കേരളക്കരയിൽനിന്ന് അറേബ്യൻ മരുഭൂമികളിലേക്കും മരുഭൂ നഗരങ്ങളിലേക്കും ജോലിയാവശ്യാർത്ഥം കുടിയേറിയ പലതരത്തിലുമുള്ള പ്രതിഭകൾ ഏറെയാണ്. സാഹിത്യത്തിൽ, കലയിൽ, വരയിൽ, കാൽപന്തുകളിയിൽ... അങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. കൂട്ടത്തിൽ ഗൾഫെഴുത്ത് എന്ന ഒരു ശാഖതന്നെ ഇടക്കാലത്ത് രൂപപ്പെടുകയും പ്രവാസി എഴുത്തുകാരെന്ന വിശേഷണത്തോടെ വലിയൊരു വിഭാഗം മലയാളി എഴുത്തുകാർ ഉണ്ടാവുകയുംചെയ്തു. ആ ഗണത്തിൽനിന്നു തന്നെ ചുരുക്കം ചിലഎഴുത്തുകാർ ഇന്ത്യൻ സാഹിത്യത്തിന്റെ മുഖ്യധാരാ സങ്കേതത്തിൽ ലബ്ധപ്രതിഷ്ഠരാവുകയും ചെയ്തു.
ആരുടേയും പേര് സൂചിപ്പിക്കാതെത്തന്നെ അവരെ മലയാളി വായനക്കാർക്ക് തിരിച്ചറിയാനുമാവും. പ്രവാസത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളെയാണ് മിക്ക പ്രവാസി എഴുത്തുകാരും എഴുത്തിന് വിഷയമാക്കിയതും. ഇപ്പോഴും ആക്കിക്കൊണ്ടിരിക്കുന്നതും. എന്നാൽ അതിൽനിന്നും വ്യത്യസ്തനായ എഴുത്തിലെ ഒരു തുടക്കക്കാരനാണ് 'കത്തുന്നൊരു പച്ചമരം' എന്ന ചെറിയൊരു നോവലുമായി വായനക്കാർക്ക് മുമ്പിലെത്തുന്ന സാനു പള്ളിശ്ശേരി എന്ന ഏറനാട്ടുകാരനായ യുവ എഴുത്തുകാരൻ.
രണ്ടു വർഷംമുമ്പ് ദുബായിലിരുന്ന് സാനു എഴുതിയ പുസ്തകം സ്വന്തം നാടിന്റേയും നാട്ടുകാരുടേയും ചരിത്രംപറയുന്ന 'ഒരുദേശത്തിന്റെ ആത്മകഥ' എന്ന ചെറിയ ചരിത്ര പുസ്തകമായിരുന്നു. ഇപ്പോൾ തന്റെ രണ്ടാമത്തെ പുസ്തകമായി സാനുവിൽനിന്നും പുറത്തുവന്നത് 96 പേജിൽ ഒതുങ്ങുന്ന ഒരു ലഘുനോവലാണ്. അതും നാട്ടിൽതന്നെ അധികമാരും കൈവെക്കാത്ത മദ്രസാ അദ്ധ്യാപകരുടെ ജീവിതംപറയുന്ന ഒന്നാണുതാനും.
രണ്ടുവർഷം അബുദാബിയിൽ കഫ്തീരിയയിലും ഇപ്പോൾ അഞ്ചുവർഷമായി ദുബായ് ഭരണാധികാരിയുടെ സഅബീൽ പാലസിലുമാണ് സാനു ജോലിചെയ്യുന്നത്. എന്നിട്ടും സാനുവിന്റെ രണ്ടു പുസ്തകങ്ങളിലും പ്രവാസജീവിതം കടന്നു വന്നില്ല.
അതിനർത്ഥം പ്രവാസത്തിലും ചില എഴുത്തുകാരെയെങ്കിലും സദാ വേട്ടയാടിക്കൊണ്ടിരിക്കുകയും മഥിക്കുകയും ചെയ്യുക പിറന്ന നാടും നാട്ടുകാരും തന്നെയാവുമെന്നതാണ്. പക്ഷേ അത്തരക്കാർക്ക് എഴുതാനുള്ള പ്രചോദനം സമ്മാനിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുക പ്രവാസ ജീവിതവുമായിരിക്കും എന്ന സവിശേഷതയുമുണ്ടാവും.
സാനു പള്ളിശ്ശേരിയുടെ കത്തുന്നൊരു പച്ചമരം തന്റെ പ്രവാസജീവിതം തുടങ്ങുന്നതിനുംമുമ്പേ സാനുവിന്റെ മനസ്സിന്റെ താളുകളിൽ അദ്ദേഹം ഭാവനാത്മകമായി കുറിച്ചിട്ടിരുന്നു എന്ന് കരുതണം. താൻ കണ്ടതിൽ വെച്ചേറ്റവും ദുഷ്‌കരമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട സാത്വികനായ ഏതോ മദ്രസാ മൊയ്‌ലിയാരായിരിക്കാം (ചിലപ്പോൾ തന്റെതന്നെ ഗുരുനാഥൻമാരിൽ ഒരാളും) ഈ നോവലിലെ കേന്ദ്രകഥാപാത്രമായ
ബീരാനുസ്താദ്.
പൊതുവേ മദ്രസാ മുസ്ലിയാക്കൻമാർ എന്ന വിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങൾ പണ്ടുകാലം മുതൽക്കേ ദരിദ്രസമാനമാണ്. പ്രവാസം സമ്മാനിച്ച സാമ്പത്തിക ഉണർവ്വിന്റെയൊക്കെ ഫലമായി സമുദായം സാമ്പത്തികാഭിവൃദ്ധിയിൽ എത്തിയിട്ടും ഈ വിഭാഗത്തിന്റെ സ്ഥിതി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ദുരവസ്ഥയിൽതന്നെയാണ്. അതിന്റെ പ്രതിഫലനം നോവലിൽ ഉടനീളം കാണാം. മൂന്നു പെൺമക്കളുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിൽ ബീരാനുസ്താദിന് അനുഭവിക്കേണ്ടിവരുന്ന നിന്ദകൾ ഏറനാടൻ മുസ്‌ലിം ജീവിതത്തിന്റെ നേർക്കുപിടിച്ച കണ്ണാടി തന്നെയാണ്.
നിത്യചെലവിന് ഗതിയില്ലാതെ വന്ന സമയത്തും മകളുടെ വിവാഹമെന്ന എടുത്താൽ പൊന്താത്ത ഭാരംതലയിൽ വന്നപ്പോഴുമൊക്കെ സഹപ്രവർത്തകരോടോ മറ്റു പരിചയക്കാരോടോ ഒക്കെ കടം ചോദിക്കുക എന്ന ഒറ്റവഴിമാത്രം മനസ്സിൽ തെളിഞ്ഞപ്പോൾ ഉസ്താദ് അനുഭവിച്ച നിസ്സഹായതയും നിന്ദയും ഒക്കെ ആവിഷ്‌ക്കരിക്കുന്നിടത്ത് സാനുവിന്റെ ഭാഷയും ശൈലിയുമൊക്കെ ഒരു തുടക്കക്കാരൻ എന്ന നിലയിൽ നിന്ന് ഏറെ മുന്നോട്ടു പോകുന്നുണ്ട്.
'എന്താ ഉസ്താദേ പറയാനുണ്ടെന്ന് പറഞ്ഞത്.?' ഉസ്താദിന്റെ തൊണ്ട വരണ്ടു. വാക്കുകൾ മുറിഞ്ഞു. നെഞ്ചിടിപ്പ്കൂടി .ശരീരം വിറച്ചു. ഒടുവിൽ ഒരു കുറ്റവാളിയെപ്പോലെ മുഖം താഴ്ത്തി. സഹായത്തിനായി കബീർ മാഷിന്റെ മുമ്പിൽ കരഞ്ഞുനിൽക്കുന്ന ബീരാനുസ്താദ് തൂക്കാൻ വിധിക്കുന്ന ജഡ്ജിക്ക് മുന്നിലെന്ന പോലെ തല കുനിച്ചു നിന്നു.'
എഴുത്തിൽ പാലിക്കേണ്ട ലാളിത്യത്തോടൊപ്പം വായനക്കുവേണ്ട സ്വഭാവികമായ ഒഴുക്കും ഭാഷയുടെ സൗന്ദര്യവും ഒക്കെ ഈ വരികളിൽ പ്രകടമാവുന്നുണ്ട്. ദാരിദ്ര്യവും വിധിയുടെവിളയാട്ടവും പലപ്പോഴും അലങ്കോലമാക്കിയ ഉസ്താദിന്റെ ജീവിതം ദുരനുഭവങ്ങളുടെ തീച്ചൂളയിൽ കത്തുന്നൊരു പച്ചമരമായി ഒടുങ്ങിത്തീരുകയല്ല സംഭവിച്ചത്. മനസ്സിന്റെ നന്മയുടെ പ്രതിഫലനമെന്നോണം ആ ജീവിതത്തിന് നിലാവ് പൂക്കുന്ന പൂമരമായി പരിലസിക്കുന്നിടത്താണ് സാനു നോവലിന് ഫുൾസ്റ്റോപ്പിടുന്നത്.
അതിനുവഴിവെച്ച നന്മയുടേയും കാരുണ്യത്തിന്റേയും അവതാരമായി കബീർമാഷിനെപോലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകവഴി നോവലിസ്റ്റ് കഥയെ ഒരു പോസിറ്റീവ് മെസേജായിട്ടാണ് വായനക്ക് നൽകുന്നത്. അതുതന്നെയാണ് ഈ കൊച്ചു പുസ്തകത്തെ വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകവും. എഴുത്തിൽ ഇനിയും മുന്നേറാൻ പ്രവാസത്തിലിരുന്ന് പ്രതിഭാ ജീവിതം നയിക്കുന്ന സാനു പള്ളിശ്ശേരിക്കാവുമെന്നും ഈ കന്നി നോവൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കത്തുന്നൊരു പച്ചമരം
പേരക്ക ബുക്‌സ്, മലപ്പുറം.
വില: 120 രൂപ