിയാൻ എന്നോടദ്ദേഹം ആവശ്യപ്പെട്ടു. ഒരു തവണമാത്രം ഏതാനും നിമിഷനേരത്തേക്ക് വിവിധനിറങ്ങളിലുളള തലയിൽക്കെട്ടുകളുമായി കണ്ടവരെ തിരിച്ചറിയാനുളള മാന്ത്രികശക്തി എനിക്കുണ്ടായിരുന്നില്ല! കോടതി പിരിഞ്ഞിറങ്ങുമ്പോൾ നോക്കുകൂലി ആവശ്യപ്പെട്ടവർ വിജിഗീഷുക്കളായി ആഹ്ലാദം പ്രകടിപ്പിക്കുകയും എന്റെ അവസാനത്തെ ഉത്തരത്തിന് നന്ദി പറയുകയും ചെയ്തു.